ഡ്യൂട്ടി ഫ്രീ ഷോപ്പ് നടത്തിപ്പുകാരായ പ്ലസ് മാക്സ് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് എക്സൈസ് കമ്മീഷണറുടെ കത്ത് അനുബന്ധ രേഖയായി സമര്‍പ്പിച്ചത്
തിരുവനന്തപുരം: വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ തട്ടിപ്പ് കേസിൽ പ്രതിസ്ഥാനത്ത് നില്ക്കുന്ന പ്ലസ് മാക്സിനെതിരെ അന്വേഷണം നടത്തണമെന്ന എക്സൈസ് കമ്മീഷ്ണറുടെ കത്ത് ചോര്ന്നു. കേന്ദ്ര ഏജന്സിയായ എസ്എഫ്ഐഒയ്ക്ക് നല്കിയ കത്താണ് ചോര്ന്നത്. പ്ലസ് മാക്സ് കമ്പനി ഈ കത്ത് ഹൈക്കോടതിയില് സമര്പ്പിച്ചതെടെയാണ് വിവരം പുറത്തുവന്നത്. അതിനിടെ അടച്ചുപൂട്ടിയ തിരുവനന്തപുരം വിമാനത്താവളത്തിലെ ഡ്യൂട്ടിഫ്രീ ഷോപ്പ് തുറക്കാൻ ഹൈക്കോടതി അനുമതി നല്കി.
ഡ്യൂട്ടി ഫ്രീ ഷോപ്പ് നടത്തിപ്പുകാരായ പ്ലസ് മാക്സ് ഹൈക്കോടതിയില് നല്കിയ ഹര്ജിയിലാണ് എക്സൈസ് കമ്മീഷണറുടെ കത്ത് അനുബന്ധ രേഖയായി സമര്പ്പിച്ചത്. മലേഷ്യ ആസ്ഥാനമായ കമ്പനി തിരുവനന്തപുരത്തിന് പിന്നാലെ കോയമ്പത്തൂരിലും മധുരയിലും പൂനെയിലും പ്രവര്ത്തിക്കുന്നുവെന്നും വലിയ തട്ടിപ്പ് ഇവര് നടത്തുന്നുവെന്നുമാണ് എക്സൈസ് കമ്മീഷണർ കമ്പനികളിലെ തട്ടിപ്പ് അന്വേഷിക്കുന്ന കേന്ദ്ര ഏജന്സിയായ എസ്എഫ്ഐഒയ്ക്ക് കഴിഞ്ഞ ഏപ്രിലില് അയച്ച കത്തില് പറഞ്ഞത്.
ഈ രഹസ്യ കത്താണ് പ്രതിസ്ഥാനത്തുള്ള പ്ലസ് മാക്സ് ഹൈക്കോടതിയില് അനുബന്ധ രേഖയായി സമര്പ്പിച്ചത്. ഡ്യൂട്ടി ഫ്രീ ഷോപ്പ് അടച്ചിട്ടതിലൂടെ പ്രതിമാസം ഒന്നരക്കോടി രൂപയുടെ നഷ്ടമുണ്ടായെന്ന എയര് പോര്ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ വാദം മുഖവിലയ്ക്കെടുത്ത് തിരുവനന്തപുരം വിമാനത്താവളത്തിലെ ഷോപ്പ് തുറക്കാന് കോടതി ഉത്തരവിട്ടു. ഷോപ്പ് തുറക്കാം എന്ന കസ്റ്റംസ് ചീഫ് കമ്മീഷണറുടെ ഉത്തരവ് കസ്റ്റംസ് കമ്മീഷണർ പാലിച്ചില്ലെന്നും ഹര്ജിക്കാരന് ചൂണ്ടിക്കാട്ടി.
യാത്രക്കാരുടെ പ്രതിഷേധവും ഷോപ്പ് തുറക്കാനുള്ള ഉത്തരവ് നല്കാന് കോടതി പരിഗണിച്ചു. കഴിഞ്ഞ ഡിസംബര് മുതല് ഏപ്രില് വരെയുള്ള കാലത്ത്സ്ത്രീകളും കുട്ടികളുമടങ്ങുന്ന 13,000 യാത്രക്കാരുടെ രേഖകള് ഉപയോഗിച്ച് മലേഷ്യന് ആസ്ഥാനമായുള്ള പ്ലസ് മാക്സ് എന്ന സ്ഥാപനം ഡ്യൂട്ടി ഫ്രീ ഷോപ്പിലെ മദ്യം മറിച്ചുവിറ്റു എന്നാണ് കസ്റ്റംസിന്റെ കണ്ടെത്തല്. തിരിമറിയിലൂടെ ഇവര് നേടിയത് ആറുകോടി രൂപ. രാജ്യസുരക്ഷയെ വെല്ലുവിളിക്കുന്നതരത്തിലായിരുന്നു ഡ്യൂട്ടി ഫ്രീ തട്ടിപ്പ് സംഘം പ്രവര്ത്തിച്ചതെന്നും കസ്റ്റംസ് കമ്മീഷ്ണര് സുമിത് കുമാർ കണ്ടെത്തിയിരുന്നു. കേസന്വേഷണം നടക്കുന്നതിനിടെ തനിക്ക് വധഭീഷണിയുണ്ടെന്ന് കസ്റ്റംസ് കമ്മീഷ്ണര് ഫേസ് ബുക്കിലൂടെ വെളിപ്പെടുത്തിയതും വലിയ വിവാദമായിരുന്നു.
