ഖത്തറിനുവേണ്ടി ചാരപ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന ആരോപണത്തില്‍ അല്‍ജസീറ അറബിക് ചാനലിന്റെ മുന്‍ ന്യൂസ് ഡയറക്ടര്‍ ഇബ്രാഹിം മുഹമ്മദ് ഹിലാല്‍, റിപോര്‍ട്ടര്‍ ജോര്‍ദാന്‍ സ്വദേശി അലാ ഉമര്‍ മുഹമ്മദ് സബ്ലാന്‍ എന്നിവര്‍ക്കു പുറമെ ബ്രദര്‍ഹുഡ് അനുകൂല മാധ്യമം റസ്സദ് ന്യൂസുമായി ബന്ധമുണ്ടെന്നു കരുതുന്ന റിപോര്‍ട്ടര്‍ അസ്മാ മുഹമ്മദ് അല്‍കാതിബും വധശിക്ഷയ്ക്കു വിധിക്കപ്പെട്ടവരിലുള്‍പ്പെടുന്നു.അതെസമയം, ചാര പ്രവര്‍ത്തനം ആരോപിക്കപ്പെട്ട മുര്‍സിക്കെതിരായ കേസ് മാറ്റിവച്ചിരിക്കുകയാണ്. 2 013ല്‍ അട്ടിമറിയിലൂടെ മുഹമ്മദ് മുര്‍സിയെ പുറത്താക്കി അബ്ദുല്‍ ഫത്താഹ് അല്‍സിസിയുടെ സൈനിക ഭരണകൂടം നിലവില്‍ വന്നശേഷം നിരവധി ബ്രദര്‍ഹുഡ് നേതാക്കളും അനുകൂലികളും വിവിധ കേസുകളിലായി ശിക്ഷിക്കപ്പെട്ടിരുന്നു. വിധി രാഷ്ട്രീയ പ്രേരിതമാണെന്നും മാധ്യമ സ്വാതന്ത്ര്യത്തിനെതിരേ ഈജിപ്ഷ്യന്‍ സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്ന കടന്നുകയറ്റമാണ് വിധി പ്രഖ്യാപനമെന്നും അല്‍ ജസീറ കേന്ദ്രം വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. അന്താരാഷ്ട്ര സമൂഹവും ആഗോളതലത്തിലുള്ള മാധ്യമ പ്രവര്‍ത്തകരും ഈജിപ്ഷ്യന്‍ സര്‍ക്കാരിന്റെ കുതന്ത്രങ്ങള്‍ക്കെതിരേയുള്ള മൗനംവെടിയണമെന്നും അല്‍ ജസീറ ആവശ്യപ്പെട്ടു. ജനാധിപത്യത്തിലൂടെ തിരഞ്ഞെടുക്കപ്പെട്ട മുര്‍സി ഗവണ്‍മെന്റുമായി അല്‍ ജസീറയ്ക്ക് അവിഹിത ധാരണയുണ്ടായിരുന്നുവെന്ന ഈജിപ്തിന്റെ ആരോപണം അല്‍ ജസീറ തള്ളി. വിധിയില്‍ മത മേലധ്യക്ഷന്‍ കൂടി ഒപ്പുവെച്ചാല്‍ മാത്രമേ വധശിക്ഷ നടപ്പാക്കാന്‍ കഴിയൂ. എന്നാല്‍ നിലവിലെ നിയമ വ്യവസ്ഥ പ്രകാരം ശിക്ഷ സംബന്ധിച്ച മുഫ്തിയുടെ അഭിപ്രായം പരിഗണിക്കാതിരിക്കാനും കോടതിക്ക് അധികാരമുണ്ട്.