വ്യവസായ- കായിക മന്ത്രി ഇ പി ജയരാജന്‍ രാജിവച്ചു. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ആണ് രാജിവയ്‍ക്കാന്‍ നിര്‍ദ്ദേശിച്ചത്. രാജിക്ക് പിന്നില്‍ കേന്ദ്ര നേതൃത്വത്തിന്‍റെ നിര്‍ദ്ദേശവുമുണ്ട്. ഇ പി ജയരാജന്‍ മാധ്യമങ്ങളോട് പ്രതികരിക്കാതെ എകെജി സെന്‍റര്‍ വിട്ടു. വ്യവസായ -കായിക വകുപ്പുകള്‍ മുഖ്യമന്ത്രി കൈകാര്യം ചെയ്യും.

സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ ഇ പി ജയരാജനെതിരെ രൂക്ഷവിമര്‍ശനമുണ്ടായിരുന്നു. ജയരാജന്റെ നടപടി പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാക്കിയെന്നും മാതൃകാപരമായ നടപടി വേണമെന്നും അഭിപ്രായമുണ്ടായി. വ്യവസായ വകുപ്പിലെ നിയമനങ്ങളില്‍ ജാഗ്രതക്കുറവുണ്ടായെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‍ണന്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ വിമര്‍ശിച്ചിരുന്നു. തുടര്‍ന്ന് ഇ പി ജയരാജന്‍ തന്നെ രാജിസന്നദ്ധത അറിയിക്കുകയുമായിരുന്നു.

അതേസമയം നിയമനവിവാദത്തില്‍ ഇ പി ജയരാജനെതിരെ പ്രാഥമിക അന്വേഷണം തുടങ്ങിയെന്ന് വിജിലൻസ് അറിയിച്ചിട്ടുണ്ട്. തിങ്കളാഴ്ച റിപ്പോർട്ട് സമർപ്പിക്കണമെന്ന് വിജിലൻസ് കോടതി നിര്‍ദ്ദേശിച്ചിരുന്നു.