കൊച്ചി: ഉദ്ഘാടന ചടങ്ങിനെ ചൊല്ലിയുള്ള വിവാദങ്ങൾക്കിടയിൽ കൊച്ചി മെട്രോയുടെ അവസാന വട്ട ഒരുക്കങ്ങൾ പരിശോധിക്കാൻ ഡി എം ആർ സി ഉപദേഷ്ടാവ് ഇ ശ്രീധരൻ കൊച്ചിയിലെത്തി. മെട്രോ എല്ലാവരുടേതുമാണെന്നും ഉദ്ഘാട ചടങ്ങിൽ നിന്നും ഒഴിവാക്കിയത് കാര്യമാക്കുന്നില്ലെന്നും ഇ ശ്രീധരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ചടങ്ങിൽ പങ്കെടുക്കുന്നത് സംബനിധിച്ച തീരുമാനമെടുക്കാൻ കൊച്ചിൽ ഇന്ന് കോൺഗ്രസ് യോഗം ചേരും.
തിരുവനന്തപുരം ലൈറ്റ് മെട്രോയുടെ ചർച്ച കഴിഞ്ഞാണ് ഇ ശ്രീധരൻ നേരെ കൊച്ചിയിലേക്ക് തിരിച്ചത്. മെട്രോ ഉദ്ഘാടന ചടങ്ങിൽ നിന്ന് ഒഴിവാക്കിയതിനെക്കുറിച്ചുള്ള പ്രയാസമൊന്നും മെട്രോമാനില്ലായിരുന്നു. പ്രധാന മന്ത്രി മെട്രോ ഉദ്ഘാടനം ചെയ്യാനിരിക്കെ അവസാന വട്ട പരിശോധനയ്ക്കാണ് കൊച്ചിയിലെത്തിയത്. കൊച്ചുവേളി-ബംഗലുരു എക്സ്പ്രസ്സിൽ ഇ ശ്രീധരന്റെ സഹായാത്രികനായി ഉദ്ഘാടന ചടങ്ങിൽ നിന്നും ഒഴിവാക്കപ്പെട്ട സ്ഥലം എം.എൽ.എ പിടി തോമസുമുണ്ടായിരുന്നു.
പ്രതിപക്ഷ നേതാവിനെയും ഉമ്മൻചാണ്ടിയെയും അടക്കമുള്ള നേതാക്കളെ ഒഴിവാക്കിയതിനെതിരെ കൊച്ചിയിൽ കോൺഗ്രസ് വ്യാപകമായി പ്രതിഷേധ ബോർഡുകൾ ഉയർത്തിയിട്ടുണ്ട്. ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുന്നത് സംബന്ധിച്ച തീരുമാനമെടുക്കാൻ കെ പി സി സി ആവശ്യപ്രകാരം ജില്ലയിലെ നേതാക്കളുടെ യോഗവും ഇന്ന് കോൺഗ്രസ് വിളിച്ചിട്ടുണ്ട്.
