രാഷ്ട്രപിതാവിനോടുള്ള ആദര സൂചകമായി 2018നെ ശൈഖ് സായിദിന്റെ വര്‍ഷമായാണ് യുഎഇ ആചരിക്കുന്നത്.

ദുബായ്: രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‍യാനോടുള്ള ദുബായുടെ ആദരവിന് ലോക റെക്കോര്‍ഡ്. ശൈഖ് സായിദിന്റെ ചിത്രം ആലേഖനം ചെയ്ത് ദുബായ് മള്‍ട്ടി സിറ്റി കമ്മോഡിറ്റീസ് സെന്ററില്‍ തയ്യാറാക്കിയ ജിഗ്സോ പസിലിനാണ് ഗിന്നസ് പുരസ്കാരം ലഭിച്ചത്. ലോകത്തിലെ ഏറ്റവും വലിയ ജിഗ്‍സോ പസിലാണ് ഇതെന്ന് ഗിന്നസ് അധികൃതര്‍ സാക്ഷ്യപ്പെടുത്തി.

രാഷ്ട്രപിതാവിനോടുള്ള ആദര സൂചകമായി 2018നെ ശൈഖ് സായിദിന്റെ വര്‍ഷമായാണ് യുഎഇ ആചരിക്കുന്നത്. 6000 ചതുരശ്ര മീറ്ററില്‍ 12,000 ചെറിയ കഷണങ്ങള്‍ ഉപയോഗിച്ചാണ് ദുബായ് മള്‍ട്ടി കമ്മോഡിറ്റീസ് സെന്ററിന്റെ അപ്ടൗണ്‍ ദുബായ് ഡിസ്ട്രിക്റ്റില്‍ ജിഗ്സോ തയ്യാറാക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ഗിന്നസ് അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ച് പുരസ്കാരം സമ്മാനിച്ചത്. ഡിഎംസിസി എക്സിക്യൂട്ടീവ് ചെയര്‍മാന്‍ അഹമ്മദ് ബിന്‍ സുലൈം പുരസ്കാരം ഏറ്റുവാങ്ങി.