തിരുവനന്തപുരം: തോമസ് ചാണ്ടി കേസിനെ ചൊല്ലിയുള്ള റവന്യൂമന്ത്രിയും അഡ്വക്കറ്റ് ജനറലും തമ്മിലുള്ള തര്‍ക്കം പൊട്ടിത്തെറിയിലേയ്ക്ക്. അഡ്വക്കറ്റ് ജനറലിനെ രൂക്ഷമായി വിമര്‍ശിച്ച റവന്യൂമന്ത്രി കേസില്‍ സര്‍ക്കാരിന് വേണ്ടി അഡിഷണല്‍ എ.ജി ഹാജരാകണമെന്ന് നിലപാടില്‍ മാറ്റമില്ലെന്ന് വ്യക്തമാക്കി . എ.ജി സര്‍ക്കാരിനും മുകളില്‍ അല്ലെന്ന് പറഞ്ഞ് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനവും എ.ജിയെ വിമര്‍ശിച്ചു. നിലപാടില്‍ ഉറച്ചു നില്‍ക്കുന്ന എ.ജി ഇന്ന് മുഖ്യമന്ത്രിയെ കാണും. 

റവന്യൂ കേസുകളില്‍ അര് അഭിഭാഷകനെ നിശ്ചയിക്കമെന്ന അധികാര തര്‍ക്കമാണ് പൊട്ടിത്തെറിയിലെത്തിയത്. തോമസ് ചാണ്ടിക്കെതിരായ കായല്‍ കയ്യേറ്റ കേസില്‍ അഡിഷണല്‍ എ.ജി ഹാജരാകണമെന്ന റവന്യൂമന്ത്രിയുടെ നിര്‍ദേശം എ.ജി തള്ളിയിരുന്നു. അഭിഭാഷകനെ നിശ്ചിക്കുന്നത് താനെന്ന് പറഞ്ഞ അഡ്വക്കറ്റ് ജനറല്‍ റവന്യൂ വിഷയങ്ങള്‍ ആരുടെയും തറവാട്ട് സ്വത്തല്ലെന്ന് എ.ജി പ്രതികരിച്ചു. ഇതോടെ എജിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി ഇ. ചന്ദ്രശേഖരന്‍ രംഗത്തെത്തി. 

എ.ജി പറഞ്ഞതിന് അതേ നാണയത്തില്‍ മറുപടി നല്‍കാന്‍ തന്റെ സംസ്‌കാരം അനുവദിക്കുന്നില്ലെന്നും റവന്യുവകുപ്പിന്റെ തലവന്‍ താനാണെന്നും മന്ത്രി വ്യക്തമാക്കി. അഭിഭാഷകനെ നിശ്ചയിക്കാനുള്ള വിവേചനാധികാരം തനിക്കാണെന്ന എ.ജിയുടെ വാദത്തെ നിയമം ചൂണ്ടിക്കാണിച്ചാണ് സി.പി.ഐ നേരിടുന്നത്. സര്‍ക്കാര്‍ കാര്യം തീരുമാനിക്കേണ്ടത് അതാത് വകുപ്പുകളെന്നും മന്ത്രി വ്യക്തമാക്കി. റവന്യൂ സെക്രട്ടറി വഴി മുഖ്യമന്ത്രി റവന്യൂ ഭരണം നടത്തുന്നുവെന്ന് ആരോപണം നിലനില്‍ക്കുന്നതിനിടെയാണ് പുതിയ കലഹം. സെക്രട്ടറിക്ക് സര്‍ക്കാരിന് മുകളില്‍ അല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം പ്രതികരിച്ചു.