ലോകത്തിലെ ഏറ്റവും വലിയ പര്‍വ്വതമായ എവറസ്റ്റ് എട്ടുതവണ കീഴടക്കിയ പര്‍വ്വതാരോഹകനെ ഏഴായിരം മീറ്റര്‍ ഉയരത്തില്‍ വെച്ച് കാണാതായി

ഡാര്‍ജലിംഗ്: ലോകത്തിലെ ഏറ്റവും വലിയ പര്‍വ്വതമായ എവറസ്റ്റ് എട്ടുതവണ കീഴടക്കിയ പര്‍വ്വതാരോഹകനെ ഏഴായിരം മീറ്റര്‍ ഉയരത്തില്‍ വെച്ച് കാണാതായി. പര്‍വ്വതാരോഹക സംഘത്തെ നയിക്കുന്ന പ്രവര്‍ത്തി പരിചയമുള്ള ഡാര്‍ജലിംഗ്കാരന്‍ പെമ്പാ ഷേര്‍പ്പയെ ഒരു ടീമിനൊപ്പമുള്ള തിരിച്ചിറക്കത്തിനിടയിലാണ് കാണാതായത്. 

7,672 മീറ്റര്‍ ഉയരത്തിലെ കരകോറം റേഞ്ചില്‍ സാസര്‍ കാംഗ്രി മലയിടുക്കില്‍ വെച്ച് ഇദ്ദേഹം അപ്രത്യക്ഷമായി. ജൂലൈ 13 മുതല്‍ ഇയാളുമായുള്ള ബന്ധം നഷ്ടമായെന്നാണ് പേമ്പയുടെ ഭാര്യ റിപ്പോര്‍ട്ടര്‍മാരോട് പറഞ്ഞത്. ഭര്‍ത്താവിനെ വീണ്ടും കാണാന്‍ കഴിയണേയെന്നും ഇക്കാര്യത്തില്‍ അത്ഭുതം സംഭവിക്കണമെന്നുമാണ് വീട്ടുകാര്‍ പറയുന്നത്. 

പെമ്പാ ഷേര്‍പ്പയെ കാണാനില്ലെന്ന വിവരം കഴിഞ്ഞ വെള്ളിയാഴ്ചയാണ് ടിബറ്റന്‍ പോലീസിന് കിട്ടിയത്. പെമ്പയ്ക്ക് വേണ്ടിയുള്ള തെരച്ചിലും പോലീസ് തുടങ്ങിയിട്ടുണ്ട് ഡാര്‍ജലിംഗ് ഭരണകൂടം പുതിയ സംഭവ വികാസങ്ങള്‍ ശ്രദ്ധയോടെ നോക്കിക്കാണുകയാണ്.പെമ്പയെ പ്പോലെ വിദഗ്ദ്ധനായ ഒരാളുടെ കാര്യത്തില്‍ ആശങ്കയുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. 

ജൂണ്‍ 20 ന് കൊല്‍ക്കത്തയില്‍ നിന്നും തിരിച്ച സംഘത്തിനൊപ്പമാണ് പാമ്പാ യാത്ര ആരംഭിച്ചത്. ഹിമപ്പരപ്പിലുള്ള വിടവില്‍ ഡാര്‍ജലിംഗില്‍ നിന്നുള്ള ഈ പര്‍വതാരോഹകന്‍ വീണിരിക്കാമെന്നാണ് പോലീസുകാര്‍ പറയുന്നത്.