ഇരുപത്തിമൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു സോഷ്യൽ മീഡിയ സന്ദേശങ്ങൾ വിശ്വസിക്കരുതെന്ന് ആഭ്യന്തരമന്ത്രി
മഹാരാഷ്ട്ര: മഹാരാഷ്ട്രയിലെ ദൂലെ ജില്ലയിൽ അഞ്ച് പേരെ ആൾക്കൂട്ടം മർദ്ദിച്ചു കൊലപ്പെടുത്തിയ കേസിൽ ഇരുപത്തിമൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഭരത് ശങ്കർ ബോസ്ലെ, സഹോദരൻ ദാദാറാവു ശങ്കർ ബോസ്ലെ, രാജു ബോസ്ലെ, ഭരത് മാൽവെ, അനഗു ഇങ്കോളെ എന്നിവരെയാണ് കുട്ടികളെ തട്ടിക്കൊണ്ടു പോകാനെത്തിയവെരന്ന് സംശയിച്ച് ആൾക്കൂട്ടം കൊലപ്പെടുത്തിയത്. നാടോടികളായ ഗോത്രവംശജരായിരുന്നു ഇവർ.
റെയിൻപാഡ ഗ്രാമത്തിൽ നിന്നാണ് ഇവർ ദൂലെയിലെത്തിയത്. മാർക്കറ്റിൽ വച്ച് ഇവരിലൊരാൾ പെൺകുട്ടിയോട് സംസാരിക്കാൻശ്രമിച്ചിരുന്നു. ഇത് കണ്ടപ്പോഴാണ് കുട്ടികളെ തട്ടിക്കൊണ്ടു പോകാൻ വന്നവരെന്ന് സംശയിച്ച് ആൾക്കൂട്ടം വളഞ്ഞത്. കല്ലും വടിയും ചെരിപ്പും ഉപയോഗിച്ച് നിർദ്ദയം തല്ലിക്കൊല്ലുകയായിരുന്നു. ക്രൂരമർദ്ദനത്തിനിരയായ ഇവരെ ആശുപത്രിയിലെത്തിക്കാൻ ആൾക്കൂട്ടം വിസമ്മതിച്ചു. ഇവർ അഞ്ചു പേരും സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു. പ്രതികളെ കണ്ടുപിടിച്ച് കർശന നടപടികൾ സ്വീകരിക്കുന്നത് വരെ മൃതദേഹം സ്വീകരിക്കാൻ അവർ തയ്യാറായില്ല. സർക്കാർ ഇതുവര ഈ സംഭവത്തിൽ ഇടപെട്ടില്ല എന്നിവർ ആരോപിക്കുന്നു. മരിച്ചവർക്ക് നീതി ലഭ്യമാകണം എന്നാണ് ഗ്രാമവാസികളുടെ ആവശ്യം.
ആഭ്യന്തരമന്ത്രി ദീപക് കേസർക്കാർ സംഭവത്തിൽ നീതി നടപ്പാക്കുമെന്ന് കർശനമായി പ്രഖ്യാപിച്ചിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ അദ്ദേഹം റെയിൻപാഡ ഗ്രാമം സന്ദർശിച്ചിരുന്നു. സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്ന സന്ദേശങ്ങൾ ആരും വിശ്വസിക്കരുത്. നിയമം കൈയിലെടുക്കാൻ ആർക്കും അവകാശമില്ലെന്നും കേസർക്കാർ പറഞ്ഞു.
