ആലപ്പുഴ: കഞ്ഞിക്കുഴിയില്‍ മുട്ടഗ്രാമം പദ്ധതിയുടെ പേരില്‍ വെട്ടിപ്പ് നടത്തിയ കമ്പനി സംസ്ഥാന വ്യാപകമായി ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയതിന്‍റെ തെളിവുകള്‍ ഏഷ്യാനെറ്റ്ന്യൂസിന് കിട്ടി. കോഴിക്കോട് കാവിലുംപാറ, മലപ്പുറം വഴിക്കടവ് തുടങ്ങി നിരവധി സ്ഥലങ്ങളില്‍ ഇയാള്‍ ലക്ഷങ്ങളുടെ തട്ടിപ്പാണ് നടത്തിയത്. ഈ കമ്പനിയെ കരിമ്പട്ടികയില്‍ പെടുത്തണമെന്നാവശ്യപ്പെട്ട് റിപ്പോര്‍ട്ട് നല്‍കിയെങ്കിലും ജയകുമാരന്‍നായര്‍ എന്നയാള്‍ ഇപ്പോഴും തട്ടിപ്പ് തുടരുകയാണ്.
കോഴിക്കോട് ജില്ലയിലെ കാവിലുംപാറ പഞ്ചായത്തില്‍ നിന്നുള്ള വാര്‍ത്തയാണിത്. കൂണ്‍കൃഷി തുടങ്ങാമെന്ന പേരില്‍ ജയകുമാരന്‍ നായരുടെ പ്ലാന്‍റേഷന്‍ ഡവലപ്പ്മെന്‍റ് സൊസൈറ്റി എന്ന സ്ഥാപനം അഞ്ച് യൂണിറ്റുകളില്‍ നിന്നായി 10 ലക്ഷം രൂപ കൈക്കലാക്കി. മൂന്ന് വര്‍ഷം എല്ലാ കാര്യവും ചെയ്യാമെന്നും പറഞ്ഞ ജയകുമാരന്‍ നായര്‍ മുങ്ങി.
ഈ പാവങ്ങളിപ്പോള്‍ ബാങ്കില്‍ നിന്ന് വന്ന ജപ്തി നോട്ടീസും കയ്യില്‍പിടിച്ച് നില്‍ക്കുകയാണ്. എല്ലാവരും കൂടി ജയകുമാരന്‍ നായര്‍ക്കെതിരെ ഉപഭോക്തൃകോടതിയില്‍ പരാതിയും നല്‍ി. മലപ്പുറം വഴിക്കടവിലെ നാല്പത് കുടുംബശ്രീ അംഗങ്ങള്‍ക്കും മേല്‍പ്പറഞ്ഞ അനുഭവമുണ്ടായി. ഇവര്‍ മലപ്പുറം ജില്ലാ കളക്ടര്‍ക്ക് പരാതിയാണിത്. 20 ലക്ഷമാണ് തട്ടിയെടുത്തത്.
തെന്നല, കുന്ദമംഗലം തുടങ്ങി സംസ്ഥാനത്ത് നിരവധി സ്ഥലങ്ങളിലാണ് ജയകുമാരന്‍നായര്‍ എന്ന തിരുവനന്തപുരം സ്വദേശി തന്‍റെ പ്ലാന്‍റേഷന്‍ ഡവലപ്പ്സൊസൈറ്റി എന്ന സ്ഥാപനം വഴി വന്‍ തട്ടിപ്പ് നടത്തിയിരിക്കുന്നത്. കോഴിക്കോട് ജില്ലാ മിഷന്‍ ജയകുമാരന്‍ നായരെ കരിമ്പട്ടികയില്‍ പെടുത്തണമെന്നാവശ്യപ്പെട്ട് കോഴിക്കോട് കുടുംബശ്രീമിഷന്‍ സംസ്ഥാന മിഷന് റിപ്പോര്‍ട്ട് നല്‍കിയെങ്കിലും ഒന്നും നടന്നില്ല. ജയകുമാരന്‍ നായര്‍ കഴിഞ്ഞ ദിവസം മാരാരിക്കുളം വടക്ക് പഞ്ചായത്തുമായി മുട്ടഗ്രാമം പദ്ധതി കരാര്‍ ഒപ്പിട്ടത് എടക്കര അഗ്രോ പ്രൊഡ്യൂസേഴ്സ് കമ്പനി എന്ന പേരിലും.
