എടപ്പാള്‍ തിയേറ്റര്‍ ഉടമയുടെ അറസ്റ്റ് നിയമവിരുദ്ധമെന്ന് ക്രൈംബ്രാഞ്ച്

മലപ്പുറം: എടപ്പാൾ തിയറ്റർ പീഡനക്കേസില്‍ തിയേറ്റർ ഉടമയുടെ അറസ്റ്റ് നിയമ വിരുദ്ധമെന്ന് ക്രൈം ബ്രാഞ്ച്. തിയേറ്റർ ഉടമയെ സാക്ഷികളിൽ ഒരാളാക്കുമെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി. സംഭവത്തില്‍ അന്വേഷണം നടത്താന്‍ നിയോഗിച്ച സംഘത്തിന്‍റേതാണ് കണ്ടെത്തല്‍. ലോക്കൽ പൊലീസുണ്ടായ വീഴ്ച കോടതിയുടെ റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കും. തിയേറ്റർ ഉടമയ്ക്ക് മാനേജർ പറഞ്ഞുള്ള അറിവ് മാത്രമേയുണ്ടായിരുന്നുള്ളു. സ്ഥലത്തില്ലായിരുന്ന തിയേറ്റർ ഉടമ ദൃശ്യങ്ങൾ കണ്ടിരുന്നില്ലെന്നും ഇടക്കാല റിപ്പോർട്ട് ഉണ്ടാകില്ലെന്നും ക്രൈം ബ്രാഞ്ച് വ്യക്തമാക്കിയിട്ടുണ്ട്.

പീഡന വിവരം പൊലീസിനെയും ചൈല്‍ഡ് ലൈനിനെയും വീഡിയോ സഹിതം അറിയിച്ച തിയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്തതില്‍ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. വാദി പ്രതിയാകുന്ന അവസ്ഥയ്ക്കെതിരെ എല്‍ഡിഎഫ് നേതാക്കള്‍ തന്നെ രംഗത്തെത്തുകയും ചെയ്തു. തുടര്‍ന്നായിരുന്നു ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ ഇക്കാര്യം കൂടി ഉള്‍പ്പെടുത്തിയത്.