ദില്ലി: കള്ളപ്പണം വെളുപ്പിക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് അറസ്റ്റ് ചെയ്യപ്പെട്ട കശ്‍മീരി വിഘടനവാദി നേതാവിനോട് കോടതി മുറിക്കുള്ളില്‍ വെച്ച് ഭാരത് മാതാ കീ ജയ് വിളിക്കാന്‍ ആവശ്യപ്പെട്ട് സര്‍ക്കാര്‍ അഭിഭാഷകന്‍. ജൂലൈ 25ന് കശ്‍മീരില്‍ നിന്ന് അറസ്റ്റിലായ ഷാബിര്‍ ഷായെ ഇന്ന് ദില്ലിയിലെ കോടതിയില്‍ ഹാജരാക്കിയപ്പോഴായിരുന്നു സംഭവം.
സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന സര്‍ക്കാര്‍ ഏജന്‍സിയായ എന്‍ഫോഴ്‍സ്‍മെന്റ് ഡയറക്ടറേറ്റിന്റെ അഭിഭാഷകനാണ് കോടതി മുറിക്കുള്ളില്‍ വെച്ച് ഷാബിര്‍ ഷായോട് വിചിത്രമായ ആവശ്യമുന്നയിച്ചത്. ഇദ്ദേഹത്തെ പോലുള്ളവര്‍ രാജ്യത്തെ നശിപ്പിക്കുകയാണെന്ന് പ്രഖ്യാപിച്ച ശേഷമായിരുന്നു, അഭിഭാഷകന്‍ ഷാബിര്‍ ഷായോട് നിങ്ങള്‍ക്ക് ഭാരത് മാതാ കീ ജയ് എന്ന് വിളിക്കാന്‍ കഴിയുമോ എന്ന് ചോദിച്ചത്. ഇതോടെ വാദത്തില്‍ ഇടപെട്ട ജഡ്ജി, ഇത് കോടതിയാണെന്നും ടി.വി സ്റ്റുഡിയോ ആക്കരുതെന്നും അഭിഭാഷകനോട് ആവശ്യപ്പെട്ടു. തുടര്‍ന്നാണ് അദ്ദേഹം പിന്‍വാങ്ങിയത്. കേസില്‍ കൂടുതല്‍ അന്വേഷണം നടത്താനുണ്ടെന്ന പ്രോസിക്യൂഷന്‍ വാദം പരിഗണിച്ച് കോടതി, ഷായെ ആറ് ദിവസം കൂടി കസ്റ്റഡിയില്‍ വിട്ടു.
2005ല്‍ കള്ളപ്പണം വെളുപ്പിച്ചെന്നാരോപിച്ചാണ് ശ്രീനഗറിവെ വീട്ടില്‍ നിന്ന് കഴിഞ്ഞ മാസം 25ന് അര്‍ദ്ധരാത്രി ഷാബിര്‍ഷായെ അറസ്റ്റ് ചെയ്തത്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നിരവധി തവണ സമന്‍സ് അയച്ചിട്ടും മറുപടി നല്‍കാന്‍ ഷാ തയാറായിരുന്നില്ല. തുടര്‍ന്ന് ദില്ലി കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു. രാഷ്ട്രീയ പ്രേരിതമായ കേസാണിതെന്നായിരുന്നു ഷാബിര്‍ ഷാ ആരോപിച്ചത്. പാകിസ്ഥാനില്‍ നിന്നടക്കം ഇദ്ദേഹത്തിന് പണം ലഭിച്ചിട്ടുണ്ടെന്നും ഇത് കശ്മീരില്‍ വിവിധ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചിട്ടുണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതായാണ് എന്‍ഫോഴ്‍സ്മെന്റ് ഡയറക്ടറേറ്റ് ആരോപിക്കുന്നത്.
