കൂടിക്കാഴ്ചയ്ക്ക് ശേഷം താന്‍ ഒരു സമ്മാനം തരാമെന്ന് പറഞ്ഞ സൂപ്പര്‍വൈസര്‍ യുവതിയോട് കണ്ണടയ്ക്കാന്‍ ആവശ്യപ്പെട്ടു


ദുബായ്: ജീവനക്കാരിയോട് സ്നേഹം പ്രകടിപ്പിക്കാന്‍ സര്‍പ്രൈസായി ഉമ്മ നല്‍കിയ സൂപ്പര്‍വൈസര്‍ക്കെതിരെ ദുബായ് പൊലീസ് കേസെടുത്തു. 24 കാരിയായ ഫിലിപ്പിനോ യുവതിയാണ് തന്റെ നാട്ടുകാരന്‍ കൂടിയായ 33 വയസുകാരന്‍ സൂപ്പര്‍വൈസര്‍ക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്.

കഴിഞ്ഞ ഡിസംബറില്‍ ദുബായ് മെട്രോ സ്റ്റേഷനില്‍ വെച്ച് ഒരു ഉപഭോക്താവിനെ കാണാനായി പോയ സമയത്താണ് സംഭവം നടന്നത്. കൂടിക്കാഴ്ചയ്ക്ക് ശേഷം താന്‍ ഒരു സമ്മാനം തരാമെന്ന് പറഞ്ഞ സൂപ്പര്‍വൈസര്‍ യുവതിയോട് കണ്ണടയ്ക്കാന്‍ ആവശ്യപ്പെട്ടു. കണ്ണടച്ച് കൈയ്യും നീട്ടി നില്‍ക്കുകയായിരുന്ന യുവതിക്ക് മേയ്ക്കപ്പ് ചെയ്യുന്നതിനുള്ള ഒരു ഉപകരണം സമ്മാനിച്ചു. ഇത് സ്വീകരിച്ച് നന്ദി പറഞ്ഞപ്പോള്‍ ഒരു സമ്മാനം കൂടിയുണ്ടെന്ന് പറഞ്ഞ് വീണ്ടും കണ്ണടയ്ക്കാന്‍ ആവശ്യപ്പെട്ടു. രണ്ടാമതും കണ്ണടച്ചതോടെ യുവതിയുടെ ചുണ്ടുകളില്‍ ചുംബിക്കുകയായിരുന്നു. 

ക്ഷുഭിതയായ യുവതി, സൂപ്പര്‍വൈസറെ തള്ളി മാറ്റുകയും അടിക്കുകയും ചെയ്തു. എന്നാല്‍ പിന്നാലെ ചെന്ന് സൂപ്പര്‍വൈസര്‍ മാപ്പു പറയുകയും താന്‍ സ്നേഹം പ്രകടിപ്പിക്കുക മാത്രമാണ് ചെയ്തതെന്ന് പറയുകയും ചെയ്തെങ്കിലും യുവതി വഴങ്ങിയില്ല. പിന്നീട് പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്തു. കഴിഞ്ഞ ദിവസം ദുബായ് ഫസ്റ്റ് ഇന്‍സ്റ്റ്സ് കോടതിയില്‍ ഹാജരായപ്പോള്‍ കേസ് ഒത്തുതീര്‍പ്പാക്കിയെന്നും സംഭവത്തില്‍ പരാതി പിന്‍വലിക്കാമെന്ന് പറഞ്ഞ് യുവതി തനിക്ക് അയച്ച ഇ-മെയിലുകള്‍ കമ്പനിയുടെ സെര്‍വറിലുണ്ടെന്നും ഇയാള്‍ അവകാശപ്പെട്ടു.

കുറ്റം സമ്മതിക്കുകകൂടി ചെയ്തതോടെ നടപടിയുമായി മുന്നോട്ട് പോകാനാണ് കോടതിയുടെയും പ്രോസിക്യൂഷന്റെയും തീരുമാനം. പ്രതിയോട് ഒരു അഭിഭാഷകന്റെ സേവനം തേടാന്‍ ആവശ്യപ്പെട്ട കോടതി, ഇതിന് സാവകാശം നല്‍കിക്കൊണ്ട് കേസ് മാര്‍ച്ച് 21ലേക്ക് മാറ്റി.