കുവൈത്തില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ ഔദ്യോഗിക ഫലം വരുന്നത് വരെ അഭിപ്രായ വോട്ടെടുപ്പ് ഫലം, തെരഞ്ഞെടുപ്പ് ഫലത്തെപ്പറ്റിയുളള വാര്‍ത്തകള്‍ എന്നിവയ്‌ക്ക് നിരോധനം ഏര്‍പ്പെടുത്തി. വാര്‍ത്താവിതരണ വകുപ്പ് മന്ത്രിയാണ് ഇത് സംബന്ധിച്ച ഉത്തരവ് ഉറക്കിയിരിക്കുന്നത്. ഇവ നിരീക്ഷിക്കാനായി പ്രത്യേക സംഘത്തെയും നിയമിച്ചിട്ടുണ്ട്.


നവംബര്‍ 26 നു നടക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നടപടികളുടെ ഭാഗമായി എക്‌സിറ്റ് പോളുകള്‍, മറ്റു സ്ഥാനാര്‍ഥികളെ അവഹേളിക്കല്‍, വോട്ടര്‍മാരെ സ്വാധീനിക്കാന്‍ പണമോ മറ്റു സാമ്പത്തിക സഹായങ്ങളോ നല്‍കുന്നത് തുടങ്ങിയവയ്‌ക്ക് സമ്പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തിയിത്. വാര്‍ത്താവിതരണ വകുപ്പ് മന്ത്രി ഷേഖ് സല്‍മാന്‍ സാബാ അല്‍ സാലെം അല്‍ ഹുമുദ് അല്‍ സാബായാണ് ഇതുസംബന്ധിച്ചുള്ള മന്ത്രിസഭാ തീരുമാനം അറിയിച്ചത്. ഔദ്യോഗിക ഗസറ്റില്‍ തെരഞ്ഞെടുപ്പ് ഫലം പ്രസിദ്ധപ്പെടുത്തുന്നതുവരെ തെരഞ്ഞെടുപ്പ് നിര്‍ദേശങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ക്കും സാധുതയുണ്ടായിരിക്കുമെന്ന് മന്ത്രിസഭാ തീരുമാനത്തിന്റെ ഒന്നാം വകുപ്പ് അനുശാസിക്കുന്നു. തെരഞ്ഞെടുപ്പ് സംവിധാനത്തെയും സ്വാതന്ത്ര്യത്തെയും ബാധിക്കുന്നതരത്തിലുള്ള എക്‌സിറ്റ് പോളുകള്‍ പ്രസിദ്ധീകരിക്കുന്നതും പ്രക്ഷേപണമോ പുനഃപ്രക്ഷേപണമോ നിരോധിച്ചതായി രണ്ടാം വകുപ്പ് വ്യക്തമാക്കുന്നു. സ്ഥാനാര്‍ഥികളെ തമ്മില്‍ താരതമ്യം ചെയ്യുന്ന തരത്തിലുള്ള ദൃശ്യ, ഇലക്ട്രോണിക് മാധ്യമ വാര്‍ത്തകള്‍ക്ക് നിരോധനമുണ്ട്. സ്ഥാനാര്‍ഥികളെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള വാക്കുകളോ ചിത്രങ്ങളോചിഹ്നങ്ങളോ രേഖാചിത്രങ്ങളോ വാര്‍ത്തകളിലോ പരസ്യങ്ങളിലോ ഉപയോഗിക്കാന്‍ പാടില്ലെന്ന് മാധ്യമങ്ങള്‍ക്കുള്ള നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു. അഭിപ്രായ വോട്ടെടുപ്പ് ഫലങ്ങളോ തെരഞ്ഞെടുപ്പ് ഫലത്തെപ്പറ്റിയോ ഉള്ള വാര്‍ത്തകളും ഫലപ്രഖ്യാപനം നടത്തുന്നതിനുമുമ്പ് മാധ്യമങ്ങള്‍ പ്രസിദ്ധപ്പെടുത്താന്‍ പാടില്ല. നിയമലംഘനം സംബന്ധിച്ച പരാതികളും റിപ്പോര്‍ട്ടുകളും സ്വീകരിക്കുന്നതിന് ഒരു പ്രത്യേക സംഘത്തെയും നിയമിച്ചിട്ടുണ്ട്.