ഏതാണ്ട് 378 പാതകള്‍ ഇതുവരെ അടച്ചു. പലയിടങ്ങളും വന്‍ വെള്ളക്കെട്ടിനെ തുടര്‍ന്ന് ഒറ്റപ്പെട്ടു. ബസുകളും ലോറികളുമുള്‍പ്പെടെയുള്ള വാഹനങ്ങള്‍ ശക്തമായ ഒഴുക്കില്‍ ഒലിച്ചുപോകുന്നതിന്റെ ദൃശ്യങ്ങള്‍ പ്രാദേശിക മാധ്യമങ്ങള്‍ പുറത്തുവിടുന്നുണ്ട്.
ഷിംല: രണ്ട് ദിവസമായി തുടരുന്ന കനത്ത മഴയിലും ഉരുള്‍പൊട്ടലിലും മണാലി പൂര്‍ണ്ണമായി ഒറ്റപ്പെട്ടു. ദുരന്തത്തില്‍ ഹിമാചലില്‍ വിവധയിടങ്ങളിലായി എട്ട് പേര്‍ മരിച്ചതായി ഔദ്യോഗിക സ്ഥിരീകരണം. രാജ്യത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായ കുളു, മണാലി, ഷിംല എന്നിവിടങ്ങളിലേക്കെത്തിയ നിരവധി വിനോദസഞ്ചാരികള്‍ കുടുങ്ങിക്കിടക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.
എന്നാല്‍ പാലക്കാട് നിന്ന് പോയ അമ്പതിലധികം പേരും മണാലിയില്‍ സുരക്ഷിതരാണെന്ന വിവരം ലഭിച്ചിട്ടുണ്ട്. അതേസമയം കൊച്ചിയില്‍ നിന്ന് പോയ 11 അംഗ സംഘം താമസിക്കുന്ന ഹോട്ടല്‍ ഒറ്റപ്പെട്ട നിലയിലാണ്. ഇനിയും ഇതേ അവസ്ഥ തുടര്‍ന്നാല്‍ അപകടമാകുമെന്നാണ് ഇവര്‍ ഫോണിലൂടെ പ്രതികരിക്കുന്നത്.
ആവശ്യമായ വൈദ്യസഹായം ലഭിക്കാതെ പ്രായമായവര്‍ ഉള്‍പ്പെടെ പലരും പലയിടങ്ങളിലായി കുടുങ്ങിയിരിക്കുകയാണെന്നാണ് സൂചന. മണാലിയുള്‍പ്പെടെയുള്ളയിടങ്ങളില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും തുടരുകയാണ്. ഏതാണ്ട് 378 പാതകള്‍ ഇതുവരെ അടച്ചു. പലയിടങ്ങളും വന്‍ വെള്ളക്കെട്ടിനെ തുടര്‍ന്ന് ഒറ്റപ്പെട്ടു. ബസുകളും ലോറികളുമുള്‍പ്പെടെയുള്ള വാഹനങ്ങള്‍ ശക്തമായ ഒഴുക്കില്‍ ഒലിച്ചുപോകുന്നതിന്റെ ദൃശ്യങ്ങള്‍ പ്രാദേശിക മാധ്യമങ്ങള്‍ പുറത്തുവിടുന്നുണ്ട്.
അതേസമയം ഹിമാചലില്‍ വരും മണിക്കൂറുകളില്‍ കാലാവസ്ഥ മെച്ചപ്പെടാനാണ് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
