ദില്ലി: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ എഐഡിഎംകെ-ബിജെപി സഖ്യം രൂപീകരിക്കുന്നതിന്‍റെ സാധ്യതകള്‍ വെളിപ്പെടുത്തി തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ച ശേഷമായിരുന്നു പളനിസ്വാമിയുടെ പ്രതികരണം.

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം ബിജെപി സഖ്യം വേണമോയെന്ന് വ്യക്തമാക്കാമെന്നാണ് പളനിസ്വാമി പറയുന്നത്. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചിട്ടില്ലല്ലോ, അതിന് ശേഷം സഖ്യത്തെപ്പറ്റി സംസാരിക്കാമെന്ന് മാധ്യമങ്ങളോട് അദ്ദേഹം പറഞ്ഞു.

മന്ത്രി ഡി. ജയകുമാര്‍, ചീഫ് സെക്രട്ടറി ഗിരിജ വെെദ്യനാഥന്‍ എന്നിവര്‍ക്കൊപ്പമാണ് പളനിസ്വാമി പ്രധാനമന്ത്രിയെ സമര്‍പ്പിച്ചത്. തമിഴ്നാടിന്‍റെ ആവശ്യങ്ങള്‍ ഉള്‍ക്കൊള്ളിക്കുന്ന നിവേദനവും മുഖ്യമന്ത്രി നല്‍കി. സി.എന്‍. അണ്ണാദുരെ, ജയലളിത എന്നിവര്‍ക്ക് ഭാരത് രത്ന നല്‍കണമെന്നും ചെന്നെെ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന് എംജിആറിന്‍റെ പേര് നല്‍കണമെന്നുള്ള ആവശ്യങ്ങളും നിദേവനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ജയലളിതയുടെ മരണത്തിന് ശേഷം അത്ര ശുഭകരമായ സംഭവങ്ങളായിരുന്നില്ല എഐഡിഎംകെയില്‍ അരങ്ങേറിയിരുന്നത്. അതേസമയം, തമിഴ്നാട്ടിലെ മുഖ്യ പ്രതിപക്ഷമായ ഡിഎംകെ എം.കെ. സ്റ്റാലിന്‍റെ നേതൃത്വത്തില്‍ ബിജെപിക്കെതിരെ വലിയ പ്രചാരണമാണ് നടത്തുന്നത്.