ദില്ലി: ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളില്‍ ക്രമക്കേട് തെളിയിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് രാഷ്‌ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍ക്ക് അവസരം നല്‍കും. രാവിലെ 10 മുതല്‍ ഉച്ചതിരിഞ്ഞ് രണ്ടു വരെയാണ് ദില്ലിയിലെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്ത് ഇതിനുള്ള അവസരം ഒരുക്കിയിരിക്കുന്നത്. ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ട് എന്നിവിടങ്ങളില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഉപയോഗിച്ച 14 ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളാണ് ഇതിനായി ദില്ലിയില്‍ കൊണ്ടുവന്നിരിക്കുന്നത്.

പഞ്ചാബിലെ ഭട്ടിന്‍ഡ, പട്യാല, ഉത്തര്‍പ്രദേശിലെ ഗൗതംബുദ്ധ് നഗര്‍, ഗാസിയാബാദ്, ഉത്തരാഖണ്ടിലെ ഡെറാഡൂണ്‍ എന്നിവിടങ്ങളില്‍ ഉപയോഗിച്ച യന്ത്രങ്ങളാണ് പരിശോധനയ്‌ക്ക് നല്‍കുന്നത്. ഒരു രാഷ്‌ട്രീയ പാര്‍ട്ടിക്ക് മൂന്നു പേരുള്‍പ്പെടുന്ന പ്രതിനിധികളെ നിയമിക്കാം. നാലു മെഷീനുകള്‍ വരെ പരിശോധിക്കാം. ഇവയില്‍ എന്തെങ്കിലും ക്രമക്കേട് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നടത്തിയോ എന്ന് തെളിയിക്കാം. ഒരു സ്ഥാനാര്‍ത്ഥിക്ക് എല്ലാ വോട്ടും രേഖപ്പെടുത്തിയെന്ന ആരോപണത്തിന് തെളിവു നല്‍കാനും നിര്‍ദ്ദേശമുണ്ട്.

എത്ര പ്രാവശ്യം വേണമെങ്കിലും വോട്ടിംഗ് ബട്ടണ്‍ അമര്‍ത്തി പരിശോധിക്കാമെന്നും ചിപ്പ്, മതര്‍ബോ‍ര്‍ഡ്, സര്‍ക്യൂട്ട് എന്നിവ പരിശോധിക്കാമന്നും കമ്മീഷന്‍ അറിയിച്ചു. എന്നാല്‍ യന്ത്രത്തിലെ ഏതെങ്കിലും ഭാഗം മാറ്റി സ്ഥാപിക്കാന്‍ അനുവദിക്കില്ല. തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തുന്നതിന് സമാന്തര ഹാക്കത്തോണ്‍ സംഘടിപ്പിക്കുമെന്ന് ആം ആദ്മി പാര്‍ട്ടി പ്രഖ്യാപിച്ചിട്ടുണ്ട.തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഈ നീക്കത്തിന് ഭരണഘടനാ സാധുതയില്ലെന്ന് ഉത്തരാഖണ്ഡ് ഹൈക്കോടതി ഇന്നലെ വാക്കാല്‍ പരാമര്‍ശിച്ചിരുന്നു.