ദുബായ്: 302.68 ടണ്‍ ഭാരമുള്ള എമിറേറ്റ്സ് വിമാനം വലിച്ച് നീക്കി ദുബായ് പൊലീസ് . ദുബായ് ഫിറ്റ്നെസ് ചലഞ്ചിന്റെ ഭാഗമായാണ് ദുബായ് പൊലീസ് കരുത്ത് പരീക്ഷിച്ചത്. ഇതോടെ ഹോങ്കോങ്ക് പൊലീസ് സ്ഥാപിച്ച ഗിന്നസ് റെക്കോര്‍ഡാണ് ദുബായ് പൊലീസ് തകര്‍ത്തത്. എയർബസ് എ380 വിമാനം 100 മീറ്ററാണ് ദുബായ് പൊലീസിലെ 56 കരുത്തര്‍ വലിച്ച് നീക്കിയത്.

218.56 ടൺ ഭാരമുള്ള വിമാനം 100 പേർ ചേർന്ന് വലിച്ചു നീക്കിയതായിരുന്നു ഇതിന് മുന്‍പുള്ള റെക്കോര്‍ഡ്. ദുബായ് പൊലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ അബ്ദുല്ല ഖാലിഫ അൽ മാരി ഗിന്നസ് വേൾഡ് റെക്കോർഡ്സ് ഡയറക്ടർ ഹുദ കസബിൽ നിന്നും പുതിയ റെക്കോർഡിന്റെ സർട്ടിഫിക്കറ്റ് കൈപ്പറ്റി.

പുതിയ ലോക റെക്കോർഡ് സ്ഥാപിക്കാൻ സഹായിച്ചവരെ മേജർ ജനറൽ അൽമാരി അഭിനന്ദിച്ചു. യുഎഇയുടെ സാംസ്കാരികവും ആരോഗ്യപരവുമായ കാര്യങ്ങൾ പ്രാധാന്യം നൽകുന്ന 30 ദിവസത്തെ ഫിറ്റ്നസ് ചലഞ്ച് പദ്ധതിയെ അദ്ദേഹം പ്രശംസിച്ചു. പൊതുജനങ്ങളുടെ മനസിൽ എപ്പോഴും പുതിയ നേട്ടം ഉണ്ടാകുമെന്നും അതിനൊപ്പം ഫിറ്റ്നസ് ചലഞ്ചും ഉണ്ടാകുമെന്നും മേജർ വ്യക്തമാക്കി. ഇത്തരം കാര്യങ്ങൾക്ക് ദുബായ് പൊലീസിന്റെ മുഴുവൻ പിന്തുണയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

