കോയമ്പത്തൂര്‍: കോയമ്പത്തൂരില്‍ നിരീശ്വരവാദിയും ദ്രാവിഡര്‍ വിടുതലൈ കഴകം നേതാവുമായിരുന്ന യുവാവിനെ അജ്ഞാതസംഘം വെട്ടിക്കൊന്നു. ദൈവമില്ലെന്ന തരത്തിലുള്ള ഫേസ്ബുക്ക് പോസ്റ്റുകളും വാട്സപ്പ് സന്ദേശങ്ങളും പ്രചരിപ്പിച്ചെന്നാരോപിച്ചാണ് ഉക്കടം സ്വദേശിയായ എച്ച് ഫറൂഖിനെ നാലംഗസംഘം കൊലപ്പെടുത്തിയത്. കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് അന്‍സത്ത് എന്നയാള്‍ കോടതിയില്‍ കീഴടങ്ങി.

വെള്ളിയാഴ്ച രാത്രി 11 മണിയോടെ ഒരു ഫോണ്‍ സന്ദേശം ലഭിച്ചതിനെത്തുടര്‍ന്നാണ് ഉക്കടത്തെ സ്വന്തം വ്യാപാരസ്ഥാപനത്തില്‍ നിന്ന് ഫറൂഖ് പുറപ്പെട്ടത്. ഉക്കടം ബൈപാസ് റോഡിനടുത്തു വെച്ച് ഫറൂഖിന്റെ സ്കൂട്ടര്‍ തടഞ്ഞു നിര്‍ത്തിയ നാലംഗസംഘം ഇയാളെ വെട്ടുകയായിരുന്നു. രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും സ്കൂട്ടറില്‍ നിന്ന് ഫറൂഖിനെ വലിച്ചിറക്കിയ അക്രമികള്‍ കത്തിയും വടിവാളുമുപയോഗിച്ച് വെട്ടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഫറൂഖ് സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു.

തമിഴ് സാമൂഹ്യപരിഷ്ക‍ര്‍ത്താവായ ഇ വി രാമസ്വാമി നായ്‌ക്കരുടെ ആശയങ്ങളില്‍ ആകൃഷ്‌ടനായിരുന്ന ഫറൂഖ്, ദ്രാവിഡകഴകത്തില്‍ നിന്ന് രൂപീകരിയ്‌ക്കപ്പെട്ട ദ്രാവിഡര്‍ വിടുതലൈ കഴകത്തിന്റെ പ്രവര്‍ത്തകനായിരുന്നു. ദൈവവിശ്വാസത്തിനെതിരെ ഫേസ്ബുക്കില്‍ എഴുതിയിരുന്ന ഫറൂഖ്, കടവുള്‍ ഇല്ലൈ എന്ന പേരില്‍ ഒരു വാട്സപ്പ് ഗ്രൂപ്പും നടത്തിയിരുന്നു. ഇതില്‍ പ്രകോപിതരായ ചില തീവ്ര മതസംഘടനകള്‍ ഫറൂഖിനെതിരെ വധഭീഷണി മുഴക്കിയിരുന്നതായി ഡിവികെ നേതാവ് കുളത്തൂര്‍ മണി പറ‌ഞ്ഞു.

ഫറൂഖിന്റെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മതസംഘടനാപ്രവര്‍ത്തകനും റിയല്‍ എസ്റ്റേറ്റ് ഏജന്‍റുമായ അന്‍സത്ത് എന്നയാള്‍ ഇന്നലെ കോയമ്പത്തൂര്‍ ജുഡീഷ്യല്‍ മജിസ്‍ട്രേറ്റ് കോടതിയില്‍ കീഴടങ്ങിയിട്ടുണ്ട്.എന്നാല്‍ കൂടുതല്‍ മതസംഘടനാപ്രവര്‍ത്തകര്‍ക്ക് കൊലപാതകത്തില്‍ പങ്കുണ്ടാകാമെന്ന് സംശയിക്കുന്ന പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ബംഗ്ലാദേശിലെ നിരീശ്വരവാദികളായ ബ്ലോഗര്‍മാര്‍ക്കു നേരെ നടന്ന ആക്രമണങ്ങള്‍ക്ക് സമാനമായ കൊലപാതകത്തിനെതിരെ പ്രതിഷേധിയ്‌ക്കുമെന്ന് ഡിവികെ നേതാക്കള്‍ വ്യക്തമാക്കി.