ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രത്തിനെതിരെ പ്രതിപക്ഷം ഉന്നയിച്ച ആക്ഷേപങ്ങള്‍ എല്ലാം തള്ളിക്കളഞ്ഞു കൊണ്ടാണ് 62 പേജുള്ള സ്ഥിതിവിവര റിപ്പോര്‍ട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തു വിട്ടത്. മധ്യപ്രദേശിലെ ഭീണ്ടില്‍ ഏതു ബട്ടണില്‍ അമര്‍ത്തിയാലും വിവിപാറ്റില്‍ താമര എന്ന് രേഖപ്പെടുത്തി എന്ന മാധ്യമറിപ്പോര്‍ട്ട് ശരിയല്ലെന്ന് അന്വേഷണത്തില്‍ തെളിഞ്ഞതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. രാജസ്ഥാനിലെ ധോല്‍പൂരില്‍ ആകെ 238ല്‍ രണ്ട് ഇവിഎമ്മുകളില്‍ മാത്രം തകരാറുണ്ടായിരുന്നു ഇത്തരം ചെറിയ പിഴവുകള്‍ പരിഹരിച്ചാണ് എന്നും മുന്നോട്ടു പോകുന്നതെന്നും കമ്മീഷന്‍ വിശദീകരിക്കുന്നു.
ഇവിഎം ഇതുവരെ ഉപയോഗിച്ച് തെരഞ്ഞെടുപ്പുകള്‍ ചൂണ്ടിക്കാട്ടി ഏറെ പരീക്ഷണങ്ങള്‍ അതീജീവിച്ചാണ് ഇവിഎം ഉപയോഗിച്ചുള്ള വോട്ടെടുപ്പിലേക്ക് രാജ്യം നീങ്ങിയതെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഇന്ത്യയിലെ തെരഞ്ഞെടുപ്പില്‍ രാജ്യത്തെയും പുറത്തെയും ജനതയ്ക്ക് വിശ്വാസമുണ്ടാകാന്‍ ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ക്ക് കഴിഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കൈയ്യിലുള്ള ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളില്‍ തിരിമറി നടത്താമെന്ന് ഒരാള്‍ക്ക് പോലും ഇതുവരെ തെളിയ്ക്കാനായില്ല.
ലോകത്തെവിടെയും ഉപയോഗിക്കുന്ന ഇലക്‌ട്രോണിക് വോട്ടിംഗ്‌യന്ത്രങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഏറ്റവും വിശ്വാസയോഗ്യമായി ഇന്ത്യയിലെ യന്ത്രങ്ങളെ കമ്മീഷന്‍ വിശേഷിപ്പിക്കുന്നു. ആര്‍ക്ക് വോട്ട് ചെയ്തു എന്ന് വോട്ടര്‍ക്ക് രേഖപ്പെടുത്തി നല്കുന്ന വിവിപാറ്റ് സംവിധാനം എല്ലാ യന്ത്രങ്ങളുമായും ബന്ധിപ്പിക്കും എന്നും കമ്മീഷന്‍ വ്യക്തമാക്കുന്നു. വെള്ളിയാഴ്ച ചേരുന്ന സര്‍വ്വകക്ഷി യോഗത്തിന്നു മുന്നോടിയായാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഈ സന്ദേശം രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നല്കുന്നുത്.
