തോമസ്​ ചാണ്ടിയുടെ രാജി പ്രശ്​നത്തിൽ ഇടതുമുന്നണിയിലെ പൊട്ടിത്തെറി ഏറ്റുപിടിച്ച്​ പാർട്ടി പത്രങ്ങൾ. കഴിഞ്ഞ ദിവസം സി.പി.​ഐ സംസ്ഥാന സെക്രട്ടറി കാനം രാജേ​ന്ദ്രൻ പാർട്ടി പത്രമായ ജനയുഗത്തി​ന്‍റെ ഒന്നാം പേജിൽ പേര്​ വെച്ചെഴുതിയ മുഖപ്രസംഗത്തിന്​ അതേനാണയത്തിൽ ത​ന്നെ മറുപടിയുമായി സി.പി.എം രംഗത്ത്​ വന്നു. പാർട്ടി പത്രമായ ഭേശാഭിമാനി മുഖപ്രസംഗത്തിലൂടെയാണ്​ സി.പി.​ഐക്കും ജനയുഗത്തിനും മറുപടി നൽകുന്നത്​. ഇരു പാർട്ടികളുടെയും  നിലപാട്​ വിശദീകരിച്ച്​ ജനയുഗത്തിൽ പ്രത്യേക ലേഖനവുമുണ്ട്​. കഴിഞ്ഞ ദിവസം ജനയുഗത്തിൽ കാനം പേര്​ വെച്ച്​ മുഖപ്രസംഗമെഴുതിയ നടപടിയെ ​ദേശാഭിമാനി അസാധാരണം എന്നാണ്​ വിശേഷിപ്പിക്കുന്നത്​.

നേരത്തെ മന്ത്രിസഭായോഗത്തിൽ നിന്ന്​ സി.പി.​ഐ മന്ത്രിമാർ വിട്ടുനിന്ന നടപടിയെ മുഖ്യമന്ത്രി പിണറായി വിജയൻ അസാധാരണ നടപടിയെന്ന്​ വിശേഷിപ്പിച്ചിരുന്നു. മന്ത്രിസഭായോഗത്തില്‍നിന്ന് വിട്ടുനില്‍ക്കത്തക്ക എന്ത് അസാധാരണത്വമാണ്  ഉണ്ടായ​തെന്ന് ​ദേശാഭിമാനി മുഖപ്രസംഗത്തിൽ ചോദിക്കുന്നു. മന്ത്രിസഭായോഗത്തില്‍നിന്ന് വിട്ടുനില്‍ക്കാന്‍ സിപിഐ തീരുമാനം എടുത്തിരുന്നെങ്കില്‍  യോഗം മറ്റൊരുസമയത്തേക്ക് മാറ്റിവയ്ക്കാന്‍ ആവശ്യപ്പെടുകയാണ് വേണ്ടിയിരുന്നത്.  മന്ത്രിസഭായോഗത്തില്‍ പങ്കെടുക്കുന്നില്ല എന്നറിയിച്ചുള്ള കുറിപ്പ് മുഖ്യമന്ത്രിക്ക് നല്‍കുകയാണുണ്ടായത്. ഇതാണ് അസാധാരണമായ നടപടി. എല്‍ഡിഎഫിനോ മുന്നണിക്കോ നിരക്കുന്ന നടപടിയാണോ സിപിഐ സ്വീകരിച്ചത് എന്ന് നേതൃത്വം പരിശോധിക്കണം.

മന്ത്രിസഭായോഗം ബഹിഷ്കരിക്കത്തക്ക ഗുരുതരസാഹചര്യം വന്നാല്‍ മുന്നണിനേതൃത്വം വഴിയാണ് അക്കാര്യം കൈകാര്യംചെയ്യേണ്ടിയിരുന്നത്. അതിനുപകരം രാഷ്ട്രീയ എതിരാളികള്‍ക്ക് ആയുധം നല്‍കുകയല്ല വേണ്ടത്. മുന്നണിയുടെ ഐക്യവും കെട്ടുറപ്പും പ്രധാനമാണ്. അതിന് വിരുദ്ധമായ ചെറിയ നീക്കംപോലും എല്‍ഡിഎഫിനെ അധികാരത്തിലേറ്റിയ ജനം പൊറുക്കുകയില്ലെന്ന് ഭേശാഭിമാനി ആഞ്ഞടിക്കുന്നു. ഒരു മുന്നണി എന്നനിലയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഏതെങ്കിലും ഒരു പാര്‍ട്ടിയുടെ നിലപാട് മറ്റുള്ളവരെല്ലാം അംഗീകരിക്കണമെന്ന സമീപനം പ്രായോഗികമല്ല.  അത് മുന്നണിമര്യാദയുമല്ല. അതുകൊണ്ടാണ് കക്ഷികള്‍ തമ്മില്‍ ഉഭയകക്ഷിചര്‍ച്ചയും മുന്നണിക്കകത്തുനിന്നുള്ള ചര്‍ച്ചയും എന്ന രീതി പലപ്പോഴും സ്വീകരിക്കുന്നത്. 

തോമസ് ചാണ്ടിയെന്ന മന്ത്രിക്കെതിരെ റവന്യൂമന്ത്രിക്ക് പരാതി ലഭിച്ചപ്പോള്‍ റവന്യൂമന്ത്രി നേരെ കലക്ടര്‍ക്ക് പരിശോധനയ്ക്കുവേണ്ടി നിര്‍ദേശിച്ച് അയച്ചുകൊടുക്കുകയാണ് ചെയ്തത്. ഇതും ഒരു അസാധാരണ നടപടിയാണ്. ഒരു മന്ത്രിക്കെതിരെ ഉയര്‍ന്നുവരുന്ന ആരോപണം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി കൈകാര്യംചെയ്യുന്ന നടപടിയല്ല ഇവിടെ സ്വീകരിച്ചത്. ഭൂമി പ്രശ്നത്തിൽ ആലപ്പുഴ ജില്ലാ മുൻ കലക്​ടർ സ്വീകരിച്ച നിലപാടിൽ നിന്ന്​ വ്യത്യസ്​തമാണ്​ ഇപ്പോഴത്തെ കലക്​ടർ സ്വീകരിച്ചത്​. ഇതുസംബന്ധിച്ച നിയമപ്രശ്​നം ഉടലെടുത്തപ്പോഴാണ്​ നിയമോപദേശം വാങ്ങി പരിശോധനകളിൽ മുഖ്യമന്ത്രിയുടെ ഓഫീസ്​ ഇടപെട്ടതെന്നും ദേശാഭിമാനി വിശദീകരിക്കുന്നു.

വിഷയത്തില്‍ സിപിഐ-സിപിഎം നിലപാടുകളിലെ ഭിന്നത അക്കമിട്ടാണ് ഇന്നത്തെ ജനയുഗത്തിന്‍റെ എഡിറ്റോറിയല്‍. എല്‍ഡിഎഫിനെ ശക്തിപ്പെടുത്തണമെന്ന് തന്നെയാണ് സിപിഐ നിലപാട് എന്ന് ജനയുഗം പറയുന്നു. 

ദേശാഭിമാനിയുടെ മു‍ഖപ്രസംഗം വായിക്കാം

ഇത് അസാധാരണ നടപടിതന്നെ

നവംബര്‍ 15ന്‍റെ മന്ത്രിസഭായോഗത്തില്‍നിന്ന് സിപിഐ പ്രതിനിധികള്‍ വിട്ടുനിന്ന നടപടി ന്യായീകരിച്ചുള്ള ജനയുഗം മുഖപ്രസംഗം സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, ചീഫ് എഡിറ്റര്‍ എന്നനിലയില്‍ ഒപ്പിട്ട് പ്രസിദ്ധീകരിച്ചത് അസാധാരണ നടപടിയാണ്. മന്ത്രിസഭായോഗത്തില്‍നിന്ന് സിപിഐ മന്ത്രിമാര്‍ വിട്ടുനിന്നത് അസാധാരണ നടപടിയെന്ന് മുഖ്യമന്ത്രി വിശേഷിപ്പിച്ചതിനെ അടിസ്ഥാനമാക്കിയാണ് മുഖപ്രസംഗം. അസാധാരണമായ സാഹചര്യം ഉണ്ടായതുകൊണ്ടാണ് അസാധാരണമായ നടപടി സ്വീകരിച്ചത് എന്നുപറഞ്ഞ് നടപടിയെ ന്യായീകരിക്കുകയാണ് ഇവിടെ. സിപിഐ എം, സിപിഐ, ജനതാദള്‍ എസ്, കോണ്‍ഗ്രസ് എസ്, എന്‍സിപി എന്നീ കക്ഷികള്‍ ഉള്‍പ്പെട്ടതാണ് എല്‍ഡിഎഫ് മന്ത്രിസഭ. മന്ത്രിസഭയില്‍ ഇല്ലാത്ത ആര്‍എസ്പി ലെനിനിസ്റ്റ്, സിഎംപി, കേരള കോണ്‍ഗ്രസ് ബി എന്നിവരുടെ എംഎല്‍എമാരും പിന്തുണയ്ക്കുന്ന സര്‍ക്കാരാണിത്. മുന്നണിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ചര്‍ച്ചചെയ്ത് അഭിപ്രായസമന്വയമുണ്ടാക്കി തീരുമാനമെടുക്കുന്ന പ്രവര്‍ത്തനശൈലിയാണ് എല്‍ഡിഎഫിന്റേത്. ഏതെങ്കിലും ഒരുകക്ഷിക്ക് വ്യത്യസ്ത അഭിപ്രായമുണ്ടായാല്‍ അത്തരം പ്രശ്നങ്ങള്‍ മാറ്റിവയ്ക്കുകയോ ചര്‍ച്ചയില്‍കൂടി പരിഹരിക്കുകയോചെയ്യുന്ന സമീപനമാണ് എല്ലായ്പോഴും കൈക്കൊണ്ടിട്ടുള്ളത്. ഒരു മുന്നണി എന്നനിലയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഏതെങ്കിലും ഒരു പാര്‍ടിയുടെ നിലപാട് മറ്റുള്ളവരെല്ലാം അംഗീകരിക്കണമെന്ന സമീപനം പ്രായോഗികമല്ല.  അത് മുന്നണിമര്യാദയുമല്ല. അതുകൊണ്ടാണ് കക്ഷികള്‍തമ്മില്‍ ഉഭയകക്ഷിചര്‍ച്ചയും മുന്നണിക്കകത്തുനിന്നുള്ള ചര്‍ച്ചയും എന്ന രീതി പലപ്പോഴും സ്വീകരിക്കുന്നത്. ഓരോസന്ദര്‍ഭത്തിലും ഉയര്‍ന്നുവരുന്ന സങ്കീര്‍ണമായ പ്രശ്നങ്ങളെ സമചിത്തതയോടെ കൈകാര്യംചെയ്താണ് 1980മുതല്‍ എല്‍ഡിഎഫ് പ്രവര്‍ത്തിച്ചുവരുന്നത്. എന്നാല്‍, കഴിഞ്ഞദിവസങ്ങളില്‍ ഉണ്ടായ സംഭവങ്ങള്‍ ശത്രുക്കള്‍ക്ക് മുതലെടുപ്പ് നടത്താന്‍ സഹായകവും ഇടതുപക്ഷമുന്നണിയെ ദുര്‍ബലപ്പെടുത്തണമെന്ന് ആഗ്രഹിക്കുന്ന വിഭാഗങ്ങള്‍ക്ക് താല്‍ക്കാലികാശ്വാസം നല്‍കുന്ന നടപടിയുമായിപ്പോയി എന്ന് പറയാതെ വയ്യ. 

യുഡിഎഫ് ഭരണകാലത്തെ അഴിമതി, കെടുകാര്യസ്ഥത, അസാന്മാര്‍ഗികപ്രവര്‍ത്തനങ്ങള്‍ എന്നിവയെല്ലാം അക്കമിട്ട് നിരത്തുന്ന സോളാര്‍ ജുഡീഷ്യല്‍ അന്വേഷണ കമീഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ യുഡിഎഫിനെ പ്രതിരോധിക്കാന്‍ ഒരുകൂട്ടം മാധ്യമങ്ങള്‍ കുറച്ചുദിവസമായി നടത്തുന്ന ശ്രമത്തിനൊപ്പമാണ് തോമസ് ചാണ്ടിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ഉയര്‍ന്നുവന്നത്.  അതിനാലാണ് ഈ പ്രശ്നങ്ങളിലെ നിയമവിഷയങ്ങള്‍ പരിശോധിച്ച് തീരുമാനമെടുക്കാന്‍ ഗവണ്‍മെന്‍റ് നടപടി സ്വീകരിച്ചത്. തോമസ് ചാണ്ടി ഡയറക്ടറായി പ്രവര്‍ത്തിക്കുന്ന ഒരു കമ്പനി നിയമ ലംഘനം നടത്തി എന്ന ആക്ഷേപം ഉയര്‍ന്നുവന്നപ്പോള്‍ത്തന്നെ നിയമപരമായ പരിശോധനയ്ക്ക് സര്‍ക്കാര്‍ സന്നദ്ധമായി. തോമസ് ചാണ്ടി മന്ത്രിസ്ഥാനം ഏറ്റെടുത്ത് നടത്തിയ ഏതെങ്കിലും പ്രവൃത്തിയെക്കുറിച്ചല്ല ആക്ഷേപം ഉയര്‍ന്നുവന്നത്. വര്‍ഷങ്ങള്‍ക്കുമുമ്പ് നടത്തിയ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടായിരുന്നു ആരോപണം. ഒരു പരിശോധനകൂടാതെ ഗവണ്‍മെന്‍റിന് ഒരു തീരുമാനം എടുക്കാന്‍ കഴിയുമായിരുന്നില്ല. ആരോപണങ്ങളെല്ലാം മന്ത്രി ശക്തമായി നിഷേധിക്കുകകൂടി ചെയ്തതോടെ സ്വാഭാവികനീതി ഒരു മന്ത്രിക്ക് നിഷേധിക്കുന്നത് ശരിയായ നടപടിയായിരിക്കില്ല. എന്നാല്‍, തോമസ് ചാണ്ടിയെന്ന മന്ത്രിക്കെതിരെ റവന്യൂമന്ത്രിക്ക് പരാതി ലഭിച്ചപ്പോള്‍ റവന്യൂമന്ത്രി നേരെ കലക്ടര്‍ക്ക് പരിശോധനയ്ക്കുവേണ്ടി നിര്‍ദേശിച്ച് അയച്ചുകൊടുക്കുകയാണ് ചെയ്തത്. ഇതും ഒരു അസാധാരണ നടപടിയാണ്. ഒരു മന്ത്രിക്കെതിരെ ഉയര്‍ന്നുവരുന്ന ആരോപണം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി കൈകാര്യംചെയ്യുന്ന നടപടിയല്ല ഇവിടെ സ്വീകരിച്ചത്. കുറ്റംചെയ്ത ഒരാള്‍ക്കും എല്‍ഡിഎഫ് സംരക്ഷണം നല്‍കുകയില്ല. ഈ ആത്മവിശ്വാസമാണ് എല്‍ഡിഎഫിന്റെ ഏറ്റവുംവലിയ കരുത്ത്.

ഇതിനുമുമ്പ് ചില മന്ത്രിമാര്‍ക്കെതിരെ ഉയര്‍ന്നുവന്ന പ്രശ്നങ്ങളില്‍ സര്‍ക്കാര്‍ തീരുമാനം കൈക്കൊണ്ടത് ഈ കാഴ്ചപ്പാടിന്‍റെ അടിസ്ഥാനത്തിലാണ്. എന്നാല്‍, ഈ പ്രശ്നത്തില്‍ കലക്ടറുടെ റിപ്പോര്‍ട്ട് റവന്യൂവകുപ്പ് വഴി മന്ത്രി മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചപ്പോള്‍ അതിന്മേല്‍ സ്വീകരിക്കേണ്ട തുടര്‍നടപടി സംബന്ധിച്ച് അഡ്വക്കറ്റ് ജനറലിനോട് സര്‍ക്കാര്‍ നിയമോപദേശം തേടുകയാണുണ്ടായത്. കലക്ടറുടെ റിപ്പോര്‍ട്ടിനകത്ത് മുന്‍ കലക്ടര്‍ സ്വീകരിച്ച നിലപാടുകളില്‍നിന്ന് വ്യത്യസ്തമായ വിവരങ്ങളാണുണ്ടായിരുന്നത്. മുന്‍ കലക്ടറുടെ 12-11-2014ലെ റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്ന മൂന്ന് നിലംനികത്തലുകളില്‍ രണ്ടാമത്തേതിനെക്കുറിച്ചുള്ള നിഗമനങ്ങളും അതിനെക്കുറിച്ച് നിലവിലുള്ള കലക്ടറുടെ 20-10-17ലെ നിഗമനങ്ങളും പരസ്പരവിരുദ്ധങ്ങളാണ്. നിലംനികത്തല്‍ കൈകാര്യംചെയ്യുന്നതിനുള്ള ഒരു  കലക്ടറുടെ അധികാരങ്ങള്‍ നെല്‍വയല്‍ തണ്ണീര്‍ത്തട നിയമത്തിലെ 9 (7), 13, 18, 19, 20 എന്നീ വകുപ്പുകള്‍പ്രകാരം നിര്‍ണയിക്കപ്പെട്ടിരിക്കുന്നു. 12-11-2014ലെ റിപ്പോര്‍ട്ടില്‍ പ്രതിപാദിക്കുന്ന മൂന്ന് നിലം നികത്തലുകളില്‍ രണ്ടാമത്തേതിനെക്കുറിച്ച് നിയമത്തിലെ 13-ാം വകുപ്പ് പ്രകാരമുള്ള (നികത്തപ്പെട്ട നിലം പൂര്‍വസ്ഥിതിയിലാക്കാനുള്ള ഉത്തരവ് നല്‍കാന്‍ കലക്ടര്‍ക്ക് അധികാരംനല്‍കുന്ന) നടപടികള്‍ സ്വീകരിക്കേണ്ടതില്ല എന്നായിരുന്നു മുന്‍ കലക്ടറുടെ നിഗമനം. അവിടെയുള്ള കര്‍ഷകര്‍ക്ക് ഉപയോഗപ്രദമായിരുന്നു തുടങ്ങിയ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അന്നത്തെ കലക്ടര്‍ അത്തരത്തിലുള്ള നിഗമനത്തിലെത്തിയത്. ഈ നിയമപ്രകാരം ഒരു കലക്ടര്‍ക്ക് പുനഃപരിശോധനാ അധികാരം ഇല്ല.  നിയമപ്രകരം നല്‍കിയാലല്ലാതെ ഒരു അധികാരിക്ക് പുനഃപരിശോധനാ അധികാരം  പ്രയോഗിക്കാനാകില്ല. ഉത്തരവിറക്കിയ കലക്ടര്‍ക്കോ തുടര്‍ന്നുവരുന്ന കലക്ടര്‍ക്കോ പ്രസ്തുത നിയപ്രകാരമുള്ള നടപടികള്‍ പുനഃപരിശോധിക്കാനാകില്ല. അതിനാല്‍ 12-11-2014ലെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കപ്പെട്ടിരുന്ന മൂന്ന് നികത്തലുകളില്‍ രണ്ടാമത്തേതിനെതിരെ നിയമത്തിലെ 13-ാം വകുപ്പ് പ്രകാരമുള്ള നടപടികള്‍ സ്വീകരിക്കേണ്ടതില്ല എന്നുള്ള അന്നത്തെ കലക്ടറുടെ നിഗമനത്തില്‍നിന്ന് വ്യത്യസ്തമായിട്ടുള്ള ഇപ്പോഴത്തെ കലക്ടറുടെ 20-10-17ലെ നിഗമനങ്ങള്‍ നിയമപ്രകാരം നിലനില്‍ക്കത്തക്കതല്ല എന്ന നിയമോപദേശം ലഭിച്ചതിനെ തുടര്‍ന്നാണ് ഇതുസംബന്ധിച്ച പരിശോധനകളില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഏര്‍പ്പെട്ടത്.

അഡ്വക്കറ്റ് ജനറലിന്‍റെ നിയമോപദേശം പരിശോധിച്ച് യുക്തമായ തീരുമാനം കൈക്കൊള്ളാനാണ് മുഖ്യമന്ത്രിയെ നവംബര്‍ 12ന് ചേര്‍ന്ന എല്‍ഡിഎഫ് യോഗം ചുമതലപ്പെടുത്തിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി കാര്യങ്ങള്‍ പരിശോധിച്ചുവരുന്നതിനിടയിലാണ് ഹൈക്കോടതിയില്‍നിന്ന് ചില പരാമര്‍ശങ്ങള്‍ ഉണ്ടായത്. തോമസ് ചാണ്ടി സമര്‍പ്പിച്ച അപേക്ഷ ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്ന് മുഖ്യമന്ത്രി എന്‍സിപി നേതൃത്വത്തിനും മന്ത്രിയ്ക്കും നവംബര്‍ 15ന് രാവിലെ മന്ത്രിസഭായോഗത്തിനുമുമ്പ് തന്നെ വന്നുകാണാന്‍ നിര്‍ദേശംനല്‍കി. സ്ഥിതിഗതികളുടെ ഗൌരവം എന്‍സിപി നേതൃത്വത്തെയും മന്ത്രിയെയും മുഖ്യമന്ത്രി ധരിപ്പിച്ചപ്പോള്‍ അഖിലേന്ത്യാ പാര്‍ടി എന്ന നിലയില്‍ എന്‍സിപി കേന്ദ്ര നേതൃത്വവുമായി ബന്ധപ്പെട്ട് 10.30ന് ശേഷം തീരുമാനം അറിയിക്കാം എന്ന് അവര്‍ മുഖ്യമന്ത്രിക്ക് ഉറപ്പുനല്‍കി. മുഖ്യമന്ത്രിയുടെ നിര്‍ദേശം മന്ത്രിയും എന്‍സിപിയും തള്ളിക്കളയുന്ന സാഹചര്യമുണ്ടെങ്കിലാണ് മറ്റൊരു നടപടി സ്വീകരിക്കേണ്ടത.് എന്നാല്‍, മുഖ്യമന്ത്രിയുടെ നിര്‍ദേശം അംഗീകരിച്ച് എന്‍സിപി കേന്ദ്രനേതൃത്വത്തിന്റെ അനുമതിയോടെ രാജിക്കത്ത് നല്‍കുകയാണ് തോമസ് ചാണ്ടി ചെയ്തത്. മന്ത്രിസഭായോഗത്തില്‍നിന്ന് വിട്ടുനില്‍ക്കത്തക്ക എന്ത് അസാധാരണത്വമാണ് ഇവിടെ ഉണ്ടായത്? മന്ത്രിസഭായോഗത്തില്‍നിന്ന് വിട്ടുനില്‍ക്കാന്‍ സിപിഐ തീരുമാനം എടുത്തിരുന്നെങ്കില്‍ ഒമ്പതുമണിക്കുള്ള യോഗം മറ്റൊരുസമയത്തേക്ക് മാറ്റിവയ്ക്കാന്‍ ആവശ്യപ്പെടുകയാണ് വേണ്ടിയിരുന്നത്. എല്‍ഡിഎഫ് ചര്‍ച്ചചെയ്ത് തീരുമാനം ഉണ്ടായതിനുശേഷം യോഗം നടത്താം എന്ന തീരുമാനമല്ല സിപിഐ സ്വീകരിച്ചത്.

മന്ത്രിസഭായോഗത്തില്‍ പങ്കെടുക്കുന്നില്ല എന്നറിയിച്ചുള്ള കുറിപ്പ് മുഖ്യമന്ത്രിക്ക് നല്‍കുകയാണുണ്ടായത്. ഇതാണ് അസാധാരണമായ നടപടി. എല്‍ഡിഎഫിനോ മുന്നണിക്കോ നിരക്കുന്ന നടപടിയാണോ സിപിഐ സ്വീകരിച്ചത് എന്ന് നേതൃത്വം പരിശോധിക്കണം. മന്ത്രിസഭായോഗം ബഹിഷ്കരിക്കത്തക്ക ഗുരുതരസാഹചര്യം വന്നാല്‍ മുന്നണിനേതൃത്വം വഴിയാണ് അക്കാര്യം കൈകാര്യംചെയ്യേണ്ടിയിരുന്നത്. അതിനുപകരം രാഷ്ട്രീയ എതിരാളികള്‍ക്ക് ആയുധം നല്‍കുകയല്ല വേണ്ടത്. മുന്നണിയുടെ ഐക്യവും കെട്ടുറപ്പും പ്രധാനമാണ്. അതിന് വിരുദ്ധമായ ചെറിയ നീക്കംപോലും എല്‍ഡിഎഫിനെ അധികാരത്തിലേറ്റിയ ജനം പൊറുക്കുകയില്ല. 

ജനയുഗത്തിന്‍റെ ലേഖനം വായിക്കാം

രാജിയിലേയ്ക്ക് നയിച്ച സംഭവ വികാസങ്ങൾ : സിപി ഐഎം – സിപി ഐ നിലപാടുകൾ

തിരുവനന്തപുരം: ഗതാഗത വകുപ്പ് മന്ത്രി തോമസ് ചാണ്ടിയുടെ രാജിയിലേയ്ക്ക് നയിച്ച സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തില്‍ സിപിഐ (എം) നിലപാട് വിശദീകരിക്കാന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഇന്നലെ വാര്‍ത്താ സമ്മേളനം നടത്തിയിരുന്നു. അദ്ദേഹം ഉന്നയിച്ച വിഷയങ്ങളില്‍ മാധ്യമ പ്രതിനിധികളോട് സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി അഡ്വ. കെ പ്രകാശ്ബാബു പാര്‍ട്ടി നിലപാടുകള്‍ വിശദീകരിക്കുകയുണ്ടായി. ഇരുപാര്‍ട്ടികളുടെയും കാഴ്ചപ്പാടുകളാണ് താഴെ അക്കമിട്ട് നിരത്തുന്നത്.

സിപി ഐഎം നിലപാട്:

  1.  എല്‍ഡിഎഫിനെ ശക്തിപ്പെടുത്തണമെന്നു തന്നെയാണ് സിപിഐ നിലപാട്, അഖിലേന്ത്യാ പാര്‍ട്ടികളെന്ന നിലയില്‍ ആ കാഴ്ചപ്പാട് വച്ചുകൊണ്ടാണ് ഇരുപാര്‍ട്ടികളും രാഷ്ട്രീയ നിലപാട് കൈക്കൊള്ളുന്നത്. തോമസ് ചാണ്ടി വിഷയത്തില്‍ മുന്നണി ബന്ധം തകരുമെന്ന വിശ്വാസം സിപിഐ എമ്മിനില്ല. എല്‍ഡിഎഫിനെ ശക്തിപ്പെടുത്തണമെന്നു തന്നെയാണ് സിപിഐ നിലപാട്, അഖിലേന്ത്യാ പാര്‍ട്ടികളെന്ന നിലയില്‍ ആ കാഴ്ചപ്പാട് വച്ചുകൊണ്ടാണ് ഇരുപാര്‍ട്ടികളും രാഷ്ട്രീയ നിലപാട് കൈക്കൊള്ളുന്നത്. തോമസ് ചാണ്ടി വിഷയത്തില്‍ മുന്നണി ബന്ധം തകരുമെന്ന വിശ്വാസം സിപിഐ എമ്മിനില്ല
  2. നവംബര്‍ 15ന്‍റെ മന്ത്രിസഭാ യോഗത്തില്‍ നിന്നും സിപിഐ പ്രതിനിധികള്‍ വിട്ടുനിന്ന നടപടി അസാധാരണവും ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതുമായിരുന്നു. അസാധാരണ സാഹചര്യം ഉണ്ടായതുകൊണ്ടാണ് തങ്ങള്‍ അസാധാരണ നടപടികള്‍ സ്വീകരിച്ചതെന്ന നിലപാടാണ് സിപിഐ സംസ്ഥാന സെക്രട്ടറിയുടേത്. മുന്നണി സംവിധാനത്തില്‍ ഇത്തരം നിലപാടാണോ സ്വീകരിക്കേണ്ടതെന്ന് സിപിഐ നേതൃത്വം ആലോചിക്കണം. വ്യത്യസ്ത അഭിപ്രായങ്ങളുള്ള വിവിധ കക്ഷികള്‍ ഉള്‍ക്കൊള്ളുന്ന മുന്നണിയാണെങ്കിലും നയപരമായ യോജിപ്പും പ്രവര്‍ത്തന ഐക്യവുമാണ് എല്‍ഡിഎഫിന്‍റെ പ്രധാനപ്പെട്ട കരുത്ത്. വ്യത്യസ്ത അഭിപ്രായമുണ്ടായാല്‍ പാര്‍ട്ടികള്‍ തമ്മില്‍ ഉഭയകക്ഷി ചര്‍ച്ചകളും മുന്നണിയ്ക്കകത്ത് ചര്‍ച്ചകളും നടത്തി പരിഹരിക്കുന്ന രീതിയാണ് എല്‍ഡിഎഫ് സ്വീകരിച്ചുവരുന്നത്.
  3. തോമസ് ചാണ്ടിയുമായി ബന്ധപ്പെട്ട പ്രശ്‌നം ഉയര്‍ന്നുവന്നപ്പോള്‍ എല്‍ഡിഎഫ് സംസ്ഥാനകമ്മിറ്റി ചര്‍ച്ച ചെയ്ത് തീരുമാനിച്ചത്, അഡ്വക്കേറ്റ് ജനറലിന്‍റെ നിയമോപദേശം പരിശോധിച്ച് മുഖ്യമന്ത്രി തീരുമാനം എടുക്കണം എന്നായിരുന്നു. നവംബര്‍ 12ന് ചേര്‍ന്ന എല്‍ഡിഎഫ് യോഗമാണ് ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തിയത്. ഇതിന്റെ ഭാഗമായി തീരുമാനത്തിലെത്താന്‍ ശ്രമം നടക്കുന്നതിനിടയില്‍ മന്ത്രിസഭായോഗത്തില്‍ നിന്ന് വിട്ടുനിന്ന നടപടി അനുചിതമാണ്. ശത്രുപക്ഷത്തുള്ളവര്‍ക്ക് ആഹ്ലാദിക്കാന്‍ മാത്രമേ ഈ നടപടി സഹായകമായിട്ടുള്ളൂ.
  4.  സിപിഐ ഇത്തരമൊരു നിലപാട് സ്വീകരിക്കുന്നത് മുന്നണി നേതൃത്വത്തെയും മുഖ്യമന്ത്രിയേയും നേരിട്ട് അറിയിച്ചിരുന്നുവെങ്കില്‍ രാഷ്ട്രീയതീരുമാനത്തിന് അവസരമുണ്ടാകുമായിരുന്നു. അത്തരം രാഷ്ട്രീയതീരുമാനത്തിനും ചര്‍ച്ചയ്ക്കുമുള്ള അവസരം ഒഴിവാക്കി മന്ത്രിസഭാ യോഗത്തില്‍ നിന്നും മാറി നിന്നത് അപക്വമായ നടപടിയായിപോയി. ഏതാനും സമയങ്ങള്‍ക്കുള്ളില്‍ മന്ത്രി രാജിവെയ്ക്കുമ്പോള്‍ അതിന്റെ ഖ്യാതി തങ്ങള്‍ സ്വീകരിച്ച നടപടികൊണ്ടാണെന്ന് വ്യാഖ്യാനിക്കാനാണ് ഇത്തരമൊരു സമീപനം സിപിഐ സ്വീകരിച്ചത് എന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റപ്പെടുത്താന്‍ കഴിയില്ല. ഇത് മുന്നണി മര്യാദയ്ക്ക് യോജിച്ചതല്ല. ഒരു സര്‍ക്കാരായി പ്രവര്‍ത്തിക്കുമ്പോള്‍ കയ്യടികളും വിമര്‍ശനങ്ങളുമുണ്ടാകും. കയ്യടികള്‍ മാത്രം തങ്ങള്‍ ഏറ്റുവാങ്ങിക്കൊള്ളാമെന്നും വിമര്‍ശനങ്ങള്‍ മറ്റുള്ളവര്‍ ഏറ്റെടുക്കട്ടേ എന്ന സമീപനം മുന്നണി സംവിധാനത്തിന് യോജിച്ചതല്ല.
  5. തോമസ് ചാണ്ടിയുടെ പേരില്‍ ആരോപിക്കപ്പെട്ട കുറ്റങ്ങള്‍ അദ്ദേഹം മന്ത്രിസ്ഥാനം ഏറ്റെടുത്തതിന് ശേഷം നടത്തിയ ഏതെങ്കിലും പ്രവര്‍ത്തികളെ സംബന്ധിച്ചല്ല. വര്‍ഷങ്ങള്‍ക്ക് മുമ്പ് നടത്തിയ ചില നടപടികളുമായി ബന്ധപ്പെട്ടാണ് ആരോപണം ഉയര്‍ന്നുവന്നത്. ഏത് തരം ആരോപണം ഉയര്‍ന്നവന്നാലും അത് പരിശോധിച്ച് നിയമാനുസൃതമായ നടപടി സ്വീകരിക്കുക എന്നതാണ് എല്‍ഡിഎഫിന്റെ കാഴ്ചപ്പാട്. യാതൊരുവിധ തെറ്റായ പ്രവര്‍ത്തികളെയും നിയമലംഘനങ്ങളെയും അംഗീകരിക്കുന്ന മുന്നണിയല്ല എല്‍ഡിഎഫ് എന്ന് ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം സ്വീകരിച്ച നടപടികളില്‍ കൂടിതന്നെ വ്യക്തമാക്കിയിട്ടുണ്ട്. തോമസ് ചാണ്ടിക്കെതിരെ ഉയര്‍ന്നുവന്ന ആക്ഷേപങ്ങള്‍ റവന്യൂവകുപ്പ് പരിശോധിക്കാന്‍ ജില്ലാ കളക്ടറെ ഏല്‍പ്പിക്കുകയാണ് ചെയ്തത്. കലക്ടറുടെ പരിശോധനാ റിപ്പോര്‍ട്ട് റവന്യൂ സെക്രട്ടറിയ്ക്കാണ് ലഭിച്ചത്. പ്രസ്തുത ഫയല്‍ റവന്യൂ മന്ത്രിവഴി മുഖ്യമന്ത്രിക്ക് ലഭിച്ചപ്പോള്‍ കലക്ടറുടെ റിപ്പോര്‍ട്ടില്‍ നിയമപരമായ പ്രശ്‌നങ്ങളാണ് ഉന്നയിച്ചത് എന്നതുകൊണ്ട് അഡ്വക്കേറ്റ് ജനറലിന്‍റെ നിയമോപദേശം തേടാന്‍ മുഖ്യമന്ത്രി നടപടി സ്വീകരിച്ചു. ആ നിയമോപദേശം മുഖ്യമന്ത്രി പരിശോധിച്ച് വരുന്നതിനിടയിലാണ് ഇപ്പോഴത്തെ സംഭവ വികാസങ്ങള്‍ ഉണ്ടായത്.   റിസോര്‍ട്ട് കമ്പനിക്കെതിരെ ഉയര്‍ന്നുവന്ന ആരോപണങ്ങളുമായി ബന്ധപ്പെട്ടുകൊണ്ട് 2014ലെ ജില്ലാ കളക്ടറുടെ 2014 നവംബര്‍ 12ലെ റിപ്പോര്‍ട്ടും നിലവിലുള്ള കളക്ടറുടെ 2017 ഒക്‌ടോബര്‍ 20ലെ നിഗമനങ്ങളും പരസ്പരവിരുദ്ധമാണെന്ന് ഏജിയുടെ നിയമോപദേശത്തില്‍ ചൂണ്ടിക്കാണിച്ചതുകൊണ്ടാണ് പരിശോധനയ്ക്ക് സമയമെടുത്തത്. അത് സ്വാഭാവിക സമയം മാത്രമാണ്. ഇതിനിടയില്‍ ഹൈക്കോടതിയില്‍ നിന്ന് തോമസ് ചാണ്ടിയുടെ അപേക്ഷ നവംബര്‍ 14ന് തള്ളിയതോടുകൂടി എല്‍ഡിഎഫ് ഉചിതമായ തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തിയ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി മന്ത്രിയുടെ രാജിയിലേക്ക് സംഭവങ്ങളെത്തിക്കാന്‍ ഇടപെട്ടത്.
  6. സോളാര്‍ അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട് 2017 സെപ്തംബര്‍ 26ന് സര്‍ക്കാരിന് ലഭിച്ചു. വിവിധ നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ നവംബര്‍ എട്ടിന്റെ മന്ത്രിസഭാ യോഗത്തില്‍ ഇത് സംബന്ധിച്ച അന്തിമ തീരുമാനം എടുത്തു. സോളാര്‍ റിപ്പോര്‍ട്ടിന്റെ കാര്യത്തിലും, തോമസ് ചാണ്ടി വിഷയത്തിലും നിയമവശം പരിശോധിച്ചാണ് തീരുമാനമെടുത്തത്.   യുഡിഎഫ് ഭരണകാലത്ത് നടത്തിയ അഴിമതികളും അസാന്മാര്‍ഗ്ഗിക പ്രവര്‍ത്തനങ്ങളും സംബന്ധിച്ച് യുഡിഎഫ് നിയമിച്ച ജസ്റ്റിസ് ശിവരാജന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നതോടുകൂടി മുഖം വികൃതമായ യുഡിഎഫിനെ രക്ഷപ്പെടുത്താന്‍ കുറച്ചുദിവസമായി യുഡിഎഫ് നേതൃത്വത്തില്‍ നടന്നുവരുന്ന ശ്രമങ്ങള്‍ക്ക് കരുത്ത് പകരാനാണ് സിപിഐയുടെ ഇപ്പോഴത്തെ നടപടി സഹായകരമായിട്ടുള്ളത്. 1980ല്‍ രൂപം കൊണ്ട മുന്നണിയാണ് ഇന്നത്തെ ഇടതുപക്ഷ ജനാധിപത്യ മുന്നണി. സങ്കീര്‍ണ്ണമായ ഒട്ടേറെ പ്രശ്‌നങ്ങളെ കൈകാര്യം ചെയ്യാന്‍ എല്‍ഡിഎഫിന് കഴിഞ്ഞിട്ടുണ്ട്. ഇപ്പോള്‍ സംഭവിച്ച ഈ കാര്യങ്ങളുടെ പേരില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയേയും എല്‍ഡിഎഫ് ഗവണ്‍മെന്റിനേയും ദുര്‍ബലപ്പെടുത്താന്‍ എതിരാളികള്‍ രംഗത്തിറങ്ങിയിട്ടുണ്ട്. ഇതിനെതിരെ എല്‍ഡിഎഫ് ജാഗ്രത പാലിക്കണം.

സിപിഐ പറയുന്നു: 

1. സിപിഐ സ്വീകരിക്കുന്ന നിലപാടുകള്‍ ഇടതു പക്ഷ ജനാധിപത്യ മുന്നണിയെ ദുര്‍ബലപ്പെടുത്തുന്നതല്ല, മറിച്ച് ശക്തിപ്പെടുത്തുന്നതാണ്.     1980ല്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയ്ക്ക് രൂപം നല്‍കിയപ്പോള്‍ ഏറ്റവുമധികം നഷ്ടം സംഭവിച്ച പാര്‍ട്ടി സിപിഐയാണ്. പികെവി മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചാണ് എല്‍ഡിഎഫ് രൂപീകരിച്ചത്. മറ്റൊരു പാര്‍ട്ടിക്കും അങ്ങനെയൊരു നഷ്ടം ഉണ്ടായിട്ടില്ല. അങ്ങനെ ഉണ്ടായൊരു മുന്നണിയെ സംരക്ഷിക്കേണ്ട ബാധ്യത മറ്റാരെക്കാളും സിപിഐയ്ക്കുണ്ട്. ആ ബാധ്യത സിപിഐ തുടര്‍ന്നും നിറവേറ്റും. ഇപ്പോഴുണ്ടായ അഭിപ്രായ ഭിന്നതകള്‍ മുന്നണിയെ തകര്‍ക്കുമെന്ന് പ്രതിപക്ഷനേതാവോ ബിജെപി നേതൃത്വമോ സ്വപ്‌നം കാണേണ്ട. സിപിഐയ്ക്കും സിപിഐ (എം)നും യോജിക്കേണ്ട ഒരുപാട് മേഖലകളുണ്ട്. ആ മേഖലകളില്‍ യോജിച്ച പ്രവര്‍ത്തനവുമായി ഇരു പാര്‍ട്ടികളും മുന്നോട്ടുപോകും. ഇക്കാര്യത്തില്‍ കോടിയേരി ബാലകൃഷ്ണന്‍ മാധ്യമങ്ങളോട് ഒടുവില്‍ പറഞ്ഞ കാര്യങ്ങളെ സ്വാഗതം ചെയ്യുന്നു.

2. മുഖ്യമന്ത്രിയുമായി ചര്‍ച്ചചെയ്തശേഷം താന്‍ മന്ത്രിസഭായോഗത്തില്‍ പങ്കെടുക്കുമെന്ന് വെല്ലുവിളിച്ച് തോമസ് ചാണ്ടി സെക്രട്ടേറിയറ്റില്‍ എത്തിയപ്പോഴാണ് സിപിഐ നിയമസഭ കക്ഷി നേതാവായ റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ തങ്ങള്‍ മന്ത്രിസഭായോഗത്തില്‍ പങ്കെടുക്കില്ലെന്ന് മുഖ്യമന്ത്രിയെ രേഖാമൂലം അറിയിച്ചത്. ഭരണഘടന ലംഘനം നടത്തുകയും താന്‍കൂടി അംഗമായ മന്ത്രിസഭയ്‌ക്കെതിരെ ഹൈക്കോടതിയെ സമീപിക്കുകയും ചെയ്ത ഒരു വ്യക്തിയോടൊപ്പം മന്ത്രിസഭായോഗത്തില്‍ പങ്കെടുക്കാനാകില്ല എന്നതാണ് സിപിഐയുടെ നിലപാട്.

3. തോമസ്ചാണ്ടി ബുധനാഴ്ചതന്നെ മന്ത്രിസ്ഥാനം രാജിവെയ്ക്കുമെന്ന് പാര്‍ട്ടി നേതൃത്വത്തിനെയോ നിയമസഭ കക്ഷിനേതാവിനെയോ ആരും അറിയിച്ചിരുന്നില്ല.    മുഖ്യമന്ത്രിയും എന്‍സിപി നേതാക്കളും തമ്മില്‍ നടന്ന ചര്‍ച്ചയുടെ വിവരങ്ങള്‍ റവന്യൂ മന്ത്രിയേയോ പാര്‍ട്ടി സെക്രട്ടറിയേയോ ബന്ധപ്പെട്ടവര്‍ അറിയിച്ചില്ല. മന്ത്രി രാജിവെയ്ക്കുമെന്നുള്ള ധാരണ രാവിലെ ഉണ്ടായിരുന്നുവെന്ന് സിപിഐ അറിയുന്നത് കോടിയേരി വെളിപ്പെടുത്തിയതിലൂടെയാണ്.

4. തോമസ്ചാണ്ടി രാജിവെച്ചതിന്റെ ക്രെഡിറ്റ് സിപിഐ ക്ക് വേണ്ട. ആര്‍ക്കുവേണമെങ്കിലും എടുക്കാം. നിയമ ലംഘനത്തിലൂടെ കായല്‍ കൈയ്യേറിയ തോമസ്ചാണ്ടി മാറണമെന്ന ആവശ്യം മാത്രമേ സിപിഐയ്ക്ക് ഉണ്ടായിരുന്നുള്ളു.    ശത്രുക്കളുടെ കൈയ്യിലെ ആയുധമാകാന്‍ സിപിഐ ഒരിക്കലും ശ്രമിച്ചിട്ടില്ല. അത് ആകുകയുമില്ല. എന്നാല്‍, ഇടതുപക്ഷ ജനാധിപത്യ മുന്നണി അതിന്റെ പ്രഖ്യാപിത നയങ്ങളില്‍ നിന്ന് വ്യതിചലിച്ചാല്‍, അത് ചൂണ്ടിക്കാട്ടാനുള്ള ബാധ്യത സി പി ഐക്കുണ്ട്. സിപിഐയും സിപിഐ(എം) തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ മുന്‍പും ഉണ്ടായിട്ടുണ്ട്. പുറത്തു പറയേണ്ടത് പുറത്ത് പറഞ്ഞും മുന്നണിയ്ക്കുള്ളില്‍ പറയേണ്ടത് മുന്നണിയ്ക്കുള്ളില്‍ പറഞ്ഞും  മുന്നോട്ടുപോകുന്ന സമീപനമാണ് സിപിഐ എന്നും സ്വീകരിച്ചിട്ടുള്ളത്. അതിന് കേരളത്തിലെ പൊതു സമൂഹത്തിന്റെ പിന്തുണയുമുണ്ട്.

5. 2014ലെ ആലപ്പുഴ ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ടും 2017ലെ കളക്ടറുടെ റിപ്പോര്‍ട്ടും തമ്മില്‍ വൈരുദ്ധ്യമുണ്ടെന്ന് ഇതുവരെ റവന്യൂ മന്ത്രി അറിഞ്ഞതായി തോന്നുന്നില്ല. നിയമോപദേശം മുഖ്യമന്ത്രി തേടിയത് റിപ്പോര്‍ട്ടിലെ വൈരുദ്ധ്യംകൊണ്ടാണെന്ന് കോടിയേരി ബാലകൃഷ്ണന്‍ വെളിപ്പെടുത്തുമ്പോള്‍ മാത്രമാണ് ഞങ്ങള്‍ അറിയുന്നത്.    ആലപ്പുഴ ജില്ലാ കളക്ടര്‍ റവന്യൂ സെക്രട്ടറിയ്ക്കു നല്‍കിയ റിപ്പോര്‍ട്ട് അദ്ദേഹം റവന്യൂ മന്ത്രിയ്ക്ക് കൈമാറി. ആ റിപ്പോര്‍ട്ടിന്മേല്‍ എന്തു നടപടിയാണ് സ്വീകരിക്കേണ്ടതെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയ്ക്ക് റവന്യൂ മന്ത്രിയാണ് റിപ്പോര്‍ട്ട് നല്‍കിയത്. റിപ്പോര്‍ട്ടിന്മേല്‍ മുഖ്യമന്ത്രി അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം തേടി. നിയമോപദേശം ലഭിച്ചാല്‍ അത് ആദ്യം അറിയേണ്ടത് റവന്യൂ മന്ത്രിയല്ലേ. ആ നിയമോപദേശം റവന്യൂ മന്ത്രി അറിഞ്ഞിട്ടില്ല.

6. സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിലൂടെ മുഖം വികൃതമായ യുഡിഎഫിനെ ചാണ്ടിയുടെ രാജി വൈകിച്ചതിലൂടെ രക്ഷിച്ചത് ആരാണെന്ന് ജനം വിലയിരുത്തട്ടെ. തോമസ് ചാണ്ടിയുടെ രാജി, നിയമോപദേശം ലഭിച്ചയുടന്‍ ഉണ്ടായിരുന്നെങ്കില്‍ രമേശ് ചെന്നിത്തലയ്ക്ക് പടയോട്ടം അവസാനിപ്പിച്ച് വീട്ടില്‍ പോയി ഇരിക്കേണ്ടി വരുമായിരുന്നു.   സിപിഐ എമ്മിന്റെ അവയിലബിള്‍ പോളിറ്റ് ബ്യൂറോ യോഗം ചേര്‍ന്ന് സിപിഐക്ക് കത്ത് നല്‍കിയെന്ന വാര്‍ത്ത മാധ്യമ സൃഷ്ടിമാത്രമാണ്.


കടപ്പാട്: ദേശാഭിമാനി, ജനയുഗം