കോട്ടയം: ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ സി.പി.എം ബാന്ധവം എതിര്‍ത്ത കേരളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റിന്റെ സ്ഥാനം തെറിച്ചു. കേരളകോണ്‍ഗ്രസ് മാണി ഗ്രൂപ്പിന്റെ ഈറ്റില്ലമെന്നറിയപ്പെടുന്ന കോട്ടയത്ത് രണ്ടര പതിറ്റാണ്ട് പാര്‍ട്ടിയെ നയിച്ച ഇ.ജെ. ആഗസ്തിയെ ചുമതലയില്‍ നിന്നും ഒഴിവാക്കിയതിനെച്ചൊല്ലി പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കുമിടയിലും ഭിന്നത രൂക്ഷമാണ്. കഴിഞ്ഞ ദിവസം കെ.എം മാണിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന ജില്ലാ പ്രവര്‍ത്തക യോഗത്തിലാണ് ഓഫീസ് ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചുവരികയായിരുന്ന സണ്ണി തെക്കേടത്തിനെ ആഗസ്തിക്കു പകരം പുതിയ ജില്ലാ പ്രസിഡന്റായി തെരഞ്ഞെടുത്തത്. ജില്ലാപഞ്ചായത്ത് പ്രസിഡന്‍്‌റ് തെരഞ്ഞെടുപ്പില്‍ സി.പി.എമ്മുമായി സഖ്യമുണ്ടാക്കിയ നടപടിക്കെതിരെ കടുത്ത പ്രതിഷേധമുയര്‍ത്തിയതോടെയാണ് കെ.എം മാണിയുടെ ഏറ്റവും അടുത്ത വിശ്വസ്തരില്‍ ഒരാളായി അറിയപ്പെട്ടിരുന്ന അദ്ദേഹം നേതൃത്വത്തിന് അനഭിമതനായത്.
25 വര്‍ഷത്തിലധികം ജില്ലയിലെ കേരളാ കോണ്‍ഗ്രസിനെ നയിച്ച ആഗസ്തി, തന്നോട് പോലും ആലോചിക്കാതെ സി.പി.എമ്മിനൊപ്പം ചേരാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് അന്ന് രാജിവെച്ചിരുന്നു. കോണ്‍ഗ്രസുമായുണ്ടാക്കിയ കരാര്‍ ലംഘിച്ചത് ശരിയായില്ലെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു. ഇതോടെ ഉന്നതാധികാര സമിതിയില്‍ പോലുമാലോചിക്കാതെ സി.പി.എം ബാന്ധവത്തിന് ജില്ലാപഞ്ചായത്തംഗങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയ കെ.എം മാണിയും ജോസ് കെ. മാണിയും പ്രതിരോധത്തിലായി. എക്കാലവും കൂടെ നില്‍ക്കുമെന്ന കരുതിയിരുന്ന വിശ്വസ്തന്റെ നിലപാട്‍മാറ്റം മാണിക്കും വിശ്വസിക്കാനാകുമായിരുന്നില്ല. പിന്നീട് മാണി തന്നെ നേരിട്ട് നടത്തിയ അനുരഞ്ജനത്തിലാണ് വീണ്ടും ചുമതല ഏറ്റെടുക്കാന്‍ ആഗസ്തി തയാറായത്. സംഭവത്തിന്റെ അലയൊലികള്‍ ഏതാണ്ട് അവസാനിച്ചതോടെ അഗസ്തിയുടെ പ്രസിഡന്റ് സ്ഥാനവും തെറുപ്പിച്ചു.
കഴിഞ്ഞ ദിവസം കോട്ടയം സി.എസ്.ഐ റിട്രീറ്റ് സെന്ററില്‍ ചേര്‍ന്ന ജില്ലാപ്രവര്‍ത്തക സമ്മേളനത്തിലാണ് പ്രസിഡന്റിനെ മാറ്റാനുള്ള തീരുമാനം കൈക്കൊണ്ടത്. യോഗത്തില്‍ പങ്കെടുത്ത പ്രവര്‍ത്തകരില്‍ ഭൂരിഭാഗം പേര്‍ക്കും ഇതിനോട് വിയോജിപ്പുണ്ടായിരുന്നു. പുതിയ പ്രസിഡന്റിന്റെ പേര് നിര്‍ദേശിച്ചപ്പോള്‍ കൈയടിക്കാന്‍ പോലും ആളില്ലായിരുന്നുവെന്നും പങ്കെടുത്തവര്‍ പറയുന്നു. 60തിന് മുകളിലുണ്ടായിരുന്ന ഭാരവാഹിപ്പട്ടിക 14 ആക്കാനും, ജില്ലാ ജനറല്‍ സെക്രട്ടറിമാരുടെ എണ്ണം നാല്‍പ്പതില്‍ നിന്ന് 11 പേരായി ചുരുക്കാനും യോഗത്തില്‍ തീരുമാനമെടുത്തു. മാണിയുടെ നടപടി ജില്ലാ പ്രസിഡന്റില്‍ മാത്രമൊതുങ്ങില്ലെന്നും പാര്‍ട്ടിക്കുള്ളില്‍ സംസാരമുണ്ട്. അടുത്ത ഘട്ടം യുവജന വിഭാഗത്തിലെ ചില നേതാക്കളാണെന്നാണ് സൂചനകള്‍. പൂഞ്ഞാറില്‍ മത്സരിക്കാന്‍ ശ്രമം നടത്തിയ നേതാവുള്‍പ്പെടെ പട്ടികയിലുണ്ടായേക്കും. ജോസ് കെ. മാണിയുടെ നടപടികളെ രഹസ്യമായി എതിര്‍ക്കുന്നവര്‍ക്കാകും അടുത്തകുറി നറുക്കു വീഴുക.
ഡിസംബര്‍ 12-ന് നടക്കുന്ന സമ്മേളനത്തില്‍ പാര്‍ട്ടിയില്‍ അടിമുടി അഴിച്ചുപണികള്‍ ഉണ്ടാകുമെന്ന കാര്യം കെ.എം മാണി നേരത്തേ വ്യക്തമാക്കിയിരുന്നു. ചെയര്‍മാന്‍ സ്ഥാനത്തില്‍ മാറ്റമുണ്ടാകുമോ എന്ന ചോദ്യത്തിന് ആലോചിച്ചു തീരുമാനിക്കുമെന്നായിരുന്നു പ്രതികരണം. നിലവിലെ സാഹചര്യത്തില്‍ മകന്‍ ജോസ് കെ.മാണിയെ പാര്‍ട്ടിയുടെ അമരത്തേക്ക് കൊണ്ടുവരാന്‍ തന്നെയാണ് മാണിയുടെ മാണിയുടെ പദ്ധതിയെന്നാണ് വിലയിരുത്തല്‍. അങ്ങനെ വന്നാല്‍ നിലവില്‍ എതിരഭിപ്രായം പുലര്‍ത്തുന്ന പലരുടെയും തലയുരുളുമെന്ന ഭയവും ഒരു വിഭാഗം നേതാക്കള്‍ക്കിടയിലുണ്ട്. നടപടികളോട് പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും ശക്തമായ പ്രതിഷേധവുമുണ്ട്. ഇന്ന് നടക്കാനിരുന്ന വൈക്കം നിയോജകമണ്ഡലം സമ്മേളനം കാരണങ്ങളില്ലാതെ മാറ്റിവെച്ചതും പ്രവര്‍ത്തകര്‍ക്കിടിയിലെ പ്രതിഷേധത്തിന്റെ ഭാഗമായാണെന്നാണ് സൂചന. സമ്മേളനം മാറ്റിവെയ്ക്കുകയാണെന്ന മണ്ഡലം പ്രസിഡന്റ് പോള്‍സണ്‍ ജോസഫിന്റെ അറിയിപ്പ് ഇന്നലെ രാത്രിയോടെയാണ് പ്രവര്‍ത്തകര്‍ക്ക് ലഭിച്ചത്. കെ.എം മാണിയ പങ്കെടുപ്പിച്ച് നടത്താന്‍ നിശ്ചയിച്ചിരുന്ന സമ്മേളനമായിരുന്നു ഇത്.
അതേസമയം പാര്‍ട്ടി തീരുമാനം താന്‍ അംഗീകരിക്കുന്നുവെന്നായിരുന്നു ഇ.ജെ ആഗസ്തിയുടെ പ്രതികരണം. '25 വര്‍ഷത്തിലധികമായി ചുമതലയില്‍ തുടരുന്നു. പിന്‍മാറാനുള്ള സന്നദ്ധത മാണി സാറിനെ മുന്‍കൂട്ടി അറിയിച്ചിരുന്നതാണ്. പാര്‍ട്ടി ഏത് മുന്നണിയില്‍ ചേര്‍ന്നാലും കൂടെ നില്‍ക്കും. വൈക്കം സമ്മേളനം തീരുമാനിച്ച പ്രകാരം നടത്താനുള്ള ഇടപെടല്‍ നടത്തിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
