താന്‍ അറസ്റ്റ് ചെയ്തവര്‍ക്കൊപ്പം സബ്ജയിലില്‍ കഴിയേണ്ടി വരുന്ന അവസ്ഥയെക്കുറിച്ച് ചിന്തിക്കാന്‍ കഴിയില്ലെന്ന് പലപ്പോഴും ഹരികുമാര്‍ പറഞ്ഞിരുന്നെന്നും ബിനു പൊലീസിനോട് വെളിപ്പെടുത്തി.

തിരുവനന്തപുരം : സനൽകുമാർ കൊല്ലപ്പെട്ട സംഭവത്തിൽ ജയിലില്‍ പോകണമെന്ന് ഉറപ്പായതോടെ ഡിവൈഎസ്പി ബി.ഹരികുമാർ കടുത്ത മാനസിക സംഘർഷത്തിലായിരുന്നുവെന്നു കൂട്ടുപ്രതിയും സുഹൃത്തുമായ ബിനുവിന്റെ മൊഴി. സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട് ആദ്യമെത്തിയത് കല്ലമ്പലത്തെ വീട്ടിലായിരുന്നു. വീട്ടില്‍ നിന്ന് വസ്ത്രങ്ങളെടുത്ത് എവിടെയും തങ്ങാതെയായിരുന്നു പിന്നീടുള്ള യാത്രകള്‍. 

തിരിച്ചറിയപ്പെടുമെന്ന ഭയത്താല്‍ ഒരിടത്തും തങ്ങാതെ കാറില്‍ തന്നെയായിരുന്നു കഴിഞ്ഞ് കൂടിയതെന്നും ബിനു പൊലീസിന് മൊഴി നല്‍കി. താന്‍ അറസ്റ്റ് ചെയ്തവര്‍ക്കൊപ്പം സബ്ജയിലില്‍ കഴിയേണ്ടി വരുന്ന അവസ്ഥയെക്കുറിച്ച് ചിന്തിക്കാന്‍ കഴിയില്ലെന്ന് പലപ്പോഴും ഹരികുമാര്‍ പറഞ്ഞിരുന്നെന്നും ബിനു പൊലീസിനോട് വെളിപ്പെടുത്തി. കേസ് നിലനില്‍ക്കില്ലെന്ന വിശ്വാസത്തിലായിരുന്നു ഹരികുമാര്‍ ഉണ്ടായിരുന്നത്. എന്നാല്‍ അഭിഭാഷകര്‍ കീഴടങ്ങേണ്ട കാര്യത്തെക്കുറിച്ച് പറഞ്ഞതോടെ ഹരികുമാര്‍ ഏറെ അസ്വസ്ഥനായിരുന്നെന്നും ബിനു വിശദമാക്കി. 

ഒളിവിൽ പോകുന്നതിന് മുമ്പ് ഹരികുമാര്‍ അഭിഭാഷകനെ കണ്ടിരുന്നു, വാഹനാപകടമായതിനാല്‍ ജാമ്യം കിട്ടുമെന്നായിരുന്നു അഭിഭാഷകന്‍റെ ഉപദേശം. ജാമ്യം ലഭിക്കുമെന്ന അഭിഭാഷകന്റെ ഉറപ്പ് ഹരികുമാര്‍ വിശ്വസിച്ചിരുന്നതായി ബിനു മൊഴി നല്‍കി. ക്ഷണം കഴിക്കാന്‍ പോലും നില്‍ക്കാതെ നടത്തിയ തുടർച്ചയായ യാത്ര പ്രമേഹ രോഗി കൂടിയായ ഹരികുമാറിനെ അവശനാക്കിയെന്നാണ് ഒപ്പമുണ്ടായിരുന്ന ബിനു പൊലീസിന് നല്‍കിയ മൊഴിയില്‍ വിശദമാക്കുന്നു.

ദീര്‍ഘകാലത്തേക്ക് ഒളിവില്‍ പോകാനുള്ള ശ്രമത്തിനിടെയാണ് കേസുമായി ബന്ധപ്പെട്ട അറസ്റ്റുകള്‍ നടക്കുന്നത്. അതോടെയാണ് എട്ട് ദിവസം നീണ്ട ഒളിവ് ജീവിതം അവസാനിപ്പിച്ച് തിരികെ വരാന്‍ തീരുമാനിക്കുന്നതെന്നും ബിനു മൊഴിയില്‍ വ്യക്തമാക്കുന്നു. കല്ലമ്പലത്തെ വീട്ടിലേക്ക് കയറി പോവുന്നത് കണ്ട ശേഷമാണ് താന്‍ പോയതെന്നും ബിനു വിശദമാക്കി.