മുടി മുറിച്ചതിന്റെ പേരിൽ‌ ആരും ആത്മഹത്യ ചെയ്തിട്ടില്ല എന്ന് പറയുന്നത് കണ്ടു. ശരിയാണ്, പക്ഷേ കാൻസർ വന്ന് മുടി പോയതിന്റെ പേരിൽ മാനസ്സിക സമ്മർദ്ദത്തിലേക്ക് പോയ നിരവധി പേരെ എനിക്കറിയാം. അങ്ങനയുളളവരില്ല എന്ന് നിങ്ങൾക്ക് എങ്ങനെ പറയാൻ സാധിക്കും? 

ലോക കാൻസർ ദിനത്തിൽ ഡബ്ബിം​ഗ് ആർട്ടിസ്റ്റ് ഭാ​ഗ്യലക്ഷ്മി മുടി മുറിച്ച് നൽകിയത് സോഷ്യൽ മീഡിയ ഉൾപ്പെടെയുള്ള മാധ്യമങ്ങൾ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചിരുന്നു. മുടി മുറിക്കുന്നതിന്റെ വീഡിയോയും ഭാ​ഗ്യലക്ഷ്മി പോസ്റ്റ് ചെയ്തിരുന്നു. അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പ്രതികരണങ്ങളാണ് ഈ വാർത്തയ്ക്ക് താഴെ കമന്റുകളായി എത്തിയത്. അനുകൂലിച്ചവരേക്കാൾ കൂടുതൽ വിമർശന കമന്റുകളും പരിഹാസ കമന്റുകളുമായിരുന്നു. ഇതിനെതിരെ ലൈവ് വീഡിയോയിലൂടെ ഭാ​ഗ്യലക്ഷ്മി പ്രതികരിച്ചിരുന്നു.

ഇത്തരം പരിഹാസ വിമർശനങ്ങൾ ഉന്നയിക്കുന്നവർക്കതിരെ വളരെ രൂക്ഷമായ ഭാ‌ഷയിൽ തന്നെ ഭാ​ഗ്യലക്ഷ്മി വീഡിയോയിലൂടെ പ്രതികരിക്കുന്നുണ്ട്. ഞാൻ പൂർണ്ണമനസ്സോടെ ചെയ്ത ഒരു കാര്യത്തെ നിങ്ങൾ നിങ്ങളുടേതായി ഭാഷയിൽ പരിഹസിച്ച് ചിന്തിച്ചെങ്കിൽ അത് നിങ്ങളുടെ കുഴപ്പമാണ്. എന്റെയല്ല. ഞാൻ തെറ്റൊന്നും ചെയ്തതായി എനിക്ക് തോന്നുന്നില്ല. എന്ന് പറഞ്ഞാണ് ഭാ​ഗ്യലക്ഷ്മി വീഡിയോ അവസാനിപ്പിക്കുന്നത്.

ഭാ​ഗ്യലക്ഷ്മിയുടെ വീഡിയോയിലെ പ്രധാന ഭാ​ഗങ്ങൾ 

''ചില കാര്യങ്ങളെക്കുറിച്ച് നമ്മൾ ചിലപ്പോൾ സമൂഹത്തോട് പറയേണ്ടതുണ്ട്. അവർ പറയുന്ന കാര്യങ്ങൾ ആലോചിച്ച് പറയണം എന്ന് പറയണം. ചിലപ്പോൾ അവരുടെ വിവരക്കേട് കൊണ്ടായിരിക്കാം അങ്ങനെ പറയുന്നത്. വിവരക്കേടാണെങ്കിൽ ഈ വീഡിയോ അവർക്ക് മനസ്സിലാകും. ജന്മനാ അങ്ങനെയാണെങ്കിൽ‌ പറഞ്ഞിട്ട് കാര്യമില്ല. ഇന്നലെ ഞാൻ മുടി മുറിച്ചതിനെക്കുറിച്ച് പലരും പലതും പറയുന്നത് ഞാൻ കേട്ടു. പരിഹസിക്കുന്നതും വിമർശിക്കുന്നതും കണ്ടു. വിമർശനം ഉൾക്കൊള്ളാം. എന്നാൽ പരിഹാസം ഒരു തരം രോ​ഗമാണ്. 

ഞാനിന്നലെ മുടി മുറിച്ചതിനെപ്പറ്റി വന്ന വാർത്തയ്ക്ക് താഴെ വന്ന ധാരാളം കമന്റുകൾ. മുടി മുറിച്ചതിന്റെ പേരിൽ‌ ആരും ആത്മഹത്യ ചെയ്തിട്ടില്ല എന്ന് പറയുന്നത് കണ്ടു. ശരിയാണ്, പക്ഷേ കാൻസർ വന്ന് മുടി പോയതിന്റെ പേരിൽ മാനസ്സിക സമ്മർദ്ദത്തിലേക്ക് പോയ നിരവധി പേരെ എനിക്കറിയാം. അങ്ങനയുളളവരില്ല എന്ന് നിങ്ങൾക്ക് എങ്ങനെ പറയാൻ സാധിക്കും? നിങ്ങളും ഞാനും മറ്റുള്ളവരും കാണുന്നവരെല്ലാം ചേർന്നതല്ലേ ഈ സമൂഹം. എത്രയോ സ്ത്രീകൾ കീമോയ്ക്ക് ശേഷം വി​ഗ്​ വച്ചിട്ടുണ്ട്? നിങ്ങൾക്ക് തോന്നുന്നത് എനിക്ക് തോന്നണം എന്ന് പറയുന്നത് ശരിയാണോ? 

അവനവന് തോന്നുന്ന നന്മകൾ അവരവർ ചെയ്യട്ടെ. എന്തിനാണ് നിങ്ങളതിനെ പരിഹസിക്കുന്നത്? പണം കൊടുക്കുന്നത് കൊണ്ട് മുടി കൊടുത്തുകൂടാ എന്നൊന്നുണ്ടോ? ഹനാനെയും തെരുവോരം മുരുകനെയും ചിറ്റിലപ്പള്ളിയെയും നിങ്ങൾ വിമർശിക്കും. എന്താണ് നിങ്ങളുടെ പ്രശ്നം? പബ്ലിസിറ്റിയ്ക്ക് വേണ്ടിയാണ് ഇത് ചെയ്തതെന്ന് നിങ്ങൾ പറയും. എങ്കിൽ നിങ്ങൾക്കും ഇങ്ങനെ ചെയ്തുകൂടെ? ഫാഷന് വേണ്ടിയാണെങ്കിൽ എനിക്കൊരു ബ്യൂട്ടി പാർലറിൽ പോയി മുടി ഭം​ഗിയായി വെട്ടിയിട്ടാൽ മതി. ഞാനത് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്താലും എനിക്ക് പബ്ലിസിറ്റി കിട്ടും. അങ്ങനെ ചെയ്താലും നിങ്ങൾ എന്നെ കുറ്റം പറയും. 

ഇങ്ങനെ പരിഹസിക്കുന്നവർക്ക് ഒരു രോ​ഗമാണ്. അതിനെ അസൂയയെന്നോ കുശുമ്പെന്നോ ഒക്കെ വിശേഷിപ്പിക്കാം. ഇത്തരം രോ​ഗവുമായി ജീവിക്കുന്നവർ ജീവിതകാലം മുഴുവൻ ഒരു നെ​ഗറ്റീവ് പേഴ്സൺ ആയിട്ടായിരിക്കും ജീവിക്കുക. നിങ്ങളെക്കുറിച്ച് ഒന്നും പറയാനില്ല. നിങ്ങൾ കുറ്റങ്ങൾ മാത്രം കണ്ടുപിടിക്കുന്നവരാണ്. നിങ്ങളുടെ വ്യക്തിജീവിതത്തിലും പ്രൊഫഷണൽ ജീവിതത്തിലും നിങ്ങൾക്ക് വിജയിക്കാൻ സാധിക്കില്ല. മൊട്ടയടിക്കാൻ വേണ്ടിയാണ് ഞാനവിടെ ചെന്നത്. അവിടെ അതിനുള്ള സംവിധാനം ഇല്ലായിരുന്നു. ചിലപ്പോൾ ഇനി ഞാൻ മൊട്ടയടിക്കുകയോ ബോയ്കട്ട് ചെയ്യുകയോ ചെയ്തു എന്ന് വരാം. ചിലപ്പോൾ കണ്ണോ കിഡ്നിയോ ദാനം ചെയ്തെന്നും വരാം. കാരണം എനിക്കാരോടും ഒന്നും ചോദിക്കാനില്ല. അവയവദാനം വഴി എനിക്കൊരു മനുഷ്യനെ സഹായിക്കാൻ സാധിച്ചാൽ ഞാനതും ചെയ്യും, പണത്തേക്കാൾ വലുതാണത്. എനിക്കാരോടും അഭിപ്രായം ചോദിക്കേണ്ട കാര്യമില്ല. ആരുടെയും സർട്ടിഫിക്കറ്റിന്റെയും ആവശ്യമില്ല.

അമ്പലങ്ങളിൽ മൊട്ടയടിക്കുന്നത് എന്തിനാണെന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? ഒരു മനുഷ്യന്റെ ഏറ്റവും വലിയ അഹങ്കാരമാണ് മുടി. അത് ഭർത്താവിന് വേണ്ടി, മക്കൾക്ക് വേണ്ടി ത്യാ​ഗം ചെയ്ത് ഭ​ഗവാന് സമർപ്പിക്കുന്നുവെന്നാണ് വിശ്വാസം. സൗന്ദര്യം എന്നെ സംബന്ധിച്ച് ഒന്നുമല്ല എന്ന് ഭ​ഗവാന് മുന്നിൽ‌ സാഷ്ടാം​ഗം സമർപ്പിക്കുന്നതിന് തുല്യമാണ് മുടി മുറിക്കുന്നത്. ഞാനങ്ങനെയാണ് കേട്ടിട്ടുള്ളത്. അത്തരം കാര്യങ്ങളെക്കുറിച്ച്, അതിന്റെ മഹത്വത്തെക്കുറിച്ച് അറിയാതെ വിമർശിക്കുന്നത് ശരിയല്ല. 

അന്നൊരിക്കൽ തെരുവോരം മുരുകന്റെ ഒപ്പം തെരുവിലെ ആളുകളുടെ മുടി മുറിക്കാൻ പോയപ്പോൾ അന്നും നിങ്ങൾ പറഞ്ഞു, ഞാൻ പബ്ലിസിറ്റിയ്ക്ക് വേണ്ടിയാണ് ചെയ്തതെന്ന്. എങ്കിൽ നിങ്ങൾ ചെയ്തു കാണിക്കൂ. അത് ചെയ്യുന്നില്ലല്ലോ. ഒരു സ്ത്രീയ്ക്ക് വേണ്ടി മാധ്യമങ്ങൾക്ക് മുന്നിൽ വന്നപ്പോഴും നിങ്ങൾ പറഞ്ഞു അതും ഞാൻ പബ്ലിസിറ്റിയ്ക്ക് വേണ്ടിയാണ് ചെയ്യുന്നതെന്ന്. നിങ്ങളുടെ ആയുധമാണ് ഈ സോഷ്യൽ മീഡിയ. അതുപയോ​ഗിച്ചാണ് നിങ്ങൾ മറ്റുള്ളവരെ വിമർശിക്കുന്നത്. അതാർക്കും പറ്റും. അതിൽ വലിയ കാര്യമൊന്നുമില്ല.

എനിക്ക് സന്തോഷം നൽകുന്ന കാര്യങ്ങൾ ഞാനിനിയും ചെയ്തെന്നിരിക്കും. അതിൽ എന്നെ വിമർശിക്കുകയോ പരിഹസിക്കുകയോ ആകാം. ഒരുപാട് നാളായി പറയണമെന്ന് വിചാരിച്ചിരുന്ന കാര്യമാണിത്. കുറച്ചു പേരെങ്കിലും ഇത് മനസ്സിലാക്കിയാൽ നല്ലതാണ്. ഒരുപാട് നന്മകൾ ചെയ്യാൻ ബാക്കിയുണ്ട്. വെറുതെയിരുന്ന് മറ്റുള്ളവരെ പരിഹസിക്കുമ്പോൾ, വിമർശിക്കുമ്പോൾ എന്ത് ആനന്ദമാണ് നിങ്ങൾക്ക് ലഭിക്കുന്നത്? ഞാൻ പൂർണ്ണമനസ്സോടെ ചെയ്ത ഒരു കാര്യത്തെ നിങ്ങൾ നിങ്ങളുടേതായി ചിന്തിച്ചെങ്കിൽ അത് നിങ്ങളുടെ കുഴപ്പമാണ്. എന്റെയല്ല. ഞാൻ തെറ്റൊന്നും ചെയ്തതായി എനിക്ക് തോന്നുന്നില്ല.''