തമിഴ്നാട്ടിലെ ആ‌ര്‍ കെ നഗര്‍ ഉപതെരഞ്ഞെടുപ്പില്‍ സൂക്ഷ്മപരിശോധനയ്‌ക്ക് ശേഷം അന്തിമസ്ഥാനാര്‍ഥിപ്പട്ടികയില്‍ 82 പേര്‍. അണ്ണാ ഡിഎംകെ അമ്മ സ്ഥാനാര്‍ഥി ടിടിവി ദിനകരന്‍ കര്‍ഷകനാണെന്നാണ് നാമനിര്‍ദ്ദേശപത്രികയില്‍ പറയുന്നത്. ഇതിനിടെ ഡിഎംകെയുടെ പരാതി പരിഗണിച്ച് ചെന്നൈ സിറ്റി പൊലീസ് കമ്മീഷണര്‍ എസ് ജോര്‍ജിനെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ സ്ഥലം മാറ്റി.

ആര്‍ കെ നഗറില്‍ തെരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞപ്പോള്‍ ചെറുതും വലുതുമായ പാര്‍ട്ടി സ്ഥാനാര്‍ഥികളും സ്വതന്ത്രരുമായി 82 പേരാണ് സ്ഥാനാര്‍ഥിപ്പട്ടികയിലുള്ളത്. ശശികലയുടെ സഹോദരീപുത്രനും അണ്ണാ ഡിഎംകെ അമ്മ സ്ഥാനാര്‍ഥിയുമായ ടി ടി വി ദിനകരന്‍ തൊഴില്‍ കൃഷിയെന്നാണ് രേഖപ്പെടുത്തിയിരിയ്‌ക്കുന്നത്. സ്വന്തം പേരില്‍ 67 ലക്ഷത്തിന്‍റെ സ്വത്തേയുള്ളൂവെങ്കിലും ഭാര്യയുടെയും മകന്‍റെയും പേരില്‍ 11 കോടിയുടെ സ്വത്തുണ്ട്. വിദേശത്തുനിന്ന് കള്ളപ്പണം കടത്തിയ കേസില്‍ മദ്രാസ് ഹൈക്കോടതി 28 കോടി രൂപ പിഴയിട്ടത് ബാധ്യതകളില്‍ കാണിച്ചിട്ടുള്ള ദിനകരന്‍ അനധികൃതസ്വത്ത് സമ്പാദനക്കേസുള്‍പ്പടെ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ വെളിപ്പെടുത്തിയിട്ടുമുണ്ട്. സ്വതന്ത്രയായി മത്സരിയ്‌ക്കുന്ന ജയലളിതയുടെ സഹോദരപുത്രി ദീപാ ജയകുമാറിന് മൂന്നു കോടി രൂപയുടെ സ്വത്താണുള്ളത്. ഈയിടെ ദീപയുടെ സംഘടനയില്‍ നിന്ന് തെറ്റിപ്പിരിഞ്ഞ ഭര്‍ത്താവ് മാധവന്‍റെ വിവരങ്ങള്‍ ദീപ സത്യവാങ്മൂലത്തില്‍ കാണിച്ചിട്ടില്ല. അണ്ണാ ഡിഎംകെ പുരട്ചി തലൈവി അമ്മ സ്ഥാനാര്‍ഥിയും മുതിര്‍ന്ന നേതാവുമായ ഇ മധുസൂദനന് ഒന്നരക്കോടി രൂപയുടെ സ്വത്തുണ്ട്. ഡിഎംകെ സ്ഥാനാര്‍ഥിയും പ്രാദേശികനേതാവുമായ മരുതുഗണേഷിനാകട്ടെ 12 ലക്ഷം രൂപയുടെ സ്വത്തേയുള്ളൂ. ഇതിനിടെ, ഡിഎംകെയുടെ പരാതി പരിഗണിച്ച് ചെന്നൈ സിറ്റി പൊലീസ് കമ്മിഷണറും മലയാളിയുമായ എസ് ജോര്‍ജിനെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ സ്ഥലം മാറ്റി. ഭരണകക്ഷിയോട് കൂറ് പുലര്‍ത്തുന്ന ഉദ്യോഗസ്ഥനാണ് ജോര്‍ജെന്നും പല പരാതികളും ഇദ്ദേഹത്തിനെതിരെ ഉയര്‍ന്നിട്ടുണ്ടെന്നുമാണ് ഡിഎംകെയുടെ ആരോപണം. കരണ്‍ സിന്‍ഹ പുതിയ കമ്മിഷണറായി ഉടന്‍ ചുമതലയേല്‍ക്കും.