വ്യവസായവകുപ്പ് മന്ത്രി ഇ പി ജയരാജന്‍ രാജിവയ്‍ക്കില്ലെന്നു സൂചന. ജയരാജന്റെ വകുപ്പ് മാറ്റാനാണ് ആലോചന. രാജിവച്ചാല്‍ പാര്‍ട്ടിക്ക് ക്ഷീണമുണ്ടാകുമെന്നാണ് വിലയിരുത്തല്‍.

അതേസമയം നിയമനവിവാദത്തില്‍ ജയരാജനും ശ്രീമതിക്കുമെതിരെ പാര്‍ട്ടി നടപടിയുണ്ടാകും. നടപടിക്ക് കേന്ദ്രകമ്മിറ്റിക്ക് ശുപാര്‍ശ നല്‍കും.

നിയമന വിവാദങ്ങളില്‍ വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജനെതിരെ പ്രാഥമിക അന്വേഷണം നടത്താന്‍ വിജിലൻസ് കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. വിജിലൻസ് പ്രത്യേക അന്വേഷണ യൂണിറ്റ് രണ്ടിന് ആണ് ചുമതല. നിയമോപദേശകരുമായി നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു തീരുമാനം.

അതേസമയം വിജിലന്‍സ് പ്രാഥമിക അന്വേഷണം ആരംഭിക്കുമെന്നത് മുന്നില്‍ക്കണ്ട് ഇ പി ജയരാജന്‍ നേരത്തെ തന്നെ രാജിസന്നദ്ധത അറിയിച്ചിരുന്നു. പാര്‍ട്ടിക്കും സര്‍ക്കാരിനുമുള്ള ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനായിരുന്നു ജയരാജന്റെ തീരുമാനം. കഴിഞ്ഞ ദിവസം രാവിലെ നടന്ന മന്ത്രിസഭാ യോഗത്തിലും ജയരാജന്‍ പങ്കെടുത്തിരുന്നു. രാജി സന്നദ്ധത അറിയിച്ച കാര്യം പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ മുഖ്യമന്ത്രി പിണറായി വിജയനെയും അറിയിച്ചിരുന്നു.