102 തീര്‍ത്ഥാടകരുടെ മരണത്തിനിടയാക്കിയ പുല്ലുമേട് ദുരന്തത്തിന് എട്ട് വയസ്സ്. 2011 ജനുവരി 14 ന് രാത്രിയായിരുന്നു അപകടം. കർശന സുരക്ഷയിലാണ് പുല്ലുമേടിപ്പോൾ.

പത്തനംതിട്ട: 102 അയ്യപ്പ ഭക്തരുടെ മരണത്തിനിടയാക്കിയ പുല്ലുമേട് ദുരന്തം നടന്നിട്ട് ഇന്ന് ഏട്ട് വർഷം പൂർത്തിയാകുന്നു. പുല്ലുമേട്ടിൽ നിന്നും മകരവിളക്ക് കണ്ട് മടങ്ങിയ ഭക്തരാണ് തിക്കിലും തിരക്കിലും പെട്ട് മരണമടഞ്ഞത്. അപകടം അന്വേഷിച്ച ജ്യുഡീഷ്യൽ കമ്മീഷൻറെ നിർദ്ദേശ പ്രകാരം ശക്തമായ സുരക്ഷാ ക്രമീകരണങ്ങളാണ് തൊട്ടടുത്ത വർഷം മുതൽ പുല്ലുമേട്ടിൽ ഏർപ്പെടുത്തുന്നത്.

2011 ജനുവരി 14 ന് രാത്രി എട്ടേകാലോടെയാണ് പുല്ലുമേട്ടിൽ അയ്യപ്പഭക്തരുടെ മരണത്തിനിടയാക്കിയ ദുരന്തം നടന്നത്. രണ്ടു ലക്ഷത്തോളം അയ്യപ്പന്മാർ അന്ന് പുല്ലുമേട്ടിലുണ്ടായിരുന്നു. മകരവിളക്ക് കണ്ട് സ്വദേശത്തേക്ക് മടങ്ങാനുള്ള തിടുക്കത്തിനിടയിലായിരുന്നു അപകടം. വെളിച്ചക്കുറവും, ഭക്തരെ നിയന്ത്രിക്കാൻ ആവശ്യത്തിന് പൊലീസുകാരില്ലാതിരുന്നതും അപകടത്തിന് കാരണമായി. റോഡിനിരുവശത്തും സ്ഥാപിച്ചിരുന്ന കടകൾ മൂലം റോഡിനുണ്ടായ വീതിക്കുറവും ഈ ഭാഗത്തേക്ക് പ്രവേശനം നിരോധിക്കാൻ വനംവകുപ്പ് ഇട്ടിരുന്ന ചങ്ങലയും അപകടത്തിന്റെ ആക്കം കൂട്ടി. പുല്ലുമേട്ടിലേക്ക് കടത്തിവിട്ട ആയിരക്കണക്കിനു വാഹനങ്ങൾ അലക്ഷ്യമായി പാർക്ക് ചെയ്തിരുന്നത് മൂലം ഭക്തർക്ക് പുറത്തേക്കെത്താൻ ഏറെ ബുദ്ധുമുട്ടേണ്ടി വന്നു. 

തമിഴ്നാട്ടിൽ നിന്നെത്തിയ 39 പേരും കർണ്ണാടകത്തിൽ നിന്നുള്ള 31 പേരും ആന്ധ്രാപ്രദേശിൽ നിന്നുള്ള 26 പേരും മൂന്ന് മലയാളികളും ശ്രീലങ്കയിൽ നിന്നുമെത്തിയ ഒരാളുമടക്കമുള്ളവരാണ് ദുരന്തത്തില്‍ മരിച്ചത്. എറണാകുളം ക്രൈംബ്രാഞ്ച് എസ് പിയായിരുന്ന എസ് സുരേന്ദ്രനാണ് ദുരന്തം സംബന്ധിച്ച അന്വേഷണം നടത്തിയത്. പൊലീസുൾപ്പെടെ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ കാണിച്ച അനാസ്ഥയാണ് അപകടത്തിന് കാരണമായതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. എന്നാൽ ആരെയും പ്രതിയാക്കിയില്ല. ജസ്റ്റിസ് എം ആർ ഹരിഹരൻ നായർ നടത്തിയ ജ്യുഡീഷ്യൽ അന്വേഷണത്തിലും ഇത് തന്നെ കണ്ടെത്തി. നിലവിൽ കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് പുല്ലുമേട്ടിലൊരുക്കിയിരിക്കുന്നത്. അപകടത്തിന് ശേഷം കോഴിക്കാനം - പുല്ലുമേട് റൂട്ടിൽ ഹൈക്കോടതി ഗതാഗതം നിരോധിച്ചതിനാൽ മുന്പത്തെ പോലെ ഭക്തരുടെ കാര്യമായ തിരക്ക് ഇപ്പോഴില്ല.