ദോഹ: ഖത്തറിലെ ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ വിദേശികൾക്കും ഇ-ഗേറ്റ് സംവിധാനം ഏർപ്പെടുത്തുന്നു.നിലവിൽ സ്വദേശികളായ യാത്രക്കാർക്ക് മാത്രമാണ് ഖത്തർ ഐഡി ഉപയോഗിച്ച് എൻട്രി - എക്സിറ്റ് സൗകര്യം  ലഭ്യമാക്കുന്ന ഇ - ഗേറ്റ് സംവിധാനമുള്ളത്.ഇത് നടപ്പിലാകുന്നതോടെ ഇ-ഗേറ്റ് കാർഡുള്ള എല്ലാ യാത്രക്കാർക്കും എമിഗ്രെഷൻ കൗണ്ടറിൽ വരി നിൽക്കാതെ നിമിഷങ്ങൾക്കുള്ളിൽ നടപടികൾ പൂർത്തീകരിച്ചു പുറത്തിറങ്ങാനാവും.

യാത്രക്കാരുടെ വർധിച്ചു വരുന്ന തിരക്ക് പരിഗണിച്ചാണ് വിദേശികൾക്ക് കൂടി ഇ-ഗേറ്റ് സംവിധാനം ഏർപ്പെടുത്താൻ ആലോചിക്കുന്നത്. സ്വദേശികൾക്ക് ഈ സേവനം സൗജന്യമാണെങ്കിലും വിദേശികളിൽ നിന്ന് തുടക്കത്തിൽ രണ്ടു വർഷത്തേക്ക് 150 റിയാലും മൂന്നു വർഷത്തേക്ക് 200 റിയാലും ഫീസ് ഈടാക്കിയായിരിക്കും ഇ-ഗേറ്റ് കാർഡ് അനുവദിക്കുക. 

എന്നാൽ അധികം വൈകാതെ പ്രവാസികൾക്കും സേവനം സൗജന്യമാക്കുമെന്ന് എയർപോർട്ട് പാസ്പോർട്ട് വകുപ്പ് ഡയറക്റ്റർ കേണൽ മുഹമ്മദ് റാഷിദ് അൽ മസ്‌റൂവി പറഞ്ഞു. എയർപോർട്ടിലെ പാസ്പോർട്ട് വിഭാഗത്തിൽ ഐഡി കാർഡോ പാസ്പോർട്ടോ കാണിച്ചു നിശ്ചിത ഫീസ് അടച്ചാൽ ഇ-ഗേറ്റ് കാർഡ് ലഭിക്കും.

വിരലടയാളവും റെറ്റിനയും സ്കാൻ ചെയ്താണ് ഇ-ഗേറ്റ് കാർഡ് നൽകുക. എമിഗ്രെഷൻ കൗണ്ടറിനോട് ചേർന്ന് ഇ-ഗേറ്റ് കാർഡുള്ള യാത്രക്കാർക്കായി പ്രത്യേക കൗണ്ടറുകൾ സ്ഥാപിച്ചിട്ടുണ്ട്. കാർഡുള്ളവർക്ക് നേരിട്ട് കൗണ്ടറിനു മുന്നിൽ സ്ഥാപിച്ച സ്കാനറിൽ കാർഡ് കാണിച്ചാൽ ആദ്യത്തെ ഗേറ്റ് തുറന്നു കിട്ടും. 

ഉള്ളിൽ കടന്ന് ചൂണ്ടുവിരൽ സ്കാനറിൽ കാണിച്ചാൽ എമിഗ്രെഷൻ നടപടികൾ പൂർത്തീകരിച്ചു അകത്തേക്കോ പുറത്തേക്കോ പോകാൻ പതിനാറു സെക്കൻഡുകൾ മതിയാവും.ഇതിനിടെ ഖത്തർ എയർവേയ്‌സിൽ ടിക്കറ്റ് എടുക്കുന്ന യാത്രക്കാർക്ക് ട്രാൻസിറ്റ് വിസ അനുവദിച്ചു തുടങ്ങിയതായും അധികൃതർ വ്യക്തമാക്കി. മുൻകൂറായി ഓൺലൈൻ വഴി അപേക്ഷിക്കുന്നവർക്കാണ് നാല് ദിവസത്തേക്കുള്ള സൗജന്യ ട്രാൻസിറ്റ് വിസ അനുവദിക്കുന്നതെന്നും പോലീസ് മാഗസിന് അനുവദിച്ച അഭിമുഖത്തിൽ അൽ മസ്‌റൂവി വ്യക്തമാക്കി.

Egate service to become free for all Qatar residents soon