മകന്‍ കാമുകിയുമായി ഒളിച്ചോടിയതിന് അമ്മയ്ക് ക്രൂര പീഢനം. നാലുസ്‌ത്രീകളടക്കമുള്ള പെണ്‍കുട്ടിയുടെ ബന്ധുക്കളാണ് അക്രമണത്തിന് നേതൃത്വം നല്‍കിയത്. ചൊവ്വാഴ്ച ഉത്തര്‍പ്രദേശിലെ ലക്ഷ്മിപ്പൂര്‍ഖേരി ജില്ലയിലാണ് മൃഗീയമായ സംഭവം അരങ്ങേറിയത്. വീടിനുള്ളില്‍ കടന്ന് മുഖത്ത് കരിയൊഴിക്കുകയും സ്വകാര്യഭാഗങ്ങളില്‍ മുളകുപൊടി എറിയുകയും ചെയ്തെന്ന് പോലീസ് വ്യക്തമാക്കി. സ്‌ത്രീയുടെ ഭര്‍ത്താവ് നിലവിളിച്ചുകൊണ്ട് പുറത്തേയ്‌ക്ക് ഓടിയതോടെയാണ് ഗ്രാമവാസികള്‍ വിവരമറിഞ്ഞത്. തുടര്‍ന്ന് നാട്ടുകാരെത്തി ഇവരെ രക്ഷിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തിയപ്പോഴേക്കും മര്‍ദ്ദിച്ചവര്‍ സ്ഥലം വിട്ടിരുന്നു. ഇരുകുടുംബങ്ങളും ഒരേ ഗ്രാമത്തിലാണ് താമസിക്കുന്നത്. പെണ്‍കുട്ടിയെ തട്ടിയെടുത്തെന്ന് പറഞ്ഞ് ബന്ധുക്കള്‍ ഇടയ്‌ക്കിടെ ഉപദ്രവിക്കാറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. നാല് സ്‌ത്രീകളുള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി ഖേരി പൊലീസ് സൂപ്രണ്ട് അഖിലേഷ് ചൗരസ്യ പറഞ്ഞു.