കെയ്റോ: കീറിയ ജീന്‍സിട്ട് നടക്കുന്ന സ്ത്രീകളെ ബലാത്സംഗം ചെയ്യുന്നത് പുരുഷന്‍റെ ദേശീയ ചുമതലയാണെന്ന് പരാമര്‍ശം നടത്തിയ അഭിഭാഷകനെ ജയിലിലടച്ചു. മൂന്ന് വര്‍ഷത്തേക്കാണ് തടവ്. ഈജിപ്ഷ്യന്‍ അഭിഭാഷകനായ നാബി അല്‍ വാഷിനാണ് സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയതിന്‍റെ പേരില്‍ ജയില്‍ ശിക്ഷ ലഭിച്ചിരിക്കുന്നത്. 

ഇപ്പോള്‍ വളരെയധികം പ്രചാരത്തിലുളള ഒരു മോഡലാണ് കീറിയ ജീന്‍സ് (റിപ്പ്ഡ് ജീന്‍സ്). ഇത്തരം ജീന്‍സ് ധരിച്ച് കാലുകള്‍ പുറത്തു കാണിച്ച് നടക്കുന്ന സ്ത്രീകളുമായി ബന്ധപ്പെട്ടുള്ള ചോദ്യത്തിനാണ് വിവാദപരമായ പ്രസ്താവന നല്‍കി അഭിഭാഷകന്‍ കുടുങ്ങിയത്. ഇത്തരത്തില്‍ വേഷവിധാനം ചെയ്യുന്ന സ്ത്രീകള്‍ ഉപദ്രവം ക്ഷണിച്ചുവരുത്തുകയാണെന്നും അഭിഭാഷകന്‍ അഭിപ്രായപ്പെട്ടു.

പെണ്‍കുട്ടികള്‍ ആദ്യം സ്വയം ബഹുമാനിക്കാന്‍ പഠിക്കണം, എങ്കില്‍ മാത്രമേ മറ്റുള്ളവരും അവരെ ബഹുമാനിക്കൂ. അതിരുസംരക്ഷണത്തേക്കാള്‍ പ്രാധാന്യം ധാര്‍മിക സംരക്ഷണത്തിനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത് നിരവധി വിമര്‍ശനങ്ങളാണ് ഉയര്‍ത്തിവിട്ടത്. നിരവധി സ്ത്രീ സംഘടനകള്‍ അഭിഭാഷകനെതിരെ രംഗത്ത് വന്നു.