ദുബായ്: എല്ലാ ട്രക്കുകളിലും നിരീക്ഷണ സംവിധാനം ഘടിപ്പിക്കുന്നു. ദുബായ് റോഡ്സ് ആന്‍റ് ട്രാന്‍സ്പോര്‍ട്ട് അഥോറിറ്റിയാണ് പുതിയ സംവിധാനം
നടപ്പിലാക്കുന്നത്. ഘട്ടംഘട്ടമായാണ് പദ്ധതി നടപ്പിലാക്കുകയെന്ന് ആര്‍.ടി.എയുടെ മോണിറ്ററിംഗ് ആന്‍റ് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടര്‍ മുഹമ്മദ്
നബ്ഹാന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ഇരുപത് വര്‍ഷത്തിന് മുകളിലുള്ള ട്രക്കുകള്‍ക്ക് ഓഗസ്റ്റ് മുതല്‍ വെഹിക്കിള്‍ സേഫ്റ്റി സര്‍വീസ് സംവിധാനം ഘടിപ്പിക്കണമെന്നാണ് ദുബായ് റോഡ്സ്
ആന്‍റ് ട്രാന്‍സ്പോര്‍ട്ട് അഥോറിറ്റി നിഷ്കര്‍ഷിച്ചിരിക്കുന്നത്. വാഹനത്തിന്‍റെ വേഗതയും സഞ്ചരിക്കുന്ന പാതയുമെല്ലാം ഈ സംവിധാനത്തിലൂടെ കൃത്യമായി നിരീക്ഷിക്കാനാവും. പെട്ടെന്ന് ബ്രേക്ക് പിടിക്കല്‍, നാല് മണിക്കൂറില്‍ അധികം തുടര്‍ച്ചയായി വാഹനമോടിക്കല്‍ തുടങ്ങിയവയെല്ലാം അധികൃതര്‍ക്ക് മനസിലാക്കാം.
ആര്‍.ടി.എയുടെ സ്മാര്‍ട്ട് മോണിറ്ററിംഗ് സെന്‍ററില്‍ ഇരുന്ന് ഓരോ വാഹനത്തേയും നിരീക്ഷിക്കാനുള്ള സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. നിലവില്‍ 270 ലധികം ട്രക്കുകള്‍ക്ക് ഈ സംവിധാനം ഘടിപ്പിച്ചു കഴിഞ്ഞു. ഘട്ടംഘട്ടമായി ദുബായിലെ എല്ലാ ട്രക്കുകളിലും ഈ സംവിധാനം നടപ്പിലാക്കുമെന്ന് ആര്‍.ടി.എയുടെ മോണിറ്ററിംഗ് ആന്‍റ് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടര്‍ മുഹമ്മദ് നബ്ഹാന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
വെഹിക്കില്‍ സേഫ്റ്റി സര്‍വീസ് സിസ്റ്റം ഘടിപ്പിച്ച ട്രക്കില്‍ ഡ്രൈവര്‍ കയറുമ്പോള്‍ തന്നെ കാര്‍ഡ് പഞ്ച് ചെയ്യണം. ഇതുവഴി ഏത് ഡ്രൈവറാണ്
വാഹനം ഓടിക്കുന്നതെന്ന് ആര്‍.ടി.എയുടെ സ്മാര്‍ട്ട് മോണിറ്ററിംഗ് സെന്‍ററില്‍ ഇരുന്ന് കൃത്യമായി മനസിലാക്കാനാവും. വാഹനം ട്രാഫിക് നിയമലംഘനം
നടത്തിയാല്‍ സെന്‍ററില്‍ ഇരുന്ന് തന്നെ പിഴ ചുമത്താനുമാവും.
ദുബായ് കൂടുതല്‍ സ്മാര്‍ട്ട് ആകുന്നതിന്‍റെ ഭാഗമായാണ് പുതിയ സംവിധാനം ട്രക്കുകളില്‍ ഏര്‍പ്പെടുത്തുന്നത്. ഈ സംവിധാനം എല്ലാ ട്രക്കുകളിലും
വരുന്നതോടെ സുരക്ഷ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ കഴിയുമെന്ന് ആര്‍.ടി.എ അധികൃതര്‍ വ്യക്തമാക്കുന്നു.
