തെളിവുണ്ടായിട്ടും നടപടിയെടുത്തില്ല അറസ്റ്റ് വൈകിയത് പൊലീസിന്‍റെ പരാജയം രൂക്ഷ വിമര്‍ശനവുമായി സ്പീക്കര്‍

കൊച്ചി: എടപ്പാളിലെ തിയറ്ററിൽ പത്തുവയസ്സുകാരി പീഡനത്തിന് ഇരയായ സംഭവത്തിൽ പൊലീസിനെതിരെ വിമര്‍ശനവുമായി സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണൻ. സംഭവത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്യാൻ വൈകിയത് പൊലീസിന്‍റെ പരാജയമാണെന്നും സംസ്ഥാനത്തെ പൊലീസ് സേനയ്ക്കു വലിയ നാണക്കേടുണ്ടാക്കിയെന്നും അദേഹം പറഞ്ഞു. കൊച്ചിയിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

വിശ്വസനീയമായ തെളിവുകളാണ് പ്രതിക്കെതിരെ ഉണ്ടായിരുന്നത്. എന്നിട്ടും പൊലീസ് ഉടൻ നടപടിയെടുക്കാത്തത് അവിശ്വസനീയമാണ്. 50 മിനിറ്റ് വിഡിയോ ദൃശ്യം വിശ്വസനീയമായ തെളിവാണ്. കേസെടുക്കാൻ വൈകിയതിന് ചങ്ങരംകുളം എസ്ഐയെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. സംഭവത്തെക്കുറിച്ചും സ്ഥിതിഗതിയെക്കുറിച്ചും വിശദമായി പഠിച്ച് ആവശ്യമെങ്കിൽ കൂടുതൽ നടപടി സ്വീകരിക്കുമെന്നും സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.