ആറര കോടിയുടെ മദ്യം തട്ടിയെടുത്തു യാത്രക്കാരുടെ പാസ്പോര്‍ട്ട് ദുരുപയോഗം ചെയ്തു

തിരുവനന്തപുരം: ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ നിന്നും മദ്യം കടത്തി കരിഞ്ചത്തയില്‍ വിറ്റ് കോടികള്‍ തട്ടിയ പ്ലസ് മാക്സ് കമ്പനി സിഇഒയെ അറസ്റ്റ് ചെയ്തു. കമ്പനി സിഇഒ സുന്ദരവാസനാണ് പിടിയിലായത്. 2017 സെപ്തംബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ ആറര കോടിയുടെ മദ്യം ഡ്യൂട്ടിഫ്രീ ഷോപ്പില്‍ നിന്നും ഇയാള്‍ കടത്തിയെന്നാണ് കസ്റ്റംസ് വിഭാഗം കണ്ടെത്തിയിരിക്കുന്നത്.

തട്ടിപ്പ് കണ്ടെത്തിയതോടെ സമന്‍സ് നല്‍കി വിളിച്ച് വരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ഏകദേശം 13,000 ഓളം അന്താരാഷ്ട്ര യാത്രക്കാരുടെ പാസ്പോര്‍ട്ട് ഉപയോഗിച്ചായിരുന്നു ഇയാള്‍ തട്ടിപ്പ് നടത്തിയത്. യാത്രക്കാരുടെ പേരില്‍ മദ്യം തട്ടിയെടുത്ത് പുറത്ത് വലിയ വിലയ്ക്ക് വില്‍ക്കുകയായിരുന്നു. പരാതിയെ തുടര്‍ന്ന്പ്ലസ് മാക്സിന് ഡ്യൂട്ടി ഫ്രീ ഷോപ്പ് നടത്താനുള്ള ലൈസന്‍സ് നേരത്തെ റദ്ദാക്കിയിരുന്നു. സുന്ദരവാസനെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തി ഉടനെ കോടതിയില്‍ ഹാജരാക്കുമെന്നാണ് വിവരം.