വിഷുദിനത്തിലും സ്ഥാനാര്‍ത്ഥികള്‍ പ്രചാരണതിരക്കില്‍. അമ്പലങ്ങളില്‍ പോയും കൊന്നത്തൈ നട്ടും അനാഥബാല്യങ്ങള്‍ക്കൊപ്പം ഊണുകഴിച്ചും കൊട്ടാരം സന്ദര്‍ശിച്ചും തിരുവനന്തപുരത്തെ സ്ഥാനാര്‍ത്ഥികള്‍ വിഷു ദിനം വ്യത്യസ്ഥമാക്കി.

നന്ദന്‍ കോട് കൊന്നത്തൈനട്ട് വിഷുദിനത്തിലെ പ്രചാരണപരിപാടികള്‍ക്ക് വട്ടിയൂര്‍ക്കാവിലെ ഇടതു സ്ഥാനാര്‍ത്ഥി ടിഎന്‍ സീമ തുടക്കം കുറിച്ചു. വട്ടിയൂര്‍ക്കാവിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്‍ രാവിലെ തന്നെ പഴവങ്ങാടി ഗണപതിക്ക് തേങ്ങയുടച്ച് പ്രചാരണതിരക്കുകളിലേക്ക് കടന്നു.

അമൃതാനന്ദമയീ മഠത്തിന്റെ വിഷുത്തൈനീട്ടം എന്ന പരിപാടിയില്‍ പങ്കെടുത്ത് ബിജെപി സംസ്ഥാന അദ്ധ്യക്ഷനും വട്ടിയൂര്‍ക്കാവിലെ ബി‍ജെപി സ്ഥാനാര്‍ത്ഥിയുമായ കുമ്മനം രാജശേഖരന്‍ വിഷുദിന പ്രചാരണം അര്‍ത്ഥവത്താക്കി.

ക്ഷേത്രദര്‍ശനങ്ങള്‍ക്കുശേഷം കവടിയാര്‍കൊട്ടാരത്തിലും കുമ്മനമെത്തി.

വിഷുദിനത്തില്‍ തിരുവനന്തപുരത്തേക്ക് താമസം മാറിയ ശ്രീശാന്ത് ശ്രീചിത്രാ ഹോമിലെത്തി കുട്ടികള്‍ക്കൊപ്പം വിഷുസദ്യ കഴിച്ചു.

നഗരസഭയുടെ പുതിയ യാചകപുനരധിവാസ കേന്ദ്രത്തിലെത്തി അന്തേവാസികള്‍ക്ക് വിഷു ആശംസ നേര്‍ന്ന് നേമത്തെ ഇടതുസ്ഥാനാര്‍ത്ഥി വി ശിവന്‍കുട്ടിയും നന്മയുടെ വിഷുദിനം ആഘോഷമാക്കി.