തിരുവനന്തപുരം: പാച്ചല്ലൂരില്‍ ക്ഷേത്രഘോഷയാത്രക്കിടെ നാട്ടുകാരെയും പൊലീസിനേയും ആക്രമിച്ച് കവര്‍ച്ച നടത്തിയ കേസിലെ പ്രതികള്‍ അറസ്റ്റില്‍. ഒരു പ്രതിയെ പിടികൂടിയത് വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കവെ വിമാനത്താവളത്തില്‍ നിന്ന്. പാച്ചല്ലൂര്‍ ചുട്കാട് മുടിപ്പുരയില്‍ കുത്തിയോട്ടവുമായി ബന്ധപ്പെട്ട ഘോഷയാത്രക്കിടെ ആക്രമം നടത്തിയ ഒന്‍പത് പ്രതികളാണ് സിറ്റി പൊലീസിന്റെ പിടിയിലായത്.

പാച്ചല്ലൂര്‍ ചുടുകാട് ക്ഷേത്രത്തിന് പുറകില്‍ താമസിക്കുന്ന അനൂപ്(23), പാച്ചല്ലൂര്‍ തോപ്പടിമൂലയില്‍ പുലക്കുടിവാരം വീട്ടില്‍ വിഷ്ണു(24), പുത്തന്‍പള്ളി പുത്തന്‍തെരുവ് തറയില്‍ വീട്ടില്‍ അഫ്‌സല്‍(23), പാച്ചല്ലൂര്‍ കളത്തിന്‍കര വീട്ടില്‍ സജിലാല്‍(29), പാച്ചല്ലൂര്‍ ചന്തക്ക് സമീപം ജയാലയം വീട്ടില്‍ രാജേഷ്‌കുമാര്‍(28), വിഴിഞ്ഞം വയ്‌ക്കോല്‍കുളത്തിന് സമീപം മേക്കെ കല്ലുവിള വീട്ടില്‍ ശിവപ്രസാദ്,(23), പാച്ചല്ലൂര്‍ തോപ്പടി മൂലയില്‍ ആല്‍ത്തറക്ക് സമീപം വിനോദ്(31), പാച്ചല്ലൂര്‍ എല്‍.പി.എസിന് സമീപം കണ്ണറ്റു വീട്ടില്‍ തന്‍സീര്‍(19), പാച്ചല്ലൂര്‍ ചുടുകാട് ക്ഷേത്രത്തിന് സമീപം കുംഭ ഭരണി വീട്ടില്‍ വിനീഷ് (19), എന്നിവരാണ് അറസ്റ്റിലായത്.

ഇക്കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് ഇരുപതോളം വരുന്ന സംഘം ഘോഷയാത്രക്കിടെ കയറി അക്രമം നടത്തിയത്. സംഭവമറിഞ്ഞ് സ്ഥലത്തത്തെി ഇവരെ പിന്‍തിരിപ്പിക്കാന്‍ ശ്രമിക്കവെയാണ് എസ്.ഐ.ശിവകുമാറുള്‍പ്പെടെയുള്ള പൊലീസുകാരെ സംഘം ആക്രമിച്ചത്. തുടര്‍ന്ന് നാട്ടുകാര്‍ക്ക് നേരെയും തിരിഞ്ഞ സംഘം കവര്‍ച്ച നടത്തിയതായും പൊലീസ് പറയുന്നു. 

ഇതില്‍ അനൂപിനെയാണ് വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കവെ വിമാനത്താവളത്തില്‍ നിന്ന് ഫോര്‍ട്ട് എ.സിയുടെ നേതൃത്വത്തിലുള്ള പൊലീസ് പിടികൂടിയത്. ഇവര്‍ സാമൂഹ്യ വിരുദ്ധരും നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതികളുമാണെന്ന് പൊലീസ് അറിയിച്ചു. കൂടുതല്‍ പ്രതികള്‍ക്കായി പൊലീസ് അന്വേഷണം തുടരുകയാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.