കോഴിക്കോട്: കോഴിക്കോട് സ്വദേശിനിയായ 40 കാരിയുടെ ശ്വാസകോശത്തില്‍ നിന്നും പത്ത് വര്‍ഷം മുമ്പ് കാണാതെ പോയ കമ്മല്‍ ചങ്കിരി ആസ്റ്റര്‍ മിംസിലെ ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ കൂടാതെ വിജയകരമായി പുറത്തെടുത്തു. പത്ത് വര്‍ഷമായി നിരന്തരമായി ചുമ മൂലം കഷ്ടപ്പെടുകയായിരുന്നു ഇവര്‍. തുടര്‍ച്ചയായി ശ്വാസനാളിക്ക് ഇന്‍ഫെക്ഷനും ഉണ്ടായി. വിവിധ ആശുപത്രികളില്‍ ചികിത്സിച്ചെങ്കിലും ചുമയുടെ കാരണം കൃത്യമായി കണ്ടെത്താനായില്ല.
രണ്ട് വര്‍ഷം മുമ്പെടുത്ത സിടി സ്‌കാനില്‍ ശ്വാസകോശത്തില്‍ എന്തോ തറഞ്ഞിരിക്കുന്നതായി കണ്ടെത്തി. ശസ്ത്രക്രിയയാണ് പരിഹാരമായി നിര്‍ദ്ദേശിക്കപ്പെട്ടത്. എന്നാല്‍ ശസ്ത്രക്രിയയോടുള്ള ഭയം നിമിത്തം തുടര്‍ചികിത്സയ്ക്ക് ഇവര്‍ മുതിര്‍ന്നില്ല. ചുമയ്ക്കുമ്പോള്‍ രക്തം വരാന്‍ തുടങ്ങിയതിനെത്തുടര്‍ന്നാണ് വിദഗ്ധ ചികിത്സക്കായി രോഗി കോഴിക്കോട് ആസ്റ്റര്‍ മിംസിലെത്തിയത്.
ആസ്റ്റര്‍ മിംസിലെ കണ്‍സള്‍ട്ടന്റ് പള്‍മണോളജിസ്റ്റായ ഡോ. എം.പി. അനൂപിന്റെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാരുടെ സംഘം ശ്വാസകോശത്തില്‍ തറഞ്ഞിരിക്കുന്ന വസ്തു ശസ്ത്രക്രിയ കൂടാതെ ബ്രോങ്കോ സ്‌കോപിയിലൂടെ പുറത്തെടുത്തപ്പോഴാണ് പത്ത് വര്‍ഷം മുമ്പ് കാണാതായ കമ്മലിന്റെ ചങ്കിരിയാണതെന്ന് രോഗി തിരിച്ചറിഞ്ഞത്. ഇതെങ്ങനെ ശ്വാസകോശത്തിലെത്തിയെന്ന് രോഗിക്ക് ഒരു ധാരണയുമില്ല. ഭക്ഷണത്തിലൂടെ വായിലെത്തി ശ്വാസകോശത്തില്‍ കടന്ന് കൂടിയതായിരിക്കാമെന്നാണ് ഡോക്ടര്‍മാര്‍ അനുമാനിക്കുന്നത്.
ഡോ.അനൂപിന് പുറമേ പള്‍മണോളജി വിഭാഗത്തിലെ കണ്‍സള്‍ട്ടന്റുമാരായ ഡോ. സിജിത്ത് രാഘവന്‍, ഡോ. എലിസബത്ത് ഡോണ, ക്രിട്ടിക്കല്‍ കെയര്‍ വിഭാഗത്തിലെ ഡോ മഹേഷ്, ഡോ റോഷിഖ്, ഡോ ഫാരീസ് എന്നിവരും ചികിത്സാസംഘത്തില്‍ അംഗങ്ങളായിരുന്നു. പത്ത് വര്‍ഷം കൊണ്ട് നടന്ന റെസ്പിരേട്ടറി ട്രാക്റ്റ് ഇന്‍ഫെക്ഷനും അനുബന്ധ അസുഖങ്ങളും രണ്ടുദിവസത്തെ ആശുപത്രിവാസം കൊണ്ട് പരിപൂര്‍ണമായും മാറി രോഗി ആശുപത്രി വിട്ടു.
