Asianet News MalayalamAsianet News Malayalam

വനിതാനേതാവിന്‍റെ പരാതിയില്‍ മൗനം: ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിന് ഇന്ന് കൊടിയിറക്കം

എ.എന്‍ ഷംസീര്‍ എംഎല്‍എ, ചിന്ത ജെറോം എന്നിവര്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് ചര്‍ച്ചയില്‍ ഉയര്‍ന്നത്. കണ്ണൂര്‍ സര്‍വ്വകലാശാലയിലെ ഭാര്യയുടെ നിയമനത്തിലും പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞമെന്ന സര്‍ക്കാര്‍ നയത്തിന് വിരുദ്ധമായി കുട്ടിയെ അണ്‍എയ്‍ഡഡ് സ്കൂളില്‍ ചേര്‍ത്തതിലും ഷംസീര്‍ പഴികേട്ടു. സഖാക്കള്‍ക്ക് ചേരാത്ത പ്രവര്‍ത്തന ശൈലി, പദവികളോട് നീതി പുലര്‍ത്താത്ത അഭിപ്രായ പ്രകടനങ്ങള്‍ തുടങ്ങിയ വിമര്‍ശനങ്ങള്‍ ചിന്ത ജെറോമിനെതിരെ ഉയര്‍ന്നു.

dyfi state meet to ends today
Author
Kozhikode, First Published Nov 14, 2018, 6:50 AM IST

കോഴിക്കോട്: ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനം ഇന്ന് സമാപിക്കാനിരിക്കെ പി കെ ശശി എംഎല്‍എക്കെതിരായ വനിത നേതാവിന്‍റെ പരാതിക്ക് നേരെ മുഖം തിരിച്ച് സംസ്ഥാന നേതൃത്വം. പൊതുചര്‍ച്ചയില്‍ വിഷയം ഉന്നയിക്കുന്നത് നേതൃത്വം ഇടപെട്ട് തടഞ്ഞിരുന്നു. പീഡനപരാതി ചര്‍ച്ചചെയ്യേണ്ടത് സമ്മേളന വേദിയിലല്ലെന്നായിരുന്നു സംസ്ഥാനസെക്രട്ടറി എം സ്വരാജ് എംഎല്‍എയുടെ പ്രതികരണം. പ്രതിനിധികൾ നടത്തിയ പൊതു ചർച്ചയ്ക്ക് സംസ്ഥാന നേതൃത്വം ഇന്ന് മറുപടി നൽകും. എന്നാൽ വിവാദ വിഷയങ്ങളിൽ മറുപടി പറയാതിരിക്കാനാണ് സാധ്യത.

പീഡനപരാതി ഉന്നയിച്ച വനിതാ നേതാവ് പങ്കെടുക്കുന്ന സംസ്ഥാന സമ്മേളനത്തില്‍ വിഷയം ചര്‍ച്ചചെയ്യേണ്ടതാണെന്ന പാലക്കാട്, ആലപ്പുഴ ജില്ലകളില്‍ നിന്നുള്ള പ്രതിനിധികളുടെ ആവശ്യം നേതൃത്വം പരിഗണിച്ചില്ല. ഒന്നിലേറ തവണ പ്രതിനിധികള്‍ ഇക്കാര്യം ശ്രദ്ധയില്‍ പെടുത്തിയെങ്കിലും യുവതിയുടെ പരാതി സ്വീകരിച്ച സിപിഎം അക്കാര്യത്തില്‍ നടപടിയെടുക്കട്ടെയെന്നായിരുന്നു ഡിവൈഎഫ്ഐ നേതൃത്വത്തിന്‍റെ നിലപാട്.

എ.എന്‍ ഷംസീര്‍ എംഎല്‍എ, ചിന്ത ജെറോം എന്നിവര്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് ചര്‍ച്ചയില്‍ ഉയര്‍ന്നത്. കണ്ണൂര്‍ സര്‍വ്വകലാശാലയിലെ ഭാര്യയുടെ നിയമനത്തിലും പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞമെന്ന സര്‍ക്കാര്‍ നയത്തിന് വിരുദ്ധമായി കുട്ടിയെ അണ്‍എയ്‍ഡഡ് സ്കൂളില്‍ ചേര്‍ത്തതിലും ഷംസീര്‍ പഴികേട്ടു. സഖാക്കള്‍ക്ക് ചേരാത്ത പ്രവര്‍ത്തന ശൈലി, പദവികളോട് നീതി പുലര്‍ത്താത്ത അഭിപ്രായ പ്രകടനങ്ങള്‍ തുടങ്ങിയ വിമര്‍ശനങ്ങള്‍ ചിന്ത ജെറോമിനെതിരെ ഉയര്‍ന്നു. നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ ഇടത് ജനപ്രതിനിധികളുടെ നിലപാട് ലജ്ജിപ്പിക്കുന്നതായിരുന്നെന്നും വിമര്‍ശനമുണ്ടായി. സ്ഥാനമാനങ്ങൾ ലഭിച്ചപ്പോൾ ചില നേതാക്കൾ സംഘടനാ പ്രവർത്തനം മറന്നെന്നും താഴെത്തട്ടിൽ പ്രവർത്തനം നിർജ്ജീവമായെന്നും വിമർശനമുയർന്നു.

വൈകിട്ട് കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. എഎൻ ഷംസീർ എംഎൽഎയ്ക്കും ചിന്താ ജെറോം അടക്കമുള്ള നേതൃ നിരയ്ക്കുമെതിരെ കഴിഞ്ഞ ദിവസം രൂക്ഷമായ വിമർശനമാണ് പ്രതിനിധികൾ ഉന്നയിച്ചത്. പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കൽ, വിടവാങ്ങുന്നവർക്കുള്ള യാത്രയയപ്പ്, ഭാവി പരിപാടികൾ തീരുമാനിക്കൽ എന്നിവയാണ് ഇന്നത്തെ സമ്മേളന അജണ്ട. വൈകിട്ട് ഒരു ലക്ഷം യുവജനങ്ങൾ അണിനിരക്കുന്ന റാലിയും നടക്കും.

Follow Us:
Download App:
  • android
  • ios