വലിയ പെരുനാളിനു ഒരു ദിവസം ബാക്കി നില്‍ക്കേ, ഒമാനിലെ എല്ലാ കന്നുകാലി സൂക്കുകളിലും നല്ല തിരക്കാണ്. ബലി അര്‍പ്പിക്കാനുള്ള ആടുകള്‍ക്ക് മുന്‍ വര്‍ഷങ്ങളേക്കാള്‍ വില കൂടിയെന്ന് ഉപഭോക്താക്കള്‍ പറയുന്നു. സ്വദേശി ഇനം ആടുകള്‍ക്കാണ് വിപണിയില്‍ ഏറെ പ്രിയം. 280 മുതല്‍ 320 ഒമാനി റിയാല്‍ വരെയാണ് വലിയ ആടുകളുടെ വില. ഇടത്തരം ആടുകള്‍ക്ക് 200 മുതല്‍ 260 വരെ റിയാല്‍ നല്‍കേണ്ടി വരും. 100 ഒമാനി റിയാല്‍ മുതല്‍ 180 റിയാല്‍ വരെ മുടക്കിയാല്‍ ചെറിയ ആടിനെ ലഭിക്കും .
ഒമാനിലെ ഖുറിയാത്, ഇബ്ര തുടങ്ങിയ പ്രദേശങ്ങളില്‍ വളര്‍ത്തുന്ന സ്വദേശി ഇനം ആടുകള്‍ക്കാണ് ആവശ്യക്കാര്‍ ഏറേയും. ഇതിനു വിലയും കൂടുതലാണ്. ശര്‍ഖിയ, ദാഖിലിയ പ്രദേശങ്ങളില്‍ വളര്‍ത്തുന്ന ആടുകളെ വില്‍ക്കുവാനായി സ്വദേശികള്‍ കഴിഞ്ഞ നാല് ദിവസത്തിന് മുമ്പേതന്നെ മസ്‌കറ്റിലെ വാദി കബീര്‍ മാര്‍ക്കറ്റില്‍ എത്തി കഴിഞ്ഞു. വാദികബീര്‍ മാര്‍ക്കറ്റില്‍ ഇന്ന് രാവിലെ മുതല്‍ നല്ല തിരയ്‌ക്കായിരുന്നു അനുഭവപെട്ടത്. സ്വദേശികള്‍ കുടുംബമായി തന്നെ എത്തിയാണ് ബലി മൃഗങ്ങളെ വാങ്ങുന്നത്. സൊമാലിയയില്‍ നിന്നും, ഓസ്‌ട്രേലിയയില്‍ നിന്നും വരുന്ന ആടുകള്‍ക്ക് വിലയില്‍ അല്‍പ്പം കുറവുണ്ട്. വാദികബീര്‍ മാര്‍ക്കറ്റിനു പുറമെ സീബ്, ബഹല, റുസ്തക്ക്, നിസ്‌വ തുടങ്ങിയ സൂക്കുകളിലും ബലി മൃഗങ്ങള്‍ക്കു വ്യത്യസ്ത വിലയിലാണ് കച്ചവടം നടന്നു വരുന്നത്.
