പാലക്കാട്: കോണ്‍ഗ്രസ് നേതാവ് കെ സുധാകരനെ ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ തടഞ്ഞുവെച്ചു. പാലക്കാട് ചെര്‍പ്പുളശ്ശേരിയിലാണ് സുധാകരനെ ഡിവൈഎഫ്ഐക്കാര്‍ തടഞ്ഞത്. നെഹ്റു ഗ്രൂപ്പുമായി രഹസ്യചര്‍ച്ചയ്‌ക്ക് എത്തിയതാണ് സുധാകരന്‍ എന്നാണ് ആരോപണം. നെഹ്റു കോളേജില്‍ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച കേസ് ഒത്തുതീര്‍പ്പാക്കാനാണ് സുധാകരന്‍ എത്തിയതെന്നാണ് ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്. നെഹ്റു കോളേജിലെ വിദ്യാര്‍ത്ഥിയായ ഷഹീര്‍ ഷൗക്കത്തലിയെ മര്‍ദ്ദിച്ച കേസ് ഒതുക്കിതീര്‍ക്കാനാണ് സുധാകരന്‍ ചെര്‍പ്പുളശേരിയില്‍ എത്തിയത്. ന്യായമെന്ന് തോന്നിയ ഒരു വിഷയത്തില്‍ ഇടപെടാനാണ് താന്‍ എത്തിയതെന്ന് കെ സുധാകരന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മധ്യസ്ഥ ചര്‍ച്ചയ്ക്കായാണ് എത്തിയത്. ഈ വിഷയത്തില്‍ മധ്യസ്ഥം വഹിക്കുന്നതില്‍ ഒരു തെറ്റുമില്ലെന്നും ഇനി മടങ്ങിപ്പോകുകയാണെന്നും സുധാകരന്‍ പറഞ്ഞു. ജിഷ്‌ണു കേസുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ താന്‍ പങ്കെടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം മധ്യസ്ഥ ചര്‍ച്ച നടന്ന വീട്ടില്‍നിന്ന് സുധാകരനും കൂട്ടര്‍ക്കും ഇതുവരെ പുറത്തുപോകാന്‍ സാധിച്ചിട്ടില്ല. നൂറുകണക്കിന് ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണ് വീടിന് പുറത്ത് തടിച്ചുകൂടിയിരിക്കുന്നത്. മര്‍ദ്ദനമേറ്റ വിദ്യാര്‍ത്ഥിയുടെ കുടുംബവും നെഹ്റു ഗ്രൂപ്പ് ചെയര്‍മാന്‍ കൃഷ്ണദാസിന്റെ സഹോദരന്‍ കൃഷ്ണകുമാറും തമ്മിലുള്ള ചര്‍ച്ച കെ സുധാകരന്റെ മധ്യസ്ഥതയില്‍ നടക്കുകയായിരുന്നുവെന്നാണ് ഡി വൈ എഫ് ഐക്കാര്‍ ആരോപിക്കുന്നത്.

ലക്കിടി നെഹ്‌റു അക്കാദമി ഓഫ് ലോ കോളേജിലെ വിദ്യാര്‍ത്ഥിയായിരുന്ന ഷഹീര്‍ ഷൗക്കത്തിനെ മര്‍ദ്ദിച്ച കേസിലായിരുന്നു കൃഷ്ണദാസിനെ എരുമപ്പെട്ടി പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്. വടക്കാഞ്ചേരി കോടതി കൃഷ്ണദാസിനെ റിമാന്റ് ചെയ്യുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഹൈക്കോടതിയില്‍ നിന്ന് ജാമ്യം കിട്ടിയതിനെ തുടര്‍ന്നാണ് കൃഷ്‌ണദാസ് ജയില്‍മോചിതനായത്. ഈ കേസ് ഒതുക്കിത്തീര്‍ക്കാനാണ് സുധാകരന്‍ എത്തിയത്. കേസ് അടുത്തിടെ സുപ്രീംകോടതി പരിഗണിക്കാന്‍ ഇരിക്കവെയാണ് ഒതുക്കിത്തീര്‍ക്കാന്‍ എത്തിയത്.