ദുബായിക്കൊപ്പം ദുബായി ടാക്‌സികളും സ്മാര്‍ട്ടാവുന്നു. ഇനി മുതല്‍ ടാക്‌സി കാറുകളില്‍ സൗജന്യ വൈഫൈയും എല്‍ഇഡി ടച്ച് സ്ക്രീനുമുണ്ടാവും. അടുത്തമാസം മുതല്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഇവ നടപ്പിലാക്കിതുടങ്ങുമെന്ന് ദുബായി ടാക്‌സി സിഇഒ യൂസഫ് മുഹമ്മദ് അല്‍ അലി പറഞ്ഞു. സ്മാര്‍ട് ദുബായി പദ്ധതിയുടെ ഭാഗമായാണ് ടാക്‌സികളില്‍ പുതിയ സംവിധാനങ്ങള്‍ ഉള്‍പ്പെടുത്തുന്നത്. കാറുകളില്‍ എല്‍ഇഡി സ്ക്രീനുകളും വൈഫൈ റൂട്ടറുകളും ഇതിനകം സ്ഥാപിച്ചുതുടങ്ങി. ആര്‍ടിഎയുടെ വിവിധ പദ്ധതികളെ കുറിച്ചും സേവനങ്ങളെകുറിച്ചും വിശദീകരിക്കുന്ന പരസ്യങ്ങള്‍ ടാക്‌സികളില്‍ സ്ഥാപിക്കുന്ന ടച്ച്സ്ക്രീനില്‍ ഉണ്ടാവും.
ടച്ച് സ്ക്രീനുകള്‍ ഉപയോഗിച്ച് ടാക്‌സി നിരക്കുകള്‍ മുന്‍കൂട്ടി കണക്കാക്കാനും യാത്രകാര്‍ക്കു സാധിക്കും. ഇതിനു പുറമെ ദുബായിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളെപറ്റിയും ഈ സക്രീനിലൂടെ അറിയാന്‍ കഴിയും. പുതിയ പദ്ധതി ദുബായിയുടെ വിനോദസഞ്ചാര മുഖം തന്നെ മാറ്റിമറിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി യൂസഫ് മുഹമ്മദ് വ്യക്തമാക്കി. എക്‌സ്‌പോ 2020ക്ക് മുമ്പേ ടാക്‌സി മേഖലയില്‍ കൂടുതല്‍ നവീന ആശങ്ങള്‍ അവതരിപ്പിക്കുമെന്നും ആര്‍ടിഎ അറിയിച്ചു.
