കാസര്‍കോട്: എളേരിത്തട്ട് ഇ.കെ.നായനാര്‍ സ്മാരക ഗവ.കോളേജില്‍ ലേഡീസ് ഹോസ്റ്റല്‍ ഉദ്ഘാടനം ചെയ്തിട്ട് എട്ട് മാസം. ലേഡീസ് ഹോസ്റ്റല്‍ ഉദ്ഘാടനത്തിനുണ്ടായിരുന്ന ആവേശം പക്ഷേ, കുട്ടികള്‍ക്കായി ഹോസ്റ്റല്‍ തുറന്നുകൊടുക്കുന്ന കാര്യത്തിലില്ല. ഒരു കോടി രൂപ ചിലവില്‍ നിര്‍മ്മിച്ച കോളേജ് ഹോസ്റ്റല്‍ കെട്ടിടം ഇപ്പോള്‍ കാടുമൂടിയ നിലയിലാണ്. പ്രധാന ഗെയ്റ്റിന്റെ പൂട്ട് തുരുമ്പിച്ചു. എലികളും പാമ്പുകളും പ്രാവുകളും പക്ഷികളും കൂടുക്കൂട്ടിയ കെട്ടിടത്തില്‍ ലക്ഷങ്ങളുടെ ഫര്‍ണിച്ചര്‍ സാമഗ്രികളാണ് നശിച്ചുകൊണ്ടിരിക്കുന്നത്. 

2017 ജൂണ്‍ ആറിന് വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥാണ് ഹോസ്റ്റല്‍ കെട്ടിടം കോളേജിനായി സമര്‍പ്പിച്ചത്. കോളേജിനോട് തൊട്ടുചേര്‍ന്ന് നിര്‍മ്മിച്ച ഹോസ്റ്റല്‍ കെട്ടിടത്തില്‍ 40 വിദ്യാര്‍ഥിനികള്‍ക്ക് താമസിക്കുവാന്‍ സൗകര്യമുണ്ട്. എന്നാല്‍ ഹോസ്റ്റല്‍ വാര്‍ഡനെയും കാവല്‍ക്കാരനെയും നിയമിച്ചില്ലെന്ന കാരണത്താല്‍ ഉദ്ഘടന ശേഷം ഇതുവരെയായിട്ടും ഹോസ്റ്റല്‍ തുറന്നിട്ടില്ല.

വിദ്യാര്‍ത്ഥികള്‍ വര്‍ഷങ്ങളോളം ആവശ്യപ്പെട്ടത്തിന് ശേഷമാണ് എളേരിത്തട്ട് കോളേജിന് സര്‍ക്കാര്‍ ഹോസ്റ്റല്‍ അനുവദിച്ചത്. ഹോസ്റ്റല്‍ വേണമെന്ന അവശ്യവുമായി വിദ്യാര്‍ത്ഥി സംഘടനകള്‍ അനിശ്ചിതകാല സമരപരിപാടികള്‍ വരെ നടത്തിയിരുന്നു. മികച്ച വിദ്യാഭ്യാസ നിലവാരം പുലര്‍ത്തുന്ന കോളേജില്‍ ജില്ലയുടെ പലഭാഗങ്ങളില്‍ നിന്നായി 600 ഓളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്. ഇതില്‍ ഭൂരിഭാഗവും പെണ്‍കുട്ടികളാണ്. ദൂരസ്ഥലങ്ങളില്‍ നിന്നുള്ള പെണ്‍കുട്ടികള്‍ കോളേജിനടുത്തെ വീടുകളില്‍ പെയ്ന്‍ഗസ്റ്റായി നിന്നാണ് പഠിക്കുന്നത്. ഭക്ഷണം, താമസം എന്നിങ്ങനെയായി ഒരാള്‍ക്ക് പ്രതിമാസം 4000 രൂപവരെ ചിലവ് വരും. 

ഹോസ്റ്റല്‍ തുറക്കണമെങ്കില്‍ വാര്‍ഡന്റെയും കാവല്‍ക്കരന്റെയും ശമ്പളം ഹോസ്റ്റലില്‍ താമസിക്കുന്ന വിദ്യാര്‍ത്ഥികള്‍ വഹിക്കണമെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞതായി വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. എന്നാല്‍ ഈ തീരുമാനത്തോട് വിദ്യാര്‍ത്ഥികള്‍ അംഗീകരിക്കുന്നില്ല. അനാവശ്യ നിയമനങ്ങള്‍ നടത്തി സര്‍ക്കാരിന്റെ ലക്ഷങ്ങള്‍ പാഴാക്കുമ്പോള്‍ പാവപ്പെട്ട വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റലില്‍ വാര്‍ഡനെയും കാവല്‍ക്കാരനെയും നിയമിക്കാന്‍ കഴിയാത്തതെന്തെന്ന് ബികോം വിദ്യാര്‍ത്ഥിനിയായ വൈഷ്ണവി ചോദിക്കുന്നു. ദൂരസ്ഥലങ്ങളില്‍ നിന്ന് കോളേജില്‍ പഠിക്കുന്ന പെണ്‍കുട്ടികളുടെ ദുരവസ്ഥ എത്രയും പെട്ടെന്ന് പരിഹരിക്കാന്‍ അധികൃതര്‍ തയാറാവണമെന്നാണ് രമ്യയുടെ അഭിപ്രായം. 

നായനാര്‍ മുഖ്യമന്ത്രിയായപ്പോള്‍ 1980 എളേരിക്ക് സമ്മാനിച്ചതാണ് ഈ കോളേജ്. ഇടത് വിദ്യാര്‍ത്ഥി സംഘടന മാത്രമുള്ള കോളേജില്‍ പി.ടി.എ.കമ്മറ്റിയിലും പ്രാധിനിത്യം ഇടതുപക്ഷത്തിനാണ്. അത്‌കൊണ്ട് തന്നെ ഹോസ്റ്റല്‍ വിഷയത്തില്‍ സര്‍ക്കാരിനെതിരെ സമര പരിപാടികള്‍ നടത്താന്‍ അവര്‍ക്ക് കഴിയുന്നില്ലെന്ന് ഒരുവിഭാഗം വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു.