രാഷ്‌ട്രീയ സംഘര്‍ഷ കേസില്‍ അറസ്റ്റ് ചെയ്ത ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ കബീറിനെ പോലീസ്, ലോക്കപ്പില്‍ മര്‍ദിച്ചുവെന്നാരോപിച്ചാണ് ഡി.വൈ.എഫ്.ഐ ജില്ലാ വൈസ് പ്രസിഡണ്ട് സി.എ സുബൈര്‍ കുമ്പള എസ്.ഐയെ ഭീഷണിപെടുത്തിയത്. കുമ്പള ടൗണിലെ പ്രതിഷേധ യോഗത്തിലായിരുന്നു ഡി.വൈ.എഫ്.ഐ നേതാവിന്റെ ഭീഷണി പ്രസംഗം. എസ്.ഐക്ക് പ്രചോദനമായത് എന്താണെന്ന് തങ്ങള്‍ക്ക് അറിയാമെന്നും എസ്.ഐ കരുതിയിരിക്കണമെന്നും ഡി.വൈ.എഫ്.ഐക്കാരൊക്കെ ഇവിടെത്തന്നെ കാണുമെന്നും സുബൈര്‍ പറഞ്ഞു. ഈ ടൗണിനകത്തേക്ക് യൂണിഫോം അഴിച്ചുവെച്ചിട്ട് വന്നാല്‍ നേരിട്ട് കാണമെന്നും നേരിട്ടുവന്നാല്‍ ആരാണ് ജയിക്കുകയെന്ന് നോക്കാമെന്നും വെല്ലുവിളിയുമുണ്ട്.

കുമ്പള എസ്.ഐക്കുമാത്രമല്ല മഞ്ചേശ്വരം എസ്.ഐയെയും ഡി.വൈ.എഫ്.ഐ നേതാവ് ഭീഷണിപ്പെടുത്തി. ഒപ്പം അസഭ്യവര്‍ഷവും. ഒപ്പം എസ്.ഐമാരുടെ കുടംബത്തെയും ഭീഷണിപ്പെടുത്തുന്നു. ഇവരുടെ വീടുകള്‍ കണ്ണൂരില്‍ എവിടെയാണെന്നൊക്കെ കണ്ടെത്തിയിട്ടുണ്ടെന്നും അവിടെയും സഖാക്കളുണ്ടെന്നും സുബൈര്‍ പറയുന്നു. എന്നാല്‍ പ്രതിഷേധ യോഗത്തിലെ പൊതുവികാരത്തിനനുസരിച്ചാണ് പ്രസംഗിച്ചതെന്നും പൊലീസിനുള്ള താക്കീതില്‍ തെറ്റുപറ്റിയതായി കരുതുന്നില്ലെന്നും സി.എ സുബൈര്‍ പറഞ്ഞു.