ആഗ്ര: ഉത്തര്‍പ്രദേശില്‍ പൊലീസ് എന്‍കൗണ്ടറിനിടെ എട്ടുവയുസകാരന്‍ കൊല്ലപ്പെട്ടു. കവര്‍ച്ചാസംഘവുമായി നടത്തിയ ഏറ്റുമുട്ടലിലാണ് എട്ട് വയസുകാരന്‍ ദാരുണമായി കൊല്ലപ്പെട്ടത്. മഥുരയില്‍ മഹാന്‍പുര ഗ്രാമത്തില്‍ കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് സംഭവം. 

മാധവ് ഭരദ്വാജ് എന്ന എട്ടുവയസുകാരനാണ് കൊല്ലപ്പെട്ടത്. അടുത്തിടെ നടന്ന ചില കവര്‍ച്ച കേസിലെ പ്രതികള്‍ പ്രദേശത്തുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ റെയ്ഡിനിടെയാണ് അപകടം. പോലീസ് തിരച്ചിലിനിടെ കവര്‍ച്ചാ സംഘവുമായി നടത്തിയ വെടിവെപ്പില്‍ കൂട്ടുകാര്‍ക്കൊപ്പം വീടിന് മുന്നില്‍ കളിക്കുകയായിരുന്ന മാധവ് ഭരദ്വാജിന്റെ തലയില്‍ വെടിയേല്‍ക്കുകയായിരുന്നു. 

ഉടന്‍ തന്നെ തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. എന്നാല്‍ കവര്‍ച്ചാ സംഘത്തില്‍ നിന്ന് പ്രത്യാക്രമണം ഉണ്ടായിട്ടില്ലെന്നും ഇവര്‍ക്കുനേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്നും ഗ്രാമീണര്‍ ആരോപിച്ചു. സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.