അമ്പതു ശതമാനം സബ്‌സിഡിയില്‍ അഞ്ചു കോഴികളെ വീതം കുടുംബങ്ങള്‍ക്കു നല്‍കുന്നതായിരുന്നു വണ്ണപ്പുറം പഞ്ചായത്തിന്റെ മുട്ടഗ്രാമം പദ്ധതി. നാനൂറ്റമ്പതു രൂപയില്‍ 225 രൂപ വീതം 700 പേരാണ് ഗുണഭോക്തൃ വിഹിതമടച്ചത്. ഫെബ്രുവരിയില്‍ ഉപഭോക്താക്കളില്‍ നിന്ന് കൈപ്പറ്റിയ പണം പഞ്ചായത്തിലടക്കാതെ പദ്ധതിയുടെ നടത്തിപ്പ് ഉദ്യോഗസ്ഥനായിരുന്ന മൃഗാശുപത്രിയിലെ ഡോക്ടര്‍ വിദേശത്തേക്ക് കടന്നതായാണ് ആരോപണം. പദ്ധതി മുടങ്ങിയതില്‍ പ്രതിഷേധ്ച്ച് പഞ്ചായത്തധികൃതര്‍ കഴിഞ്ഞയാഴ്ച ജില്ലാ മൃഗാശുപത്രിക്കു മുന്നില്‍ സമരവും നടത്തി.

പണംമുടക്കിയ ഗുണഭോക്താക്കള്‍ കോഴികളെ ആവശ്യപ്പെടാന്‍ തുടങ്ങിയതാണ് പഞ്ചായത്തിനെ വലക്കുന്നത്. പ്രശ്‌നം പരിഹരിക്കുന്നതിനു ഡയറക്ടറെ അറിയിച്ച് ശ്രമം തുടരുകയാണെന്ന് ജില്ലാ മൃഗസംരക്ഷണ വകുപ്പധികൃതരും പറയുന്നു. പഞ്ചായത്ത് വിഹിതം കൂടിയടച്ച് മുട്ടഗ്രാമം പദ്ധതി നടപ്പാക്കുന്നതിന് സമയബന്ധിതമായി പണം കിട്ടുന്നില്ലെങ്കില്‍ ഗുണഭോക്താക്കളെ കൂടെക്കൂട്ടി അടുത്തഘട്ട സമരം ശക്തമാക്കാനുമാണ് പഞ്ചായത്തിന്റെ തീരുമാനം.