ജില്ലാ ജഡ്ജി അധ്യക്ഷനായ വഖഫ് ട്രിബ്യൂണലിലെ രണ്ട് അംഗങ്ങളുടെ നിയമനമാണ് ഇ.കെ വിഭാഗത്തെ ചൊടിപ്പിചിരിക്കുന്നത്.

കോഴിക്കോട്: മന്ത്രി കെ.ടി ജലീലിനെതിരെ പരാതിയുമായി ഇ.കെ വിഭാഗം സുന്നികള്‍ മുഖ്യമന്ത്രിയെ കണ്ടു. വഖഫ് ട്രിബ്യൂണല്‍ നിയമനത്തില്‍ എ.പി വിഭാഗത്തിന് മാത്രം പ്രാതിനിധ്യം നല്‍കിയതില്‍ പ്രതിഷേധിച്ചാണ് കോഴിക്കോടെത്തിയ മുഖ്യമന്ത്രിക്ക് ഇ.കെ വിഭാഗം പരാതി നല്‍കിയത്. 

ജില്ലാ ജഡ്ജി അധ്യക്ഷനായ വഖഫ് ട്രിബ്യൂണലിലെ രണ്ട് അംഗങ്ങളുടെ നിയമനമാണ് ഇ.കെ വിഭാഗത്തെ ചൊടിപ്പിചിരിക്കുന്നത്. കാന്തപുരം വിഭാഗത്തിന്റെ രാഷ്ട്രീയ സംഘടനാ സംസ്ഥാന നേതാവിനെയും, മറ്റൊരു എ.പി വിഭാഗം പ്രവര്‍ത്തകനെയുമാണ് അംഗങ്ങളായി ട്രിബ്യൂണലില്‍ നിയമിച്ചിരിക്കുന്നതെന്ന് ഇ.കെ വിഭാഗം ആരോപിക്കുന്നു. എ.പി സുന്നികളോട് ആഭിമുഖ്യമുള്ള വഖഫ് മന്ത്രി കെ.ടി ജലീലാണ് ഇതിന് പിന്നിലെന്നും ഇ.കെ വിഭാഗം ആരോപിച്ചു.

മത സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് ഇ.കെ-എ.പി വിഭാഗം സുന്നികള്‍ തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്ന എഴുപതിലധികം കേസുകള്‍ വഖഫ് ട്രുബ്യൂണലിന്റെ പരിഗണനയിലാണ്. അടിയന്തര പ്രാധാന്യത്തോടെ ട്രിബ്യൂണല്‍ ഈ കേസുകള്‍ ഇപ്പോള്‍ പരിഗണിച്ചുവരികയാണ്. എ.പി വിഭാഗം പ്രതിനിധികള്‍ അംഗങ്ങളായ ട്രിബ്യൂണലില്‍ നിന്ന് അതുകൊണ്ടു തന്നെ നീതി ലഭിക്കില്ലെന്നാണ് ഇ.കെ വിഭാഗം കരുതുന്നത്.