ലോകകപ്പില്‍ ഒരോ മത്സരത്തിലും ഇറങ്ങുന്ന താരവും കൊതിക്കുന്ന പുരസ്കാരമാണ് കളിയിലെ കേമന്‍

സെന്‍റ്പീറ്റേര്‍സ് ബര്‍ഗ്: ലോകകപ്പില്‍ ഒരോ മത്സരത്തിലും ഇറങ്ങുന്ന താരവും കൊതിക്കുന്ന പുരസ്കാരമാണ് കളിയിലെ കേമന്‍. എന്നാല്‍ അത് കിട്ടിയിട്ടും വേണ്ടെന്ന് പറഞ്ഞ് തിരിച്ചേല്‍പ്പിച്ചാലോ. ലോകകപ്പിന്‍റെ രണ്ടാം ദിനം ഒരു ഗോളിന് ഉറുഗ്വേയോട് തോറ്റെങ്കിലും കളിയിലെ കേമനായി തെരഞ്ഞെടുക്കപ്പെട്ട എല്‍ഷെനാവി മതത്തിന്‍റെ പേരില്‍ പുരസ്‌ക്കാരം വേണ്ടെന്ന് വെച്ചു.

ബീയര്‍ കമ്പനിയായ ബുഡ്‌വെയ്‌സറായിരുന്നു മത്സരത്തിലെ സ്‌പോണ്‍സര്‍. ഇസ്ലാമിന്‍റെ നിയമ പ്രകാരം മദ്യം ഹറാമായതിനാല്‍ കളിയിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടതിന്‍റെ പേരില്‍ മദ്യക്കമ്പനി നല്‍കിയ ട്രോഫി എല്‍ഷെനാവി വേണ്ടെന്ന് വെച്ചു. വലിയ മാധ്യമശ്രദ്ധ കിട്ടിയ ചടങ്ങില്‍ എത്തുകയും ഏതാനും നല്ല വാക്കുകള്‍ പറയുകയും ചെയ്‌തെങ്കിലും കമ്പനി വെച്ചു നീട്ടിയ പാനപാത്രം എല്‍ഷെനാവി തള്ളി.

മത്സരത്തില്‍ ലാറ്റിനമേരിക്കന്‍ ശക്തികളായ ഉറുഗ്വേയുടെ സുവാരസിനെയും കവാനിയെയും പോലെയുള്ള ലോകോത്തര മുന്നേറ്റ നിരയ്ക്ക് മുന്നില്‍ അപരാജിതനായി നിന്ന എല്‍ഷെനാവി 89-മത്തെ മിനിറ്റിലാണ് കീഴടങ്ങിയത്.എല്‍ഷെനാവി ട്രോഫി നിരസിക്കുന്നതിന്‍റെ ചിത്രം സ്‌റ്റേഡിയം ടണലില്‍ ഉണ്ടായിരുന്ന ബുഡ്‌വെയ്‌സറിന്‍റെ ഒരു യുവ റപ്രസന്റിറ്റീവാണ് പകര്‍ത്തിയത്. 

ഇത് പിന്നീട് സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി മാറുകയും ചെയ്തു. അതേസമയം മദ്യവുമായി ബന്ധപ്പെട്ട സ്‌പോണ്‍സര്‍മാരുടെ സമ്മാനവും മറ്റും കൈകാര്യം ചെയ്യുന്ന കാര്യത്തില്‍ ഇസ്ലാമിക കളിക്കാര്‍ ഏറെയുള്ള ടീമിന് പ്രത്യേകമായി ഒരു നിര്‍ദേശമോ പ്രത്യേക നയമോ നല്‍കിയിട്ടില്ലെന്നാണ് ടീം മാനേജ്‌മെന്‍റ് പറയുന്നത്.