തിരുവനന്തപുരം: കാലത്തിനനുസരിച്ച് യുവജന സംഘടനകളും ശൈലി മാറ്റുന്നു. സ്വാതന്ത്ര ദിനത്തിലെ യുവസാഗരം പരിപാടിയുടെ പ്രചാരണാർത്ഥം നാടെങ്ങും ഡിവൈഎഫ്ഐ ഒരുക്കുന്നത് ഫ്ളാഷ് മോബുകളാണ്. വിപ്ളവ യുവജന സംഘടനയാണെങ്കിലും ആധുനിക കാലത്ത് പരിപാടിക്ക് ആളെകൂട്ടാൻ കാൽനടജാഥയും കവല മീറ്റിംഗും മാത്രം പോരെന്നും പുതിയ പ്രചാരണ തന്ത്രം വേണമെന്നുമുള്ള തിരിച്ചറിവിലാണ് ഡിവൈഎഫ്ഐ. അതിനാലാണ് ന്യൂജന്‍ കലാരൂപമായ ഫ്ളാഷ്മോബ് തന്നെ തെരെഞ്ഞെടുത്തത്.
യുവാക്കളെ പരിപാടിയിലേക്ക് ആകർഷിക്കുകയാണ് കാലത്തിനൊപ്പം പ്രചരണ കോലം മാറ്റി ഡിവൈഎഫ്ഐ ചെയ്യുന്നത്. സ്വാതന്ത്ര്യ ദിനത്തിൽ ജില്ലാ കേന്ദ്രങ്ങളിൽ വർഗീയതക്കെതിരെ സംഘടിപ്പിക്കുന്ന യുവജന സാഗരം പരിപാടിയുടെ പ്രചാരണത്തിനാണ് ഫ്ളാഷ് മോബ്. യുവസാഗരം തിരുവനന്തപുരം ശംഖുമുഖത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
