കേരളം നേരിടുന്ന മഹാ പ്രളയത്തിന് ദേശീയമാധ്യമങ്ങള്‍ ശ്രദ്ധ നല്‍കണമെന്ന് ദുല്‍ഖര്‍ സല്‍മാന്‍
കൊച്ചി: കേരളം പ്രളയക്കെടുതി നേരിടുമ്പോള്‍ സംസ്ഥാനത്തോട് മുഖം തിരിക്കുന്ന ദേശീയ മാധ്യമങ്ങളോട് ദുല്‍ഖര്‍ സല്‍മാന്‍റെ അഭ്യര്‍ത്ഥന. കേരളം നേരിടുന്ന മഹാ പ്രളയത്തിന് ദേശീയമാധ്യമങ്ങള്‍ ശ്രദ്ധ നല്‍കണമെന്ന് ആണ് ദുല്‍ഖര്‍ ആവശ്യപ്പെട്ടത്. ഒരോ ദിവസവും ലക്ഷക്കണക്കിന് ആളുകള്‍ക്ക് ഭീഷണിയാവുകയാണ് പ്രളയമെന്നും ദുല്‍ഖര്‍ കുറിച്ചു.
കേരളം ഇതുവരെ നേരിട്ടിട്ടില്ലാത്ത അത്രയും വലിയ ദുരന്തം ഏറ്റുവാങ്ങുമ്പോള്‍ സംസ്ഥാനത്തെ ദുരന്താവസ്ഥ രാജ്യത്തിന്‍റെ ശ്രദ്ധയിലെത്തിക്കാന്‍ ദേശീയ മാധ്യമങ്ങള്‍ ഇതുവരെയും തയ്യാറായിട്ടില്ല. ഇതുവരെ മൂന്ന് ലക്ഷത്തോളം ആളുകള്‍ ദുരിതാശ്വാസ ക്യാമ്പില്‍ അഭയം തേടി. നിരവധി പേര്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്തിപ്പെടാന്‍പോലുമാകാത്ത ഇടങ്ങളില്‍ കുടുങ്ങികിടക്കുകയാണ്.
ഇത്രയും അതീവ ഗുരുതരമായ പ്രതിസന്ധിയിലൂടെ കേരളം മുന്നോട്ട് പോകുമ്പോഴും സംസ്ഥാനത്തിന് ദേശീയ ശ്രദ്ധ ലഭിക്കുന്നില്ലെന്ന് ആക്ഷേപം ഉയരുന്നുണ്ട്. പ്രളയത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് വിഎസ് അച്യുതാനന്ദനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമടക്കമുള്ളവര്‍ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
