ദില്ലി: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസില്‍ വജ്ര വ്യാപാരി നീരവ് മോദിയുടെ വസതികളിലും ഓഫീസുകളിലും എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് നടത്തിയ റെയ്ഡില്‍ കോടികള്‍ വിലമതിക്കുന്ന സ്വര്‍ണ്ണ വജ്ര ആഭരണങ്ങള്‍ പിടികൂടി. 5100 കോടി രൂപയുടെ മൂല്യമുള്ള സ്വർണ്ണ, വജ്രാഭരണങ്ങൾ പിടികൂടിയത്. 4 കോടി രൂപയുടെ നിക്ഷേപമുള്ള ബാങ്ക് അക്കൗണ്ടുകളും എന്‍ഫോഴ്സ്മെന്‍റ് മരവിപ്പിച്ചു.

പഞ്ചാബ് നാഷണല്‍ബാങ്കില്‍ നിന്ന് 280 കോടി രൂപ തട്ടിച്ചതുമായി ബന്ധപ്പെട്ട് നേരത്തെ നീരവ് മോദിക്കെതിരെ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. തുടര്‍ന്ന് ബാങ്ക് ഉദ്യോഗസ്ഥര്‍ നടത്തിയ വിശദമായ പരിശോധനയിലാണ്, നീരവ് മോദി 11,334 കോടി രൂപയുടെ വെട്ടിപ്പ് നടത്തിയതായി കണ്ടെത്തിയത്. ഇതില്‍ 280 കോടി രൂപയുടെ തട്ടിപ്പ് സംബന്ധിച്ചാണ് എന്‍ഫോഴ്സമെന്‍റ് ഡയറക്ടറേറ്റ് കേസെടുത്തിരിക്കുന്നത്. 

തുടര്‍ന്ന് ഇന്ന് രാവിലെ നീരവ് മോദിയുടെയും എഫ് ഐആറില്‍ പ്രതി ചേര്‍ത്ത ബാങ്ക് ഉദ്യോഗസ്ഥരുടേയും വസതികളിലും ഓഫീസുകളിലും റെയ്ഡ് നടത്തുകയായിരുന്നു. രാജ്യത്ത് 12 ഇടങ്ങിലാണ് പരിശോധന. സിബിഐ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് തൊട്ടുമുമ്പ് നീരവ് മോദി വിദേശത്തേക്ക് രക്ഷപ്പെട്ടതായി അന്വേഷണ ഏജന്‍സികള്‍ സ്ഥിരീകരിച്ചു.