നോമ്പുതുറയുടെ നേരമടുക്കുമ്പോള്‍ ദുബായിലെ വീഥികളില്‍ വാഹനങ്ങളുടെ കുതിച്ചോട്ടമാണ്.

ദുബായ്: യാത്രക്കാര്‍ക്ക് ഇഫ്താര്‍ കിറ്റുകള്‍ വിതരണം ചെയ്ത് അപകട രഹിത റംസാന്‍ വിഭാവനം ചെയ്യുകയാണ് ദുബായി റോഡ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി. നോമ്പുതുറ സമയങ്ങളില്‍ ട്രാഫിക് സിഗ്നലുകളില്‍ എത്തിയാണ് ഇഫ്താര്‍ പൊതികള്‍ വിതരണം ചെയ്യുന്നത്.

നോമ്പുതുറയുടെ നേരമടുക്കുമ്പോള്‍ ദുബായിലെ വീഥികളില്‍ വാഹനങ്ങളുടെ കുതിച്ചോട്ടമാണ്. റംസാന്‍ കാലങ്ങളില്‍ അപകടങ്ങളുണ്ടാകുന്നതും ഈ സമയങ്ങളില്‍ തന്നെ. അപകടരഹിത റംസാന്‍ എന്ന ഉദ്ദേശത്തോടു കൂടിയാണ് ദുബായി ആര്‍ടിഎ ഇഫ്താര്‍ പൊതികളുമായി റോഡിലിറങ്ങിയത്. നോമ്പു തുറയ്‌ക്ക് ആവശ്യമായ എല്ലാ വിഭവങ്ങളും ഈ പൊതിയിലുണ്ട്. നഗരത്തിലെ പ്രധാന റോഡുകളിലെ സിഗ്നലുകളില്‍ കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരില്‍ ആര്‍.ടി.എ ഉദ്യോഗസ്ഥരും വൊളന്റിയര്‍മാരും കുട്ടികളുമുണണ്ട്.

ബസുകളിലും ടാക്‌സികളിലും യാത്രചെയ്യുന്നവര്‍ക്ക് ഭക്ഷണപൊതി നല്‍കുന്നതോടൊപ്പം വേഗം കുറച്ച് വാഹനമോടിക്കാനുള്ള സന്ദേശവും നല്‍കും. നോമ്പ് തുറക്കാനായി അമിത വേഗത്തില്‍ പോകുന്നത് ഒഴിവാക്കാനാണ് റമദാന്‍ അമാന്‍ എന്ന പേരില്‍ ഇഫ്താര്‍ വിഭവങ്ങളുമായി ആര്‍ടിഎ ജനമധ്യത്തിലെത്തിയത്. മീല്‍സ് ഓണ്‍ ദ് വീല്‍സ് എന്ന പേരില്‍ മെട്രോ, ബസ് സ്റ്റേഷനുകളിലും അയ്യായിരം ഭക്ഷണപ്പൊതികളും വിതരണം ചെയ്യുന്നുണ്ട്. റമസാന്‍ മീര്‍, ഈദ് ജോയ് തുടങ്ങി ഒട്ടേറെ കാരുണ്യപ്രവര്‍ത്തനങ്ങളും ആര്‍ടിഎ ചെയ്തുവരുന്നു.