രാവിലെ 11:30ഓടുകൂടിയാണ് സ്ഫോടനമുണ്ടായത്. ആ സമയത്ത് ഏതാണ്ട് ഇരുപത്തിനാലോളം തൊഴിലാളികള്‍ സ്ഥലത്തുണ്ടായിരുന്നു. സൈറ്റിലെ ഗ്യാസ് പൈപ്പ്‍ലൈനിന്‍റെ അറ്റകുറ്റപ്പണിള്‍ നടത്തുകയായിരുന്നു തൊഴിലാളികള്‍. 

റായ്‍പൂര്‍: ദുര്‍ഗിലെ ബിലായ് സ്റ്റീല്‍ പ്ലാന്‍റില്‍ നടന്ന സ്ഫോടനത്തില്‍ എട്ട് പേര്‍ മരിച്ചു. 14 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ പലരുടെയും നില ഗുരുതരമാണ്. 

രാവിലെ 11:30ഓടുകൂടിയാണ് സ്ഫോടനമുണ്ടായത്. ആ സമയത്ത് ഏതാണ്ട് ഇരുപത്തിനാലോളം തൊഴിലാളികള്‍ സ്ഥലത്തുണ്ടായിരുന്നു. സൈറ്റിലെ ഗ്യാസ് പൈപ്പ്‍ലൈനിന്‍റെ അറ്റകുറ്റപ്പണിള്‍ നടത്തുകയായിരുന്നു തൊഴിലാളികള്‍. ഇതിനിടെ പൈപ്പ്‍ലൈന്‍ പൊട്ടിത്തെറിക്കുകയായിരുന്നു.

സ്ഫോടനത്തിന്‍റെ ശബ്ദം കേട്ട് ഓടിയെത്തിയവരാണ് 14 പേരെയും ആശുപത്രിയിലെത്തിച്ചത്. ഇതില്‍ പലര്‍ക്കും 80 ശതമാനത്തിലേറെ പൊള്ളലേറ്റിട്ടുണ്ട്. മറ്റ് എട്ട് പേരും സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചിരുന്നു. എന്നാല്‍ എത്ര മരണം നടന്നുവെന്നോ പരിക്കേറ്റവരുടെ അവസ്ഥ എന്താണെന്നോ വിശദീകരിക്കാൻ പ്ലാന്‍റ് അധികൃതര്‍ ഇതുവരെ തയ്യാറായിട്ടില്ല. 

പരിക്കേറ്റവരില്‍ അഞ്ച് പേരുടെ നില അതീവഗുരുതരമാണെന്നാണ് സൂചന. സ്ഥലത്തെ തീ പൂര്‍ണ്ണമായും ഇനിയും അണഞ്ഞിട്ടില്ല. പലയിടത്തും പുക നിറഞ്ഞിരിക്കുന്നത് കൊണ്ട് ഒന്നും കാണാനാകാത്ത അവസ്ഥയാണ്. ഇതിനിടയില്‍ എവിടെയെങ്കിലും ആരെങ്കിലും കുടുങ്ങിയിട്ടുണ്ടോയെന്നും പൊലീസും രക്ഷാപ്രവര്‍ത്തകരും ചേര്‍ന്ന് അന്വേഷിക്കുന്നുണ്ട്.